Connect with us

Kerala

ജസ്‌ന മലപ്പുറം കോട്ടക്കുന്നിലെത്തിയതായി സംശയം; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നു

Published

|

Last Updated

കോട്ടയം: മുക്കൂട്ടുതറയില്‍ നിന്നും ദുരൂഹ സാഹചര്യത്തില്‍ കാണാതായ ബിരുദ വിദ്യാര്‍ഥിനി ജെസ്‌ന മരിയ ജെയിംസിന്റെ തിരോധാനം സംബന്ധിച്ച് അന്വേഷണം മലപ്പുറത്തേക്കും. ജസ്‌ന മലപ്പുറം കോട്ടക്കുന്നിലെത്തിയെന്ന സംശയത്തെ തുടര്‍ന്നാണിത്. മേയ് മൂന്നിന് രാവിലെ 11 മുതല്‍ രാത്രി എട്ട് മണിവരെ ജസ്‌നയെന്ന് തോന്നിക്കുന്ന പെണ്‍കുട്ടിയെ കണ്ടെന്ന് ഇവിടുത്തെ ജീവനക്കാരന്‍ പറയുന്നു. മറ്റൊരു പെണ്‍കുട്ടിയും കൂടെയുണ്ടായിരുന്നു. യാത്രാ ബാഗുകളും ഇവരുടെ കൈയിലുണ്ടായിരുന്നു. കുര്‍ത്തയും ഷാളും ജീന്‍സുമായിരുന്നു ഇവരുടെ വേഷം.

മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ കണ്ടതോടെയാണ് ഇത് ജസ്‌നയാണോയെന്ന് ജീവനക്കാര്‍ക്ക് സംശയമായത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. പെണ്‍കുട്ടികള്‍ ഇവിടെ വച്ച് മറ്റാരോടോ സംസാരിക്കുന്നത് കണ്ടതായും ജീവനക്കാര്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണ് വിവരം.

ഇതുവരെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്താനാണ് മലപ്പുറത്തെത്തിയതെന്നാണ് വെച്ചൂച്ചിറ പൊലീസ് നല്‍കുന്ന വിവരം. ജസ്‌ന വന്നുവെന്ന് കരുതുന്ന ദിവസത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയാണ് ആദ്യ ഘട്ടം. കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ വന്നിറങ്ങിയ ജസ്‌നയും സുഹൃത്തും ഓട്ടോയിലാണ് ഇവിടേക്കെത്തിയതെന്നാണ് കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം നഗരത്തിലെ വിവിധയിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളും ശേഖരിക്കും.

കഴിഞ്ഞദിവസം ജസ്‌നയുടെ പിതാവ് ജെയിംസ് ജോസഫ് നിര്‍മിക്കുന്ന കെട്ടിടത്തില്‍ അന്വേഷണ സംഘം പരിശോധന നടത്തിയിരുന്നു. ആക്ഷന്‍ കൗണ്‍സില്‍ ഉന്നയിച്ച സംശയത്തെതുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. എന്നാല്‍ പരിശോധനയില്‍ പോലീസിന് സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല.