വി മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം, കൃഷ്ണദാസ് പക്ഷത്തിന് പ്രസിഡന്റ്; വിഭാഗീയതക്ക് സമവായവുമായി ബി ജെ പി കേന്ദ്ര നേതൃത്വം

Posted on: June 17, 2018 9:36 am | Last updated: June 17, 2018 at 12:57 pm
SHARE

തിരുവനന്തപുരം: വി മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കി പകരം പി കെ കൃഷ്ണദാസ് പക്ഷത്ത് നിന്നും ഒരാളെ ബി ജെ പി സംസ്ഥാന പ്രസിഡന്റാക്കി സമവായത്തിന് ബി ജെ പിയില്‍ നീക്കം. അടുത്ത മാസം കേന്ദ്രമന്ത്രിസഭയില്‍ അവസാന പുനഃസംഘടനയുണ്ടാകും. അപ്പോള്‍ വി മുരളീധരനെ കേന്ദ്ര മന്ത്രിയാക്കുന്നതിനാണ് ബി ജെ പി ദേശീയ നേതൃത്വം ആലോചിക്കുന്നത്. സംസ്ഥാന ബി ജെ പി ഘടകത്തില്‍ നിലനില്‍ക്കുന്ന വിഭാഗീയതക്ക് ഇത്തരത്തില്‍ സമവായം കണ്ടെത്തുന്നതിനാണ് കേന്ദ്ര നേതൃത്വത്തിന്റെ ആലോചന.
പുതിയ പ്രസിഡന്റിനെ കണ്ടെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് കേന്ദ്ര നേതൃത്വം ഇടപെട്ട് യോഗം വിളിച്ചിരുന്നു. എന്നാല്‍ നാല് ജനറല്‍ സെക്രട്ടറിമാരില്‍ കെ സുരേന്ദ്രന്‍ മാത്രമാണ് യോഗത്തിനെത്തിയത്. ഇത് കേന്ദ്ര നേതൃത്വത്തില്‍ അസംതൃപ്തിക്ക് കാരണമാക്കിയിട്ടുണ്ട്.

കഴിഞ്ഞയാഴ്ച്ച കൊച്ചിയില്‍ സംസ്ഥാന നേതൃയോഗവും കോര്‍ കമ്മിറ്റി യോഗവും ചേര്‍ന്നിരുന്നു. ഇതിലും സമവായത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇരു വിഭാഗത്തിലും പെടാത്ത പി എസ് ശ്രീധരന്‍ പിളളയെ സംസ്ഥാന പ്രസിഡന്റാക്കി സമവായമുണ്ടാക്കുന്നതിനും ദേശീയ നേതൃത്വം ശ്രമിച്ചു. എന്നാല്‍ ഇരു വിഭാഗവും ഈ നീക്കത്തെ എതിര്‍ത്തു. എ എന്‍ രാധാകൃഷ്ണനെ പ്രസിഡന്റാക്കാനായി നീക്കമുണ്ടായെങ്കിലും അതും വിജയിച്ചില്ല. കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ കെ സുരേന്ദ്രനെ പ്രസിഡന്റാക്കണമെന്നായിരുന്നു ഭൂരിപക്ഷത്തിന്റെ അഭിപ്രായം.

എന്നാല്‍ മിക്ക ജില്ലാ ഭാരവാഹികളും കെ സുരേന്ദ്രനെ പ്രസിഡന്റാക്കുന്നതിനെ എതിര്‍ത്തു. കൂടുതല്‍ ചര്‍ച്ചകള്‍ സംസ്ഥാനത്ത് തന്നെ നടത്താന്‍ പറഞ്ഞ് കേന്ദ്ര നേതാക്കള്‍ ഒഴിഞ്ഞു. ഇതിനിടയിലാണ് ശോഭാ സുരേന്ദ്രന്‍ സ്വയം പ്രസിഡന്റ് സ്ഥാനാര്‍ഥിയായി രംഗത്ത് വരുന്നത്. ഇതിനിടയില്‍ എ എന്‍ രാധാകൃഷ്ണന്റെ പേരും സമവായ സ്ഥാനാര്‍ഥിയായി പറഞ്ഞു കേട്ടിരുന്നുവെങ്കിലും ഇക്കാര്യത്തിലും സമവായമുണ്ടായില്ല. വി മുരളീധരന്‍ പക്ഷത്ത് നിന്ന് കെ സുരേന്ദ്രന്റെയും പി കെ കൃഷ്ണദാസ് വിഭാഗത്തില്‍ നിന്ന് എം ടി രമേശിന്റെ പേരുമാണ് സജീവമായി പറഞ്ഞു കേട്ടിരുന്നത്. എന്നാല്‍ ഗ്രൂപ്പുകള്‍ തമ്മിലുളള സംഘര്‍ഷമാണ് സമവായത്തിലെത്താന്‍ കഴിയാതിരുന്നതിന് പിന്നില്‍.

രസ്പരം പോരടിക്കുന്ന ഇരു ഗ്രൂപ്പുകളെയും സമാധാനിപ്പിക്കുന്നതിന് വേണ്ടിയാണ് വി മുരളീധരന് കേന്ദ്രമന്ത്രി സ്ഥാനം നല്‍കി പ്രശ്‌നം പരിഹരിക്കുന്നതിന് കേന്ദ്ര നേതൃത്വം ആലോചിക്കുന്നത്. അങ്ങനെയെങ്കില്‍ കെ സുരേന്ദ്രനെ ഒഴിവാക്കി എം ടി രമേശിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് കൊണ്ടു വരുന്നതിന് പി കെ കൃഷ്ണദാസിന് കഴിയും.
അതിനിടെ, കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയതില്‍ സംസ്ഥാന ആര്‍ എസ് എസ് നേതൃത്വത്തിനുളള അമര്‍ഷം ശക്തമാണ്. സംസ്ഥാന പ്രസിഡന്റായി പകരം ഒരാളെ നിര്‍ദേശിക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ആര്‍ എസ് എസ്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ഒരു വര്‍ഷം മാത്രം ബാക്കി നില്‍ക്കവെയാണ് കുമ്മനം രാജശേഖരനെ ഗവര്‍ണറാക്കിയത്. ഇത് ആര്‍ എസ് എസിനുളളില്‍ അമര്‍ഷത്തിന് കാരണമായിട്ടുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കുമ്മനത്തിന്റെ സ്ഥാനമാറ്റം തിരിച്ചടിയുണ്ടാകുമെന്നും ആര്‍ എസ് എസ് ഭയക്കുന്നു.