ഉച്ച വിശ്രമം; ബോധവല്‍ക്കരണവുമായി അബുദാബി നഗരസഭ

Posted on: June 8, 2018 10:18 pm | Last updated: June 8, 2018 at 10:18 pm
SHARE

അബുദാബി: ഉച്ച വിശ്രമവേളയില്‍ തൊഴിലാളികള്‍ക്കു നിര്‍ബന്ധമായും വിശ്രമം അനുവദിക്കാനും വേനല്‍ച്ചൂടില്‍ സുരക്ഷ ഉറപ്പാക്കാനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ കാമ്പയിന്‍ ആരംഭിച്ചു. 15 മുതല്‍ പ്രാബല്യത്തിലാവുന്ന മൂന്നുമാസം നീണ്ടുനില്‍ക്കുന്ന മധ്യാഹ്ന വിശ്രമനിയമം കര്‍ശനമായി നടപ്പാക്കുന്നതിന്റെ മുന്നോടിയായാണ് കാമ്പയിന്‍ ഒരുക്കിയതെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. തൊഴിലാളികളുടെ സുരക്ഷക്കു മുനിസിപ്പല്‍ ജീവനക്കാര്‍ നിര്‍മാണ സൈറ്റുകളിലും ജോലി സ്ഥലങ്ങളിലും ആവശ്യമായ നിരീക്ഷണം നടത്തും. ഉയര്‍ന്ന താപനിലയും ഈര്‍പ്പ കാലാവസ്ഥയും വെളിയില്‍ ജോലി ചെയ്യുന്നവരില്‍ ഉണ്ടാക്കുന്ന ആരോഗ്യപ്രശ്നങ്ങള്‍, അവരുടെ സുരക്ഷ എന്നിവയെക്കുറിച്ചും ബോധവല്‍ക്കരണ പരിപാടിയില്‍ പ്രത്യേകം ഓര്‍മിപ്പിക്കുന്നു. അബുദാബി നഗരത്തില്‍ തൊഴിലാളികളുടെ ജീവിതനിലവാരം വര്‍ധിപ്പിക്കുന്നതിനും പ്രതികൂല കാലാവസ്ഥയില്‍ ജീവനക്കാരുടെ സുസ്ഥിര സാഹചര്യം ഉറപ്പുവരുത്താനും അബുദാബി സിറ്റി മുനിസിപ്പാലിറ്റി, അര്‍ബന്‍ ആസൂത്രണ മുനിസിപ്പല്‍ വകുപ്പിന്റെ നേതൃത്വത്തിലാണ് കാമ്പയിന്‍.

മുനിസിപ്പാലിറ്റി പരിസ്ഥിതി ആരോഗ്യ സുരക്ഷാ ഡിവിഷന്റെ നേതൃത്വത്തില്‍ എല്ലാ നിര്‍മാണ സൈറ്റുകളിലും മികച്ച തൊഴില്‍സുരക്ഷ ഉറപ്പാക്കും. യു എ ഇ മാനവ വിഭവശേഷി സ്വദേശിവല്‍ക്കരണ മന്ത്രാലയം പ്രഖ്യാപിച്ച മധ്യാഹ്ന വിശ്രമനിയമത്തിന്റെ ഭാഗമായാണ് മുനിസിപ്പാലിറ്റി ബോധവല്‍ക്കരണ കാമ്പയിന്‍ നടപ്പാക്കുന്നത്. ഈ മാസം 15 മുതല്‍ സെപ്റ്റംബര്‍ 15 വരെ ഉച്ചകഴിഞ്ഞ് 12:30 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് മധ്യാഹ്ന വിശ്രമനിയമം യുഎഇ എമിറേറ്റുകളില്‍ പ്രാബല്യത്തിലാകുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here