ട്രംപും ഉന്നും സമാധാനത്തിനുള്ള ധാരണാപത്രത്തില്‍ ഒപ്പ് വെച്ചു;ഉ.കൊറിയ ആണവനിരായുധീകരണം ഉടന്‍ തുടങ്ങുമെന്ന് ട്രംപ്

Posted on: June 12, 2018 12:11 pm | Last updated: June 13, 2018 at 9:14 am

സിംഗപ്പൂര്‍: ലോകശ്രദ്ധ മുഴുവന്‍ സിംഗപ്പൂരിലെ സെന്റോസ ദ്വീപിലേക്ക് ക്ഷണിച്ച ചരിത്ര കൂടിക്കാഴ്ചക്ക് ശുഭ പര്യവസാനം. കൊറിയന്‍ ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണത്തിന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംഗ് ഉന്നും നടത്തിയ കൂടിക്കാഴ്ചയില്‍ ധാരണ. ആണവ നിരായുധീകരണം ഉറപ്പ് വരുത്തുന്ന കരാറില്‍ ഇരു രാഷ്ട്രത്തലവന്മാരും ഒപ്പുവെച്ചു. ഉത്തര കൊറിയക്ക് വേണ്ട സുരക്ഷ ഉറപ്പ് വരുത്തുമെന്ന് യു എസും വ്യക്തമാക്കി.

സെന്റോസ ദ്വീപിലെ കാപ്പെല്ല ഹോട്ടലില്‍ ഇരു നേതാക്കളും ദ്വിഭാഷികളുടെ സഹായത്തോടെ തനിച്ച് സംസാരിച്ചു. ഇതിന് ശേഷമാണ് ഇരു രാജ്യങ്ങളിലെയും പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചകള്‍ക്ക് ശേഷം ഇരുവരും സംയുക്ത പ്രസ്താവന നടത്തി. ഇതാദ്യമായാണ് യു എസ് പ്രസിഡന്റും ഉത്തര കൊറിയന്‍ ഭരണാധികാരിയും കൂടിക്കാഴ്ച നടത്തുന്നത്.

ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ താത്പര്യം കണക്കിലെടുത്ത് അമേരിക്കയും ഉത്തര കൊറിയയും തമ്മില്‍ പുതിയ ബന്ധം സ്ഥാപിക്കുന്നത് കൂടിക്കാഴ്ചയില്‍ ഉയര്‍ന്നതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു. കൊറിയന്‍ ഉപദ്വീപില്‍ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി സംയുക്തമായി ശ്രമിക്കും. ഉപദ്വീപില്‍ സമ്പൂര്‍ണ ആണവനിരായുധീകരണം ഉറപ്പാക്കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു.

അതേസമയം, ഉത്തര കൊറിയക്ക് മേല്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക ഉപരോധം തുടരുമെന്ന് ട്രംപ് പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ആണവ നിരായുധീകരണ നടപടികളുമായി കിം മുന്നോട്ടുപോകുന്നതിനനുസരിച്ചായിരിക്കും ഉപരോധത്തില്‍ ഇളവ് വരുത്തുക. ചരിത്രപരമായ കരാര്‍ കിം പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ആണവായുധങ്ങളും മിസൈല്‍ സംവിധാനവും പൂര്‍ണമായി നശിപ്പിക്കുമെന്ന് കരുതുന്നതായും ട്രംപ് പറഞ്ഞു. ഏകപക്ഷീയമായ ആണവനിരായുധീകരണത്തിന് ഉത്തര കൊറിയ ഇതുവരെ തയ്യാറായിരുന്നില്ല.

യു എസും ദക്ഷിണ കൊറിയയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസം അവസാനിപ്പിക്കും. ഉത്തര കൊറിയയെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായാണിത്. എല്ലാ വര്‍ഷവും നടക്കുന്ന സൈനികാഭ്യാസത്തില്‍ ആണവ അന്തര്‍വാഹിനികളും ചാര വിമാനങ്ങളും പങ്കെടുക്കാറുണ്ട്. യുദ്ധക്കുറ്റവാളികളെയും നടപടികള്‍ക്കിടെ കാണാതായവരുടെ ഭൗതികാവശിഷ്ടങ്ങളും വിട്ടുനല്‍കാനും തീരുമാനമായതായി സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

സമാധാനത്തിന്റെയും സഹകരണത്തിന്റെയും കാര്യത്തില്‍ ഇരു കൊറിയകളും യു എസും പുതിയ ചരിത്രമെഴുതിയതായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്‍ പറഞ്ഞു. ഏപ്രിലില്‍ കൊറിയന്‍ അതിര്‍ത്തി ഗ്രാമമായ പാന്‍മുന്‍ജോമില്‍ വെച്ച് ഉന്നും ഇന്നും കൂടിക്കാഴ്ച നടത്തിയിരുന്നു. ആണവ നിരായുധീകരണത്തിനും കൊറിയന്‍ യുദ്ധം അവസാനിപ്പിക്കാനും അന്ന് ധാരണയായിരുന്നു.