നിപ്പാ രോഗബാധിതരായി ആരും ചികിത്സയിലില്ലെന്ന് ആരോഗ്യവകുപ്പ്

രണ്ട് പേര്‍ രോഗമുക്തരായി ആശുപത്രി വിടുന്നു
Posted on: June 7, 2018 6:14 am | Last updated: June 6, 2018 at 11:46 pm

തിരുവനന്തപുരം: നിപ രോഗം ബാധിച്ച് ആരും ഇപ്പോള്‍ ചികിത്സയില്‍ ഇല്ലെന്ന് ആരോഗ്യവകുപ്പ്. രോഗം സ്ഥിരീകരിച്ച രണ്ട്‌പേരും രോഗമുക്തരായി ഡിസ്ചാര്‍ജിന് മുമ്പുള്ള അവസാന പരിശോധനയിലാണ്. രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനൊപ്പം ദുരിതമനുഭവിച്ചവര്‍ക്കുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമം ആരംഭിച്ചതായും ആരോഗ്യവകുപ്പ് ഫേസ്ബുക്ക് പേജില്‍ വ്യക്തമാക്കി.

രോഗത്തിന്റെ ചികിത്സക്കായി ചെലവായ തുക സര്‍ക്കാര്‍ നല്‍കുന്നതാണ്. ഒപ്പം സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ ശ്രമിക്കുന്ന, രോഗബാധിതരുടെ ബന്ധുക്കളെയും രോഗം ഭേദമായവരെയും അതിന് സഹായിക്കാനുള്ള ദൗത്യം ഏറ്റെടുക്കണമെന്ന് ആരോഗ്യവകുപ്പ് അഭ്യര്‍ഥിച്ചു.
രോഗകാരണത്തെക്കുറിച്ചും രോഗം പടര്‍ന്നതിനെക്കുറിച്ചുമുള്ള വിദഗ്ധ പഠനം ഉടന്‍ ആസൂത്രണം ചെയ്യുന്നതാണ്. ഈ സംഭവത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇനിയുണ്ടായാല്‍ എങ്ങിനെ അതിനെ നേരിടണമെന്ന മാര്‍ഗരേഖയും തയ്യാറാക്കുമെന്ന് ആരോഗ്യവകുപ്പ് പോസ്റ്റില്‍ കൂട്ടിച്ചേര്‍ത്തു.

ഇപ്പോള്‍ നിപ്പ ബാധയെന്ന് സംശയിക്കുന്ന പത്ത് പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളത്. മൊത്തം 276 പേരുടെ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 18 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 258 പേര്‍ക്ക് രോഗം ബാധിച്ചിട്ടില്ലെന്ന് വ്യക്തമായി. രോഗം ബാധിച്ച 18ല്‍ 16 പേര്‍ മരിച്ചു. അവശേഷിച്ച രണ്ട് പേരാണ് ഇപ്പോള്‍ രോഗമുക്തരായി ആശുപത്രി വിട്ടുപോകുന്നത്.