സൈനികനായ മകനെ കൊന്നവരോട് ഉടന്‍പ്രതികാരം ചെയ്യണമെന്ന് പിതാവ്-വീഡിയോ

Posted on: June 16, 2018 1:36 pm | Last updated: June 16, 2018 at 1:36 pm

ശ്രീനഗര്‍: സൈനികനായ തന്റെ മകന്‍ ഔറംഗസേബിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ വരുന്ന 32 മണിക്കൂറിനുള്ളില്‍ പ്രതികാരം ചെയ്യണമെന്ന് മുന്‍ സൈനികന്‍ കൂടിയായ പിതാവ്. മകന്റെ മരണത്തില്‍ ഏറെ ദു:ഖിതാനായ പിതാവ് ഇതിന് കാരണം പാക്കിസ്ഥാനാണെന്നും ആരോപിക്കുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് പെരുന്നാള്‍ ആഘോഷത്തിനായി വീട്ടിലേക്ക് പുറപ്പെട്ട സൈനികനായ ഔറംഗസേബിനെ ഭീകരര്‍ തട്ടിക്കൊണ്ടുപോയത്. ഇതിന് തൊട്ടടുത്ത ദിവസം അദ്ദേഹത്തിന്റെ മ്യതദേഹം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവത്തില്‍ ആശ്വസിപ്പിക്കാനെത്തിയ മറ്റൊരു ജവാനോടാണ് പ്രതികാരം ചെയ്യണമെന്ന് പിതാവ് ഹനീഫ് ആവശ്യപ്പെട്ടത്. അടുത്ത 32 മണിക്കൂറിനുള്ളില്‍ മകനെ കൊന്നവരോട് പ്രതികാരം ചെയ്യണമെന്ന് ഞാന്‍ അപേക്ഷിക്കുകയാണ്. കശ്മീരിലെ ഭീകരരെ കൊല്ലണം. അവരാണ് തന്റെ മകന്റെ ജീവനെടുത്തത്. അവന്‍ കശ്മീരിന്റെകൂടി മകനായിരുന്നു. കശ്മീര്‍ നമ്മുടേതാണ് . കശ്മീരിനെ നശിപ്പിക്കുന്നവരെ ഇല്ലാതാക്കണമെന്നും ഹനീഫ് ആവശ്യപ്പെടുന്നുണ്ട്. ഞങ്ങള്‍ നിങ്ങളോടൊപ്പമുണ്ടെന്ന് മറുപടി പറയുന്ന ജവാന്‍ ഇത് തങ്ങള്‍ വിട്ടുകളയുമെന്ന് ആരും കരുതേണ്ടെന്നും തന്റെ സംഘത്തിലെ എല്ലാവരും ഔറംഗസീബുമാരാണെന്നും പറഞ്ഞു.

44 രാഷ്ട്രീയ റൈഫിള്‍സില്‍ അംഗമായിരുന്ന ഔറംഗസേബ് നിരവധി സൈനിക ഓപ്പറേഷനുകളില്‍ പങ്കാളിയായിട്ടുണ്ട്. ഹിസ്ബള്‍ തീവ്രവാദികളായ സമീര്‍ ടൈഗര്‍, സദ്ദാം പാദ്ദാര്‍ എന്നിവരെ വധിച്ച സൈനിക സംഘത്തിലും അദ്ദേഹമുണ്ടായിരുന്നു.