Connect with us

Kerala

രാജ്യസഭയെ കോണ്‍ഗ്രസ് വൃദ്ധസദനമായി കാണരുത്: ഹൈബി ഈഡന്‍

Published

|

Last Updated

തിരുവനന്തപുരം: പിജെ കുര്യനെ വീണ്ടും രാജ്യസഭയിലേക്ക് പറഞ്ഞയക്കാനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ പാര്‍ട്ടിയിലെ യുവതുര്‍ക്കികള്‍ രംഗത്ത്. കുര്യന്‍ മത്സരരംഗത്ത് നിന്ന് മാറിനില്‍ക്കണമെന്ന് ഹൈബി ഈഡന്‍ എംഎല്‍എ ആവശ്യപ്പെട്ടു. ഷാഫി പറമ്പിലും വിടി ബല്‍റാമും നേരത്തെ അതേ ആവശ്യമുന്നയിച്ച് രംഗത്തെത്തിയിരുന്നു. നേതാക്കന്മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറിയതായി ഹൈബി ഈഡന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ആരോപിച്ചു. പാര്‍ട്ടിയുടെ താ്ത്പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താത്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. സര്‍ക്കാര്‍ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുതെന്നും ഹൈബി പറയുന്നു.

ഹൈബി ഈഡന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…

ഈ രാജ്യത്തിന്റെ ആത്മാവ് തന്നെയായ കോണ്‍ഗ്രസ് പാര്‍ട്ടി നേരിടുന്ന അപചയം പ്രസ്ഥാനത്തിനപ്പുറം വ്യക്തികള്‍ വളര്‍ന്നുവെന്നതാണ്. നേതാക്കന്മാരുടെ കണ്‍സോര്‍ഷ്യമായി പാര്‍ട്ടി മാറി. പാര്‍ട്ടിയുടെ താല്‍പ്പര്യങ്ങള്‍ക്കപ്പുറം വ്യക്തികളുടെ താല്‍പ്പര്യങ്ങള്‍ക്കാണ് മുന്‍തൂക്കം കൊടുക്കുന്നത്. ജനങ്ങള്‍ കാംക്ഷിക്കുന്നത് പുതിയ പരിപാടികളും പുതിയ രീതിയുമാണ്. ആ മാറ്റം രാജ്യസഭാ തിരഞ്ഞെടുപ്പില്‍ പ്രകടമായില്ലെങ്കില്‍ അത് ജനങ്ങളില്‍ നിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാരില്‍ നിന്നും സ്ത്രീകളില്‍ നിന്നും പാര്‍ട്ടിയെ ഒറ്റപ്പെടുത്തും. പാര്‍ലമെന്റിനെ മാനിക്കാത്ത, ജനാധിപത്യ സംവിധാനങ്ങളെ അട്ടിമറിക്കുന്ന, സര്‍ക്കാര്‍ തന്നെ ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന ഈ കാലത്ത് രാജ്യസഭയെ വൃദ്ധസദനമായി പാര്‍ട്ടി കാണരുത്. ഫാസിസത്തിനെതിരെ ശക്തമായ പോരാട്ടം നടത്തേണ്ട ആ രണഭൂമിയില്‍ വാര്‍ദ്ധക്യമല്ല, ദൃഢവും ശക്തവുമായ ശബ്ദവും പുതിയ രീതിയുമാണ്. ശ്രീ.പി ജെ കുര്യന്‍ കോണ്‍ഗ്രസ് പ്രസ്ഥാനത്തിനു വേണ്ടി ത്യാഗഭരിതമായ പ്രവര്‍ത്തനം കാഴ്ച വച്ച നേതാവാണ്. എന്നാല്‍ പ്രസ്ഥാനത്തിന് ഇനി മുന്നോട്ടു പോകുവാന്‍ പുതിയ ഊര്‍ജ്ജം, പുതിയ മുഖം ആവശ്യമാണ് എന്നത് മറ്റാരേക്കാളും അദ്ദേഹം തന്നെ തിരിച്ചറിയണം.

മറുഭാഗത്ത് ഓര്‍മ്മയില്‍ വരുന്ന പേരുകള്‍ വച്ച് നോക്കിയാല്‍ സി.പി.എം. കഴിഞ്ഞ പതിനഞ്ചു വര്‍ഷത്തിനുള്ളില്‍ കെ.എന്‍. ബാലഗോപാല്‍, ടി.എന്‍. സീമ, ബ്രിന്ദ കാരാട്ട്, ചന്ദ്രന്‍ പിള്ള, പി. രാജീവ്, കെ.കെ. രാഗേഷ് ഉള്‍പ്പടെ നിരവധി പുതുമുഖങ്ങള്‍ക്ക് രാജ്യസഭയില്‍ അവസരം നല്‍കി എന്നത് നാം മറന്നുകൂടാ. മറ്റു പാര്‍ട്ടികള്‍ തങ്ങളുടെ യുവരക്തങ്ങളെ രാജ്യസഭയിലേക്കയച്ച് കൂടുതല്‍ മികച്ച പാര്‍ലമെന്റെറിയന്‍മാരെ സൃഷ്ടിക്കുമ്പോള്‍ നമ്മുടെ പാര്‍ട്ടി അസംതൃപ്തരെയും മറ്റ് സ്ഥാനങ്ങള്‍ ലഭിക്കാത്തവരെയും അക്കോമഡേറ്റ് ചെയ്യാനുള്ള വേദിയായി രാജ്യസഭയെ മാറ്റുന്നതു നീതികേടാണ്.

പുതുമുഖം എന്ന് പറയുമ്പോള്‍ യുവാക്കള്‍ എന്ന് മാത്രമല്ല ഉദ്ദേശിക്കുന്നത്, പ്രായഭേദമന്യേ പുതിയ വ്യക്തികള്‍ക്ക് അവസരം കൊടുക്കണം. കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിനിധീകരിച്ച് നാളിതു വരെ സാവിത്രി ലക്ഷ്മണന്‍ എന്ന ഒരു സ്ത്രീ മാത്രമാണ് പാര്‍ലിമെന്റില്‍ എത്തിയിട്ടുള്ളത്, അതും ലോക്‌സഭയില്‍ എന്നത് നാം ഓര്‍ക്കണം. യുവാക്കള്‍ക്കും, സ്ത്രീകള്‍ക്കുമെല്ലാം അവസരങ്ങള്‍ നല്‍കിയില്ലെങ്കില്‍ ചില വ്യക്തികള്‍ക്ക് വേണ്ടി മാത്രമായി ഈ പാര്‍ട്ടി അധഃപതിക്കുന്ന സാഹചര്യം ഉണ്ടാവും. അത് ഭൂഷണമല്ല. പുതിയ ചിന്തകള്‍, പുതിയ നേതൃത്വം, പുതിയ രീതികള്‍ ഇതൊക്കെയാണ് കാലം നമ്മളില്‍ നിന്ന് ആവശ്യപ്പെടുന്നത്.

Latest