സൗജന്യ കൈത്തറി യൂനിഫോം എയ്ഡഡ് മേഖലയിലേക്കും

Posted on: June 18, 2018 9:29 am | Last updated: June 18, 2018 at 10:53 am

കൊച്ചി:സര്‍ക്കാറിന്റെ സൗജന്യ കൈത്തറി യൂനിഫോമുകള്‍ എയ്ഡഡ് സ്‌കൂളുകളിലെ കുട്ടികള്‍ക്കും ലഭ്യമാക്കാന്‍ വഴിയൊരുങ്ങുന്നു. നിലവില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ മാത്രമുള്ള സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതിയാണ് എയ്ഡഡ് മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കുന്നത്. വ്യവസായ, വിദ്യാഭ്യാസ മന്ത്രിമാരുടെ സാന്നിധ്യത്തില്‍ ഇത് സംബന്ധിച്ച് 21ന് തിരുവനന്തപുരത്ത് ചര്‍ച്ച നടത്തും. ഇതോടെ പദ്ധതി സംബന്ധിച്ച് അന്തിമ തീരുമാനമാകുമെന്നാണ് കരുതുന്നതെന്ന് കേരളാ കൈത്തറി വികസന കോര്‍പറേഷന്‍ ലിമിറ്റഡ് എം ഡി. കെ സുധീര്‍ സിറാജിനോട് പറഞ്ഞു. അടുത്ത അധ്യയന വര്‍ഷം മുതലാകും പദ്ധതി നടപ്പാക്കുക.

യു പി, എല്‍ പി സ്‌കൂളുകളിലെ കുട്ടികള്‍ക്ക് മാത്രമാണ് ഇപ്പോള്‍ സൗജന്യ കൈത്തറി യൂനിഫോമുകള്‍ ലഭിക്കുന്നത്. എയ്ഡഡ് മേഖലയെ കൂടി ഉള്‍പ്പെടുത്തുന്നതോടെ സംസ്ഥാനത്തെ 5787 സ്‌കൂളുകള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് പ്രാഥമിക നിഗമനം. ആദ്യഘട്ടത്തില്‍ യു പി സ്‌കൂളുകളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ 1873 സ്‌കൂളുകള്‍ക്കാകും പ്രയോജനം ലഭിക്കുക. മൊത്തം 7220 എയ്ഡഡ് സ്‌കൂളുകളാണുള്ളത്.
സംസ്ഥാനത്ത് കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നത് എയ്ഡഡ് മേഖലയിലാണെന്നത് കണക്കിലെടുത്താണ് പദ്ധതി വിപുലീകരിക്കുന്നത്. കൈത്തറി മേഖലക്കും സാധാരണക്കാരായ കുട്ടികള്‍ക്കും പ്രയോജനം ലഭിക്കും. കൂടുതല്‍ തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെടും. കൈത്തറി മേഖലയെ പുനരുജ്ജീവിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ സൗജന്യ കൈത്തറി സ്‌കൂള്‍ യൂനിഫോം പദ്ധതി ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം ഒന്ന് മുതല്‍ അഞ്ച് വരെ ക്ലാസുകളിലെ കുട്ടികള്‍ക്കായിരുന്നു യൂനിഫോം നല്‍കിയത്. ഇക്കുറി ഏഴാം ക്ലാസ് വരെ ഉള്‍പ്പെടുത്തി. ഈ അധ്യയന വര്‍ഷം 23 ലക്ഷം മീറ്റര്‍ കൈത്തറി തുണിയാണ് സംസ്ഥാന കൈത്തറി വികസന കോര്‍പറേഷന്‍ നെയ്ത് നല്‍കിയത്. 20.5 ലക്ഷം മീറ്റര്‍ വിതരണം ചെയ്തു. കഴിഞ്ഞ വര്‍ഷം 9.26 ലക്ഷം മീറ്റര്‍ തുണിയാണ് വേണ്ടിവന്നത്. ഈ അധ്യയന വര്‍ഷം 3701 സ്‌കൂളുകളിലെ 4.6 ലക്ഷം വിദ്യാര്‍ഥികള്‍ക്കാണ് രണ്ട് ജോഡി വീതം യൂനിഫോമുകള്‍ വിതരണം ചെയ്യുന്നത്. യൂനിഫോമുകളുടെ വിതരണം അന്തിമ ഘട്ടത്തിലാണ്. കഴിഞ്ഞ അധ്യയന വര്‍ഷം 2718 സ്‌കൂളുകളിലെ 2,20,148 വിദ്യാര്‍ഥികള്‍ക്കാണ് യൂനിഫോം വിതരണം ചെയ്തത്.
ഈ പദ്ധതിയിലൂടെ കൈത്തറി മേഖലക്ക് 63 കോടിയാണ് സര്‍ക്കാറില്‍ നിന്നും കിട്ടിയത്. കൂലിയിനത്തില്‍ മാത്രം 35 കോടി തൊഴിലാളികള്‍ക്ക് ലഭിച്ചു. 3600 നെയ്ത്ത് തൊഴിലാളികളും ഇരട്ടി അനുബന്ധ തൊഴിലാളികളും പദ്ധതിയുടെ ഭാഗമായിട്ടുണ്ടെന്നാണ് കണക്കുകൂട്ടല്‍. 2018-19 സാമ്പത്തിക വര്‍ഷം സൗജന്യ സ്‌കൂള്‍ യൂനിഫോം പദ്ധതിക്കായി 62.9 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സൗകര്യങ്ങള്‍ വര്‍ധിപ്പിക്കേണ്ടതുണ്ടെങ്കിലും എയ്ഡഡ് മേഖലയില്‍ കൂടി സൗജന്യ സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യാന്‍ സജ്ജരാണന്ന് സുധീര്‍ പറഞ്ഞു. സംസ്ഥാനത്ത് 54,000 തറികളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതില്‍ 29000 തറികള്‍ മാത്രമാണ് പ്രവര്‍ത്തിക്കുന്നത്. തറികള്‍ അറ്റകുറ്റപണി ചെയ്ത് സജ്ജമാക്കുന്നതിനൊപ്പം തൊഴിലാളികളും നെയ്ത്തുകാരും ഉള്‍പ്പെടെ ഒരു ലക്ഷത്തോളം തൊഴിലാളികളും ആവശ്യമാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതുള്‍പ്പെടെ പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്. അന്തിമ ലിസ്റ്റ് കിട്ടുന്നതോടെ കൂടുതല്‍ തൊഴിലാളികളെ കണ്ടെത്തി പദ്ധതി വിജയകരമായി മുന്നോട്ട് കൊണ്ടുപോകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.