Connect with us

Kerala

വിമര്‍ശശരങ്ങളുമായി വീണ്ടും കോണ്‍. നേതാക്കള്‍

Published

|

Last Updated

തൃശൂര്‍: രാജ്യസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസിലുയര്‍ന്ന വിവാദം വീണ്ടും ആളിക്കത്തിക്കുന്ന രൂപത്തില്‍ പരസ്പരം വിമര്‍ശ ശരങ്ങളുമായി നേതാക്കള്‍. കോണ്‍ഗ്രസ് നേതാക്കളായ എം എം ഹസനും വി എം സുധീരനും ഉമ്മന്‍ ചാണ്ടിയുമാണ് ഒരേ വേദിയില്‍ സ്വന്തം നിലപാടുകള്‍ ആവര്‍ത്തിച്ച് കൊമ്പുകോര്‍ത്തത്. തൃശൂര്‍ കോവിലകത്തുപാടം ജവഹര്‍ലാല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന കെ പി വിശ്വനാഥന് തൃശൂരിന്റെ ആദരം എന്ന പരിപാടിയായിരുന്നു വേദി. നേതാക്കള്‍ പരസ്പര മറുപടികള്‍ കൊണ്ട് കൊമ്പുകോര്‍ക്കുകയായിരുന്നു. സീറ്റിന് വേണ്ടി യുവാക്കളും തലമുതിര്‍ന്നവരും തമ്മിലുള്ള ഏറ്റുമുട്ടലും വേദിയില്‍ പ്രസംഗിച്ച പലരും പരാമര്‍ശ വിഷയമാക്കി.
അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നായിരുന്നു കെ പി സി സി പ്രസി. എം എം ഹസന്റെ വിമര്‍ശം. കെ എസ് യുവിലും യൂത്ത് കോണ്‍ഗ്രസിലുമുള്ള ശക്തി കണ്ടാണ് പഴയ വൃദ്ധ നേതൃത്വം യുവതലമുറക്ക് അംഗീകാരം നല്‍കിയത്. പാര്‍ലിമെന്ററി പ്രവര്‍ത്തനത്തില്‍ വന്നാല്‍ മാത്രമേ രാഷ്ട്രീയ പ്രവര്‍ത്തനമാകൂവെന്നൊരു ധാരണ ഇല്ലാത്തവരായിരുന്നു പണ്ടെന്നും യുവതലമുറക്ക് ഇവര്‍ അനുകരണീയരാണെന്നും ഹസന്‍ പറഞ്ഞു.

ഇതിനോട് കടുത്ത രീതിയിലുള്ള പ്രതികരണവുമായാണ് വി എം സുധീരന്‍ രംഗത്തെത്തിയത്. നേതൃത്വത്തോട് കലഹിക്കുന്ന സംഭവങ്ങള്‍ കോണ്‍ഗ്രസില്‍ പണ്ടുമുണ്ടായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചില നിലപാടുകളുടെ പേരില്‍ താന്‍ മന്ത്രിസ്ഥാനം വേണ്ടെന്ന് വെച്ചതാണ് കെ പി വിശ്വനാഥന് മന്ത്രിസ്ഥാനം ലഭിക്കാന്‍ കാരണമായത്. ഹൈക്കോടതിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ അറച്ചുനില്‍ക്കാതെ, പരിഭവമോ പ്രതിഷേധമോ ഇല്ലാതെ രാജിവെച്ച് മന്ത്രിസഭയില്‍ നിന്ന് പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ നിലപാട് ചരിത്രമാണ്. തീരുമാനത്തില്‍ ഉറച്ചുനില്‍ക്കാന്‍ കഴിയുന്നതാണ് നിലപാടുകളുടെ പ്രത്യേകത. സ്തുതിഗീതങ്ങള്‍ക്കൊപ്പം കല്ലേറും പ്രതീക്ഷിക്കേണ്ട മേഖലയാണ് പൊതു പ്രവര്‍ത്തനം. അവിടെ തലയുയര്‍ത്തി നില്‍ക്കാന്‍ കഴിയുകയെന്നത് ചെറിയ കാര്യമല്ല. തിരുത്തല്‍ ശക്തിയായി പണ്ടും ചിലര്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും വയലാര്‍ രവിയൊക്കെ അതിന്റെ ഭാഗമാണെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
കെ പി വിശ്വനാഥന്റെ രാജി സ്വീകരിച്ചത് മനസ്സാക്ഷിക്കുത്തായി മാറിയെന്നും മറ്റുള്ളവരുടെ രാജി സ്വീകരിക്കും മുമ്പ് പത്ത്‌വട്ടം ആലോചിക്കാന്‍ അത് ഒരു അനുഭവ പാഠമായെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അധികാരത്തിനു വേണ്ടി ഓടുന്നതായിരുന്നില്ല, മറിച്ച് അര്‍ഹതയുണ്ടെങ്കില്‍ എല്ലാം തേടി വരും എന്ന് ചിന്തിക്കുന്ന തലമുറയായിരുന്നു കെ പി വിശ്വനാഥന്‍ അടക്കമുള്ളവരുടെതെന്ന് ചടങ്ങില്‍ ഉദ്ഘാടകനായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം വയലാര്‍ രവി പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസിനും കെ എസ് യുവിനും സ്ഥാനമാനങ്ങള്‍ക്കായി ഓടിനടന്ന പാരമ്പര്യമില്ല. കുന്ദംകുളം നിയമസഭാ സീറ്റില്‍ മത്സരിക്കണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടപ്പോള്‍ കെ പി വിശ്വനാഥന്‍ പോലും അന്ന് അത്ഭുതപ്പെട്ടത് അത്തരമൊരു ചിന്ത ഇല്ലാതിരുന്നതിനാലാണ്. കേരളത്തിന് ഒട്ടേറെ സംഭാവനകള്‍ നല്‍കിയ വിദ്യാര്‍ഥി പ്രസ്ഥാനമാണ് കെ എസ് യു. അതിലൂടെ കടന്നുവന്ന് ശക്തിദുര്‍ഗങ്ങളായ സുഹൃത്തുക്കളാണ് ഇന്നും തനിക്ക് സന്തോഷം പകരുന്നത്. കെ പിയുടെ രാഷ്ട്രീയജീവിതത്തില്‍ തന്റെതായ പങ്കുവഹിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യമുണ്ടെന്നും വയലാര്‍ പറഞ്ഞു. തൃശൂരിലെ കോണ്‍ഗ്രസിലെ ഏത് തര്‍ക്കങ്ങളും തങ്ങള്‍ക്കിടയിലെ ഒറ്റ ഫോണ്‍കോളില്‍ തീര്‍ന്നിരുന്നുവെന്ന് കെ പി വിശ്വനാഥനെ സ്മരിക്കവെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ സി എന്‍ ബാലകൃഷ്ണന്‍ പറഞ്ഞു.
ഇതിനിടയില്‍ വി ടി ബല്‍റാം എം എല്‍ എ വേദിയിലേക്ക് കയറിവന്നത് സദസ്സില്‍ ചിരിപടര്‍ത്തി. മറ്റു ചില പരിപാടികളുടെ തിരക്കുള്ളതിനാല്‍ ഹസന്റെ പ്രസംഗം കഴിഞ്ഞ ഉടന്‍ നേതാക്കളോടെല്ലാം യാത്ര പറഞ്ഞ് അദ്ദേഹം വേദി വിടുകയും ചെയ്തു.
മന്ത്രി വി എസ് സുനില്‍കുമാര്‍, മാര്‍ അപ്രേം മെത്രാപ്പൊലീത്ത, ജസ്റ്റിസ് സി എസ് രാജന്‍, ഡി സി സി പ്രസി. ടി എന്‍ പ്രതാപന്‍, സി എന്‍ ബാലകൃഷ്ണന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, ഒ അബ്ദുര്‍റഹ്മാന്‍ കുട്ടി, എം പി ജാക്‌സണ്‍, സി പി ജോണ്‍, പി എ മാധവന്‍, തോമസ് ഉണ്ണിയാടന്‍, ജോസ് വള്ളൂര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.