കാര്‍ഷിക കടം എഴുതിത്തള്ളല്‍: ചെലവ് ചുരുക്കല്‍ നടപടികളുമായി കുമാരസ്വാമി സര്‍ക്കാര്‍

Posted on: June 5, 2018 6:12 am | Last updated: June 5, 2018 at 12:15 am
SHARE

ബെംഗളൂരു: ചെലവ് ചുരുക്കല്‍ നടപടികളുമായി കര്‍ണാടകയില്‍ കോണ്‍ഗ്രസ്- ജെ ഡി എസ് സര്‍ക്കാര്‍. സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി അനാവശ്യ ചെലവുകള്‍ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. മന്ത്രിമാര്‍ക്കും എം എല്‍ എമാര്‍ക്കും പുതിയ വാഹനങ്ങള്‍ വാങ്ങാനുള്ള ശിപാര്‍ശകള്‍ പുനഃപരിശോധിക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു. മന്ത്രിമാരുടെയും എം എല്‍ എമാരുടെയും വസതികള്‍ നവീകരിക്കുന്നതിനും മോടി പിടിപ്പിക്കുന്നതിനും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിയന്തരഘട്ടങ്ങളില്‍ മാത്രം നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തീരുമാനം.

സംസ്ഥാനത്തെ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളുമെന്ന തിരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കുമ്പോള്‍ സര്‍ക്കാറിന് വന്‍ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതാണ് ചെലവ് ചുരുക്കല്‍ നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാറിനെ പ്രേരിപ്പിച്ചത്. കാര്‍ഷിക വായ്പ 15 ദിവസത്തിനുള്ളില്‍ എഴുതിത്തള്ളാനാണ് പദ്ധതി. സര്‍ക്കാറിന്റെ ഈ പ്രഖ്യാപനം കടബാധ്യതയെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന വലിയൊരു വിഭാഗം കര്‍ഷകര്‍ക്ക് ആശ്വാസമാണ്.

പ്രസ്തുത ആവശ്യമുന്നയിച്ച് ബി ജെ പി സംസ്ഥാന വ്യാപകമായി സമരത്തിന് കോപ്പുകൂട്ടുന്നതിനിടയിലാണ് 15 ദിവസത്തിനകം വായ്പകള്‍ എഴുതിത്തള്ളുമെന്ന പ്രഖ്യാപനമുണ്ടായത്. സഹകരണ, പൊതുമേഖലാ ബേങ്കുകളില്‍ നിന്നുള്ള വായ്പകള്‍ എഴുതിത്തള്ളാനാണ് തീരുമാനം. വിവിധ ബേങ്കുകള്‍ കര്‍ഷകര്‍ക്ക് നല്‍കിയത് 53,000 കോടി രൂപയുടെ വായ്പയാണ്. ഇതില്‍ സഹകരണ ബേങ്കുകള്‍ നല്‍കിയത് 20 ശതമാനമാണ്. കാര്‍ഷിക വായ്പ എഴുതിത്തള്ളണമെങ്കില്‍ ബേങ്കുകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കണം. ഇത് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിയെ ബാധിക്കാതിരിക്കാന്‍ കൂടിയാണ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നത്. വിവിധ വകുപ്പുകളുടെ ഔദ്യോഗിക യോഗങ്ങളില്‍ ഉദ്യോഗസ്ഥര്‍ മൊബൈല്‍ ഫോണുകള്‍ കൊണ്ടുവരുന്നതിനും ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. യോഗത്തിന്റെ അച്ചടക്കം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും സുപ്രധാന യോഗങ്ങള്‍ക്കിടെ ഉദ്യോഗസ്ഥര്‍ മൊബൈല്‍ പരിശോധിക്കുന്നത് ശ്രദ്ധ നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ഈ തീരുമാനമെന്നും ചീഫ് സെക്രട്ടറി കെ രത്‌നപ്രഭ പറഞ്ഞു. മുഖ്യമന്ത്രിയായി അധികാരമേറ്റ് പതിനൊന്നാം ദിവസമാണ് മുഖ്യമന്ത്രി കുമാരസ്വാമി ചെലവ് ചുരുക്കല്‍ നിര്‍ദേശം പുറപ്പെടുവിച്ചത്.