Connect with us

Articles

മുത്വവ്വല്‍ ബിരുദധാരികള്‍ക്ക് ത്രിവത്സര റിസര്‍ച്ച് കോഴ്‌സ്: ഇങ്ങനെ സംവിധാനിക്കുന്നു

Published

|

Last Updated

തിരുനബി (സ)യുടെ ഹദീസുകള്‍ വിശുദ്ധ ഖുര്‍ആനിന്റെ വിശദീകരണമാണെന്ന് ഇമാം ശാഫിഈ (റ) വ്യക്തമാക്കിയിട്ടുണ്ട്. ഹദീസുകള്‍ ഉള്‍ക്കൊള്ളുന്ന വിശാലമായ വൈജ്ഞാനിക മേഖലകള്‍ മനുഷ്യ ജീവിതത്തെയും പ്രപഞ്ച ചരിത്രത്തെയും ഘടനയെയും സാമൂഹിക ജീവിതത്തില്‍ സമാധാനവും മൂല്യങ്ങളും നിലനിര്‍ത്താനുള്ള നിര്‍ദേശങ്ങളും അന്ത്യനാളിന്റെ അടയാളങ്ങളും കുഴപ്പങ്ങളും സംബന്ധിച്ച് മുന്നറിയിപ്പും എല്ലാം ഉള്‍ക്കൊള്ളുന്നു. ഇതിന് പുറമെ ഇല്‍മുല്‍ ഹദീസിലെ അടിസ്ഥാന നിയമങ്ങളും ഹദീസുകളുടെ സ്വീകാര്യത സംബന്ധിച്ച വിശദീകരണങ്ങളും ത്രിവത്സര റിസര്‍ച്ച് കോഴ്‌സ് പഠനവിധേയമാക്കുന്നു.

സ്വന്തം താത്പര്യങ്ങള്‍ക്ക് അനുകൂലമല്ലാത്തതിനാല്‍ ദുര്‍ബലമെന്ന് ഘോഷിച്ച് പുത്തന്‍വാദികള്‍ മാറ്റിവെച്ച നിരവധി ഹദീസുകള്‍ ഗതകാല മുഹദ്ദിസുകളില്‍ പലരും സ്വീകാര്യമെന്ന് വിധിച്ചതായി കാണാം. ഗവേഷണ പഠനങ്ങളിലൂടെ ഇവയുടെ സ്വീകാര്യതയും യാഥാര്‍ഥ്യവും ലോക ശ്രദ്ധയില്‍ കൊണ്ടുവരാന്‍ കഴിയും. കര്‍മശാസ്ത്ര മേഖലയില്‍ മുജ്തഹിദുകളായ ഇമാമുകളും അവരുടെ ശിഷ്യഗണത്തില്‍പ്പെട്ട പണ്ഡിതന്മാരും രചിച്ചിട്ടുള്ള ആധികാരിക കര്‍മശാസ്ത്ര ഗ്രന്ഥങ്ങള്‍ നിരവധിയാണ്.

കര്‍മശാസ്ത്രത്തിന്റെ നിദാന ശാസ്ത്രമായ ഉസ്വൂലുല്‍ ഫിഖ്ഹ്, വിവിധ വിഷയങ്ങളിലെ കര്‍മശാസ്ത്ര നിലപാടുകളെ ബന്ധിപ്പിക്കുന്ന ഖവാഇദ്, പ്രത്യേക വിഷയങ്ങളിലെ കര്‍മശാസ്ത്ര ചര്‍ച്ചകളുടെ മനദണ്ഡമാവുന്ന ളാബിത്വ് തുടങ്ങിയവയെ അടുത്തറിയാനും കാലിക പ്രശ്‌നങ്ങള്‍ക്ക് ഇവയുടെ വെളിച്ചത്തില്‍ സ്വീകാര്യമായ പരിഹാരം കാണുന്നതിന്റെ രീതികളെക്കുറിച്ച് ഗ്രഹിക്കാനും കര്‍മശാസ്ത്രത്തിലെ ഗവേഷണ പഠനത്തിലൂടെ വഴികാട്ടാന്‍ ഉപയുക്തമാകും.

മനുഷ്യശരീരം, കൃത്രിമബുദ്ധി, മസ്തിഷ്‌ക മരണം, മരണ ശേഷവും ജീവന്‍ നിലനില്‍ക്കുന്നതായി തോന്നിപ്പിക്കുന്ന ഉപകരണങ്ങളുടെ പ്രയോഗ സാധുത, സന്താനോത്പാദനത്തിനുതകുന്ന ചികിത്സാ മേഖലയിലെ നവീന ഉപകരണങ്ങളുടെ സാധ്യതയും വിധിയും, ആരാധനകളിലെ പുതിയ സാഹചര്യങ്ങള്‍, രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ലഭ്യമായ ഇളവുകളും പരിധിയും, ക്രയവിക്രയങ്ങളിലെ നവീന രീതികളും സൈബര്‍ ലോകത്തെ വിധികളും അരുതായ്മകളും തുടങ്ങിയ മേഖലകളെല്ലാം അനുദിനം സങ്കീര്‍ണമായിക്കൊണ്ടിരിക്കുകയാണ്. അജ്ഞത കാരണം ഈ മേഖലകളില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന ന്യൂനതകള്‍ അല്‍പമെങ്കിലും പരിഹരിക്കാന്‍ കര്‍മശാസ്ത്രത്തിലെ അന്വേഷണ പഠനങ്ങള്‍ സഹായകമാകും.
ലോകത്തില്‍ നിലവിലുള്ള ഇസ്‌ലാമിക സര്‍വകലാശാലകളില്‍ ഏറ്റവും പ്രസിദ്ധവും ആയിരം വര്‍ഷം പഴക്കമുള്ളതുമായ അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി, ഡമസ്‌കസ് യൂനിവേഴ്‌സിറ്റി, മലേഷ്യന്‍ ഇസ്‌ലാമിക യൂനിവേഴ്‌സിറ്റി തുടങ്ങി ലോകത്ത് പല മതകലാശാലകളിലും ഗവേഷണ പഠനങ്ങള്‍ക്ക് സൗകര്യമുണ്ട്. ഇന്ത്യയില്‍ അലിഗഢ് മുസ്‌ലിം സര്‍വകലാശാല, ഹംദര്‍ദ് യൂനിവേഴ്‌സിറ്റി തുടങ്ങിയ സ്ഥലങ്ങളില്‍ ഇസ്‌ലാമിക് സ്റ്റഡീസില്‍ പി ജിയും പി എച്ച് ഡിയും നല്‍കുന്നു.

കേരളത്തിലെ സമകാലിക സാഹചര്യത്തില്‍ മതപഠന രംഗത്തെ സജീവ ചലനങ്ങളും ബിരുദപഠന സൗകര്യങ്ങളും ഏറെ സംതൃപ്തവും സന്തോഷകരവുമാണ്. മതപഠനത്തോടൊപ്പം ഭൗതിക പഠനരംഗത്തും ഉയര്‍ന്ന തലങ്ങളില്‍ പഠിക്കാന്‍ സമയം കണ്ടെത്തുന്ന ഇന്നത്തെ വിദ്യാര്‍ഥി സമൂഹം നമുക്ക് ഏറെ പ്രതീക്ഷക്ക് വക നല്‍കുന്നു.

സെക്കന്‍ഡറി വിദ്യാഭ്യാസത്തിന് ശേഷം മതപഠനം ആരംഭിക്കുന്ന ഭൂരിപക്ഷം വിദ്യാര്‍ഥികളും ഹയര്‍ സെക്കന്‍ഡറി, ബിരുദതല പഠനത്തിനായി ആറോ ഏഴോ വര്‍ഷം ചെവഴിച്ച് മുഖ്തസ്വര്‍ (ആലിം) പഠിച്ച ശേഷം മുത്വവ്വല്‍ (ഫാളില്‍ ബിരുദ) തലത്തിലും പഠനം പൂര്‍ത്തിയാക്കുന്നു. കേരളത്തിലെ പ്രസിദ്ധ മതകലാലയങ്ങളിലെല്ലാം ഈ രീതിയാണ് തുടര്‍ന്നുപോരുന്നത്. മുത്വവ്വല്‍ ബിരുദത്തിന് ശേഷം പ്രത്യേക വിഷയങ്ങളില്‍ സ്‌പെഷ്യലൈസേഷന്‍ എന്നതിന്റെ തുടക്കമായി ഒരു വര്‍ഷത്തെ തഖസ്സ്വുസ്, മര്‍കസ് തുടക്കം കുറിക്കുകയുണ്ടായി. ജാമിഅഃ സഅദിയ്യഃയിലും വര്‍ഷങ്ങളായി ഇത് നടന്നുവരുന്നു. പ്രത്യേക വിഷയങ്ങളില്‍ ആഴത്തിലുള്ള പഠനത്തിന് ഒരു വര്‍ഷത്തെ തഖസ്സ്വുസ് ഒരു തുടക്കം മാത്രമേ ആകുന്നുള്ളൂ. തഫ്‌സീര്‍, ഹദീസ് തുടങ്ങിയ ഏതെങ്കിലും വിഷയത്തില്‍ റിസര്‍ച്ച് സ്വഭാവത്തില്‍ പഠനം നടത്താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഒരു വര്‍ഷമെങ്കിലും പ്രാഥമിക പഠന അന്വേഷണങ്ങള്‍ക്ക് ശേഷം ഒരു വിഷയം കണ്ടെത്തി അതില്‍ പഠനം കേന്ദ്രീകരിക്കുകയും ആ വിഷയങ്ങളനുസരിച്ച് ഒരു ബ്രഹത്തായ ഗവേഷണ പ്രബന്ധം അവതരിപ്പിക്കുകയും അര്‍ഹരായ മികവുറ്റ പരിശോധകരുടെ മുമ്പില്‍ തന്റെ ഗവേഷണ പഠനത്തിന്റെ തനിമയും ആഴവും ബോധ്യപ്പെടുത്തുകയും ചെയ്യുന്നതിന് ചുരുങ്ങിയത് മൂന്ന് വര്‍ഷമെങ്കിലും ദൈര്‍ഘ്യം വേണ്ടിവരും. ഭൗതിക കലാലയങ്ങളില്‍ പി ജി കഴിഞ്ഞവര്‍ക്ക് മുന്ന് മുതല്‍ ഏഴ് വര്‍ഷം വരെയാണിത്. ഇന്ന് ലഭ്യമായ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാരുടെ മേല്‍നോട്ടത്തില്‍ സംവിധാനിക്കപ്പെടുന്ന ഗവേഷണ സംവിധാനമാണ് റിസര്‍ച്ച് കോഴ്‌സ് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്.

ജാമിഅതുല്‍ ഹിന്ദ് അല്‍ ഇസ്‌ലാമിയ്യയുടെ കീഴില്‍ സംവിധാനിക്കപ്പെടുന്ന ത്രിവത്സര റിസര്‍ച്ച് കോഴ്‌സിന്റെ ആദ്യ രണ്ട് വര്‍ഷം പഠനവും മൂന്നാം വര്‍ഷം തിരഞ്ഞെടുക്കപ്പെടുന്ന പ്രത്യേക വിഷയത്തിലുള്ള ഗ്രന്ഥരചനയും എന്ന നിലക്കാണ് തയ്യാറാക്കപ്പെടുന്നത്. രണ്ടാം വര്‍ഷം തീരുന്നതിന് മുമ്പായി വിദ്യാര്‍ഥികള്‍ അവര്‍ തിരഞ്ഞെടുക്കുന്ന പ്രത്യേക മേഖലകളില്‍ ബൃഹത്തായ പ്രബന്ധം രചിക്കുന്നതിന് വേണ്ട അടിസ്ഥാന വിവരങ്ങളും ആ വിഷയങ്ങളുടെ ക്രോഡീകരണവും സമര്‍പ്പിക്കണം. മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുന്ന ഉസ്താദുമാരുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് വേണ്ട തിരുത്തലുകള്‍ വരുത്തി അന്തിമ രൂപത്തിലുള്ള സിനോപ്‌സിസിന് അംഗീകാരം വാങ്ങണം. ഇതനുസരിച്ച് മൂന്നാം വര്‍ഷം ഗ്രന്ഥരചന പൂര്‍ത്തിയാക്കണം. ഇന്ത്യക്കകത്തും പുറത്തുമുള്ള പണ്ഡിത പ്രതിഭകളുടെ പരിശോധനക്കും വിലയിരുത്തലിനും അനുസൃതമായി രചനയുടെ മൂല്യവും ഗ്രേഡിങ്ങും തീരുമാനിക്കപ്പെടും.

സമസ്തയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ കേരള മുസ്‌ലിം ജമാഅത്തിന്റെ സഹായ സഹകരണങ്ങളോടെ നടത്തപ്പെടുന്ന ജാമിഅതുല്‍ ഹിന്ദാണ് ഈ ഉന്നത പഠന രംഗത്തെ ഗവേഷണ കോഴ്‌സിന് രൂപം നല്‍കിയത്.

ഫാക്കല്‍ട്ടികള്‍

നിരവധി വിഷയങ്ങളില്‍ ഗവേഷണ കോഴ്‌സുകള്‍ ആവശ്യമുണ്ടെങ്കിലും ഒരു തുടക്കമെന്ന നിലയില്‍ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് എന്നീ ഫാക്കല്‍ട്ടികളിലാണ് റിസര്‍ച്ച് കോഴ്‌സ് ആരംഭിക്കുന്നത്.

തഫ്‌സീര്‍

സുല്‍ത്വാനുല്‍ ഉലമാ കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരാണ് തഫ്‌സീര്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സാരഥി. ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, ഡോ. അബ്ദുല്‍ ഹകീം അസ്ഹരി എന്നിവര്‍ ഉപ മേധാവികളാകുന്നു. ജാമിഅ മര്‍കസാണ് ഈ കോഴ്‌സിന്റെ പഠന കേന്ദ്രം.

ഹദീസ്

റഈസുല്‍ ഉലമ സുലൈമാന്‍ മുസ്‌ലിയാരാണ് ഹദീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഹെഡ്. ഡോ. അബ്ദുല്‍ ഗഫൂര്‍ അസ്ഹരി തുടങ്ങിയവര്‍ ഉപമേധാവികളാകുന്നു. ജാമിഅ ഇഹ്‌യാ ഉസ്സുന്ന ഒതുക്കുങ്ങല്‍ ആകുന്നു ഈ കോഴ്‌സിന്റെ പഠന കേന്ദ്രം.

ഫിഖ്ഹ്

മുഹ്‌യുസ്സുന്ന പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാരാണ് ഫിഖ്ഹി ഫാക്കല്‍ട്ടി ഹെഡ്. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പല്ലാര്‍ ഹസ്സന്‍ ബാഖവി തുടങ്ങിയവര്‍ ഉപമേധാവികള്‍. കൊമ്പം മുഹമ്മദ് മുസ്‌ലിയാര്‍, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, ഡോ. അബ്ദുസ്സലാം, ഡോ. അസീസ് ഫൈസി തുടങ്ങിയവര്‍ വിസിറ്റിംഗ് പ്രൊഫസര്‍ മാരായിരിക്കും.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറയും ഇന്ത്യയിലെ വിവിധ മത ഭൗതിക കലാലയങ്ങളിലെ പ്രഗദ്ഭരായ പണ്ഡിതരും സന്ദര്‍ഭോചിതമായി വിദേശത്തു നിന്നുള്ള പ്രഗത്ഭ പണ്ഡിതരും ഈ കോഴ്‌സിന് വേണ്ട നിര്‍ദേശങ്ങളും ക്ലാസുകളും നല്‍കിക്കൊണ്ടിരിക്കും.

പ്രത്യേകതകള്‍

  • കേരളത്തിലെ പാരമ്പര്യ മഖ്ദൂമി സിലബസിന്റെ ഗാംഭീര്യവും ആശയ ദൃഢതയും ചോര്‍ന്ന് പോകാതെ പുതിയ കാലത്ത് വിവിധ വിഷയങ്ങളില്‍ പ്രാവീണ്യം നേടാന്‍ ഉന്നതപഠന രംഗത്ത് ആരംഭിക്കുന്ന മുത്വവ്വലിന് ശേഷമുള്ള ഗവേഷണ ബിരുദ കോഴ്‌സ്.
  • രണ്ട് വര്‍ഷം ആഴത്തിലുള്ള പഠനവും ഒരു വര്‍ഷം ഗവേഷണ വിഷയത്തിലുള്ള പ്രബന്ധ രചനയും
    ഇന്ത്യയിലും വിദേശത്തുമുള്ള പ്രഗത്ഭ പണ്ഡിതരുടെ ക്ലാസുകളും ആശയ വിനിമയ ചര്‍ച്ചകളും.
  • ആധുനിക ശാസ്ത്ര വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള പഠനങ്ങള്‍ക്കും അവസരം. അതാത് വിഷയങ്ങളില്‍ ഉന്നത യോഗ്യതയുള്ള വിദഗ്ധരുടെ സേവനവും മാര്‍ഗനിര്‍ദേശങ്ങളും ലഭ്യമാക്കുന്നു.

കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ക്ക്
ലഭിക്കുന്ന ഗുണങ്ങള്‍

  • കേരളത്തിലും പുറത്തും ഇസ്‌ലാമിക വിഷയങ്ങളുടെ കാലോചിത പഠനത്തിന് നേതൃത്വം കൊടുക്കാനും സ്വാധീനം ചെലുത്താനും സഹായിക്കുന്ന ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് നിരവധി അവസരങ്ങളും ആനുകൂല്യങ്ങളും ലഭിക്കുമെന്ന് ഉറപ്പായും പ്രതീക്ഷിക്കാം.
  • ദക്തൂറ തുല്യമായ ബിരുദം.
  • ആദ്യ ബാച്ചുകളില്‍ കോഴ്‌സ് പൂര്‍ത്തിയാക്കുന്നവര്‍ക്കും മറ്റു പഠിതാക്കള്‍ക്കും ഗൈഡുമാരായും ഫാക്കല്‍ട്ടി അംഗങ്ങളായും സേവനം ചെയ്യാന്‍ അവസരം.
  • ജാമിഅതുല്‍ ഹിന്ദിന്റെ അഫിലിയേറ്റ് സ്ഥാപനങ്ങളിലും പുറത്തും ഉന്നത സേവനത്തിന് അവസരം.
  • കോഴ്‌സില്‍ ചേര്‍ന്ന് പഠിക്കുന്ന വേളയില്‍ ഉയര്‍ന്ന സ്റ്റൈപ്പന്റും വിശാലമായ ലൈബ്രറി സൗകര്യങ്ങളും
    ഇന്ത്യയിലും വിദേശത്തുമുള്ള പണ്ഡിത പ്രതിഭകളുമായി ആശയ വിനിമയ ചര്‍ച്ചക്ക് അവസരം
  • അധ്യാപനം, സേവനം, രചന, ഇലക്‌ട്രോണിക് മീഡിയ രംഗങ്ങളില്‍ നടക്കുന്ന സംരഭങ്ങള്‍ക്ക് അംഗീകാരവും പിന്തുണയും.

മുദര്‍രിസുമാരോട്: നിങ്ങളുടെ ശിഷ്യന്മാരായ യുവ ബിരുദധാരികളെ തഫ്‌സീര്‍, ഹദീസ്, ഫിഖ്ഹ് ഫാക്കല്‍ട്ടികള്‍ ഏതിലെങ്കിലും റിസര്‍ച്ച് കോഴ്‌സ് ചെയ്യാന്‍ നിര്‍ദേശിക്കുകയാണെങ്കില്‍ അവര്‍ക്ക് അതു വിജ്ഞാനത്തിന്റെയും ആഴത്തിലുള്ള പഠനത്തിന്റെയും പുതിയ മേഖലകള്‍ തുറന്നുകൊടുക്കും. വരും വര്‍ഷങ്ങളില്‍ ഉന്നത മത സേവന മേഖലകളിലേക്ക് വേണ്ടുന്ന യോഗ്യതയായി റിസര്‍ച്ച് ബിരുദം പ രിഗണിക്കപ്പെടും. അവരവരുടെ തിരഞ്ഞെടുത്ത പഠന മേഖലകളില്‍ വിശാലമായ വിജ്ഞാന മേഖലകള്‍ അടുത്തറിഞ്ഞ് ഇവരിലൂടെ ദീനീ വിജ്ഞാനങ്ങള്‍ ശോഷിച്ച് പോകാതെ സജീവമാക്കാന്‍ ഒരളവോളം നമുക്ക് ശ്രമിക്കാന്‍ കഴിയും. തീര്‍ച്ചയായും താങ്കളുടെ ദര്‍സ് സേവന മേഖലകളിലെ പ്രതീക്ഷകളായി ഈ ഗവേഷണ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍ വിജ്ഞാന സേവനങ്ങളില്‍ വ്യാപൃതരാവുമെന്ന് പ്രതീക്ഷിക്കാം.

പ്രവേശനം ആര്‍ക്ക്

  • മുഖ്തസര്‍, ഹാദി ബിരുദാനന്തരം മുതവ്വല്‍ കോഴ്‌സോ തതുല്യ ബിരുദമോ പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിക്കാം.
  • കാലാവധി: രണ്ട് വര്‍ഷ പഠനവും ഒരു വര്‍ഷം ഗവേഷണ പ്രബന്ധ രചനയും. ആകെ മൂന്ന് വര്‍ഷം.
  • ഇന്റര്‍വ്യൂ: എഴുത്ത് പരീക്ഷ, വാചാ പരീക്ഷ, കൂടിക്കാഴ്ച എന്നിവയിലൂടെ വിദ്യാര്‍ഥികളുടെ യോഗ്യത വിലയിരുത്താം.
  • സീറ്റുകള്‍: ഓരോ ഫാക്കല്‍ട്ടിയിലും യോഗ്യതയുള്ള 10ല്‍ കവിയാത്ത അപേക്ഷകരെ തിരഞ്ഞെടുക്കും
  • സ്റ്റൈപ്പന്റ്: തിരഞ്ഞെടുക്കുന്ന ഓരോ വിദ്യാര്‍ഥിക്കും പഠനാവശ്യങ്ങള്‍ക്ക് ഉയര്‍ന്ന സ്റ്റൈപ്പന്റ് അനുവദിക്കും.
  • ജൂണ്‍ 25ന് ആരംഭിക്കുന്ന കോഴ്‌സിന് ജൂണ്‍ 19 വരെ അപേക്ഷിക്കാവുന്നതാണ്.
  • ഇന്റര്‍വ്യൂ ജൂണ്‍ 20ന് നടക്കും. അപേക്ഷാ ഫോമും മറ്റു വിവരങ്ങളും ജാമിഅയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

Latest