Connect with us

Kerala

തിയേറ്റര്‍ ഉടമയുടെ അറസ്റ്റ് സഭയില്‍ ബഹളം; ഇറങ്ങിപ്പോക്ക്

Published

|

Last Updated

തിരുവനന്തപുരം: പത്ത് വയസ്സുകാരി പീഡനത്തിനിരയായ സംഭവത്തില്‍ എടപ്പാള്‍ തിയേറ്റര്‍ ഉടമയെ കസ്റ്റഡിയിലെടുത്തത് നിയമപരമായി ശരിയാണോയെന്ന് റിപ്പോര്‍ട്ട് നല്‍കാന്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞു. സംഭവത്തില്‍ പ്രതിപക്ഷം പ്രതിഷേധമുയര്‍ത്തി നിയമസഭയില്‍ നിന്നും ഇറങ്ങിപ്പോയി. സംഭവത്തില്‍ റിപ്പോര്‍ട്ട് ലഭിച്ച ശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

പോക്‌സോ നിയമത്തില്‍ പറയും പ്രകാരം കസ്റ്റഡിയിലെടുത്തത് അധികാരികളെ അറിയിച്ചിട്ടില്ല. സാധാരണ ഗതിയില്‍ നടപടി എടുക്കുമ്പോള്‍ അതിനുളള കാര്യങ്ങള്‍ പരിശോധിക്കണം. അറസ്റ്റ് രേഖപ്പെടുത്തി ജാമ്യത്തില്‍ വിടുകയാണ് ഉണ്ടായത്. തിയേറ്റര്‍ ഉടമയുടെ പരാതി പ്രകാരമാണ് പ്രതിയായ കെ മൊയ്തീന്‍ കുട്ടിയെ അറസ്റ്റ് ചെയ്തത്. കുട്ടിയുടെ മാതാവിനെയും അറസ്റ്റ് ചെയ്തു. കുട്ടി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ കേസെടുക്കാന്‍ വൈകിയതിന് ചങ്ങരംകുളം എസ് ഐ ബേബിയെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. ഇതില്‍ രാഷ്ട്രീയത്തിന്റെ പ്രശ്്നമില്ല. പരിശോധിച്ചശേഷം വേണ്ട നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അറസ്റ്റ് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് സബ്മിഷന്‍ നല്‍കിയത്. തിയേറ്റര്‍ ഉടമയെയും ജീവനക്കാരെയും പോലീസ് പീഡിപ്പിക്കുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. പോലീസിനാണ് വീഴ്ച സംഭവിച്ചത്. തിയേറ്റര്‍ ഉടമക്കല്ല. അറസ്റ്റ് ചെയ്ത നടപടി പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. കൂടാതെ, പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്യണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. ഇരകളെ സഹായിക്കുന്നവരെ പോലീസ് ദ്രോഹിക്കുന്നു.

ഏതു കൊളളരുതായ്മക്കും പോലീസ് കുട പിടിക്കുന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രിയുടെ മറുപടിയില്‍ തൃപ്തരാകാതെ പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പരിശോധനയും റിപ്പോര്‍ട്ടുമില്ലാതെ എന്ത് നടപടിയാണെന്നും ചെന്നിത്തല ചോദിച്ചു.

പ്രതിഷേധവുമായി തിയേറ്റര്‍
ഉടമകളുടെ സംഘടന

കൊച്ചി: എടപ്പാളിലെ തിയേറ്ററില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ തിയേറ്റര്‍ ഉടമക്കെതിരെ കേസെടുത്തതില്‍ പ്രതിഷേധവുമായി തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. പോലീസ് നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിയേറ്റര്‍ ഉടമക്കെതിരെ കേസെടുത്തത് ന്യായീകരിക്കാനാകില്ല. തിയേറ്റര്‍ ഉടമ സതീശിനെ അറസ്റ്റ് ചെയ്ത സംഭവം നിയമപരമായി നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു.

സംഭവത്തില്‍ പോലീസിനുണ്ടായ വീഴ്ച മറച്ചു വെക്കുന്നതിനാണ് തിയേറ്റര്‍ ഉടമക്കെതിരെ കേസ് എടുത്തിരിക്കുന്നത്. വിവരം പോലീസിനെ അറിയിക്കാന്‍ കാലതാമസം ഉണ്ടായെന്നും ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചുവെന്നും കാണിച്ചാണ് അറസ്റ്റ് ചെയ്തത്. തങ്ങള്‍ക്ക് ലഭിച്ച നിയമോപദേശങ്ങളുടെ അടിസ്ഥാനത്തില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്തത് വ്യക്തമായ നിയമലംഘനമാണെന്ന് ബോധ്യമായി. പോലീസ് നടപടി കോടതിയില്‍ ചോദ്യം ചെയ്യും. വ്യക്തിഹത്യക്ക് നഷ്ടപരിഹാരം ആവശ്യപ്പെടുമെന്നും തിയേറ്റര്‍ ഉടമക്ക് സംഘടന നിയമസഹായം നല്‍കുമെന്നും വൈസ് പ്രസിഡന്റ് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഫിയോക് പ്രസിഡന്റ് ആന്റണി പെരുമ്പാവൂര്‍, ജനറല്‍ സെക്രട്ടറി എം സി ബോബി, എക്സിക്യുട്ടീവ് മെമ്പര്‍ ജോസ് പടിഞ്ഞാറേക്കര എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.