മാതൃകാപരമായ പ്രവര്‍ത്തന മികവ്: കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ്

Posted on: June 7, 2018 6:05 am | Last updated: June 6, 2018 at 11:32 pm
SHARE

തിരുവനന്തപുരം: രാജ്യത്തെ മികവുറ്റ അയല്‍ക്കൂട്ട പ്രവര്‍ത്തനങ്ങള്‍ക്ക് ദേശീയ ഗ്രാമീണ ഉപജീവന ദൗത്യം (എന്‍ ആര്‍ എല്‍ എം) ഏര്‍പ്പെടുത്തിയ അവാര്‍ഡ് കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍ക്ക്. തിരുവനന്തപുരം ജില്ലയിലെ കോട്ടുകാല്‍ പഞ്ചായത്തിലെ ശ്രീകൃഷ്ണ, തൃശൂര്‍ ജില്ലയിലെ കൈപ്പമംഗലം പഞ്ചായത്തിലെ ഗ്രാമലക്ഷ്മി എന്നീ അയല്‍ക്കൂട്ടങ്ങള്‍ക്കാണ് അവാര്‍ഡ്. ഒരു ലക്ഷം രൂപയും ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. അടുത്തമാസം 11ന് ന്യൂഡല്‍ഹിയിലെ പുസാ എ പി ഷിന്‍ഡെ ഹാളില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര ഗ്രാമവികസന മന്ത്രി നരേന്ദ്ര സിംഗ് ടോമര്‍ അവാര്‍ഡ് സമ്മാനിക്കും.

മറ്റ് അയല്‍ക്കൂട്ടങ്ങള്‍ക്കും മാതൃകയാകുന്ന വിധത്തില്‍ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന അയല്‍ക്കൂട്ടങ്ങളെ അംഗീകരിക്കുന്നതിനാണ് അവാര്‍ഡ് നല്‍കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് ഇതു നല്‍കുക. അയല്‍ക്കൂട്ട യോഗങ്ങളുടെയും പങ്കെടുത്ത അംഗങ്ങളുടെയും എണ്ണം, ഓരോ അംഗത്തിന്റെയും ശരാശരി ഹാജര്‍, പരിശീലനം ലഭിച്ച അയല്‍ക്കൂട്ട അംഗങ്ങളുടെ എണ്ണം, അയല്‍ക്കൂട്ടങ്ങളില്‍ രജിസ്റ്ററുകള്‍ സൂക്ഷിക്കുന്ന അംഗങ്ങളില്‍ പരിശീലനം ലഭിച്ചവരുടെ എണ്ണം, ആകെ സമ്പാദ്യം, കോര്‍പ്പസ് ഫണ്ടിന്റെ വിതരണം, ആന്തരിക വായ്പയുടെ എണ്ണം, ലഭിച്ച കമ്യൂണിറ്റി ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്, കോര്‍പ്പസ് ഫണ്ട്, ലഭിച്ച ബേങ്ക് വായ്പകളുടെ എണ്ണം, ബേങ്ക് വായ്പകള്‍ കൊണ്ട് തുടങ്ങിയ സംരംഭങ്ങളുടെ എണ്ണം, വാര്‍ഷിക വരുമാനം, അതില്‍ ഉള്‍പ്പെടുന്ന സംരംഭകരുടെ എണ്ണം, സംരംഭത്തിന്റെ സാധ്യത, വരുമാന ലഭ്യത, സുസ്ഥിരത, വ്യക്തിഗത സംരംഭങ്ങളുടെ എണ്ണം, രജിസ്റ്ററുകള്‍ സൂക്ഷിക്കുന്നതിലെ കൃത്യത, വ്യക്തിഗത ബേങ്ക് അക്കൗണ്ടുള്ള അംഗങ്ങളുടെ എണ്ണം, ഇന്‍ഷ്വറന്‍സ് പരിരക്ഷയുള്ള അംഗങ്ങളുടെ അനുപാതം, വീടുകളില്‍ ശുചിമുറിയുള്ള അംഗങ്ങളുടെ അനുപാതം, നേതൃഗുണം എന്നിവയാണ് അവാര്‍ഡ് നിര്‍ണയത്തിന് പരിഗണിച്ചത്.

അതത് ജില്ലാ മിഷനുകളുടെ നേതൃത്വത്തില്‍ ജില്ലാതലത്തില്‍ ഏറ്റവും മികച്ച മൂന്ന് അയല്‍ക്കൂട്ടങ്ങളെ വീതം തിരഞ്ഞെടുത്ത് സംസ്ഥാന മിഷനില്‍ സമര്‍പ്പിച്ചിരുന്നു. ഇപ്രകാരം സമര്‍പ്പിച്ച 42 അയല്‍ക്കൂട്ടങ്ങളില്‍ നിന്ന് സെലക്ഷന്‍ കമ്മിറ്റി മൂന്ന് അയല്‍ക്കൂട്ടങ്ങളെ തിരഞ്ഞെടുത്ത് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിലേക്ക് അവാര്‍ഡ് നിര്‍ണയത്തിന് അയക്കുകയായിരുന്നു. ഇതില്‍ നിന്നാണ് മികച്ച രണ്ട് അയല്‍ക്കൂട്ടങ്ങള്‍ക്ക് ദേശീയ അവാര്‍ഡ് ലഭിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here