Connect with us

Kerala

ബദ്ര്‍ സ്മരണയില്‍ സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടത്തി

Published

|

Last Updated

ബദ്ര്‍ ദിനത്തോടനുബന്ധിച്ച് സ്വലാത്ത് നഗര്‍ മഅ്ദിന്‍ ഗ്രാന്റ് മസ്ജിദില്‍ സംഘടിപ്പിച്ച ആത്മീയ സംഗമത്തില്‍ മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കുന്നു.

മലപ്പുറം: ബദ്ര്‍ ദിനത്തോടനുബന്ധിച്ച് മഅ്ദിന്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ സ്വലാത്ത് നഗറില്‍ സംഘടിപ്പിച്ച ബദ്ര്‍ അനുസ്മരണആത്മീയ സംഗമത്തില്‍ ആയിരങ്ങള്‍. രാവിലെ 9ന് ആരംഭിച്ച പരിപാടി നോമ്പ്തുറയോടെ സമാപിച്ചു.

മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കി. നീതിക്കും നിലനില്‍പ്പിനും വേണ്ടിയുള്ള ധര്‍മ്മ സമരമായിരുന്നു ബദ്ര്‍. അനിവാര്യ ഘട്ടത്തില്‍ സമര രംഗത്തിറങ്ങേണ്ടി വന്ന സാഹചര്യത്തില്‍ പോലും നീതിയുടെ വ്യക്തമായ നയങ്ങള്‍ അനുവര്‍ത്തിക്കാനാണ് പ്രവാചകര്‍ പഠിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രായമായവര്‍, സാധാരണക്കാര്‍, സ്ത്രീകള്‍, കുട്ടികള്‍ എന്നിവരെ ഒരു ഘട്ടത്തില്‍ പോലും ഉപദ്രവിക്കരുതെന്നുമാണ് അവിടുന്ന് കല്‍പ്പിച്ചത്. പലപ്പോഴും നിലനില്‍പ്പിനായുള്ള സമരത്തെ തെറ്റായി വ്യാഖ്യാനിച്ച് ഇസ്‌ലാമിന്റെ സമാധാന മുഖത്തെ വികൃതമാക്കാന്‍ ചിലര്‍ ശ്രമിക്കാറുണ്ട്. ഇസ്‌ലാമിക ചരിത്രത്തെ ശരിയായ സ്രോതസ്സുകളില്‍ പഠിക്കാന്‍ അത്തരക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

നാട്ടില്‍ വ്യാപകമായികൊണ്ടിരിക്കുന്ന പകര്‍ച്ചവ്യാധികള്‍ക്കെതിരെ ഉല്‍ബോധനത്തിനും പ്രാര്‍ത്ഥനക്കും അദ്ദേഹം നേതൃത്വം നല്‍കി. അബൂശാക്കിര്‍ സുലൈമാന്‍ ഫൈസി കിഴിശ്ശേരി ബദ്ര്‍ ചരിത്ര പ്രഭാഷണം നടത്തി. മഹഌത്തുല്‍ ബദ്‌രിയ്യ, ബദ്ര്‍ ബൈത്ത്, ബദ്ര്‍ മാല, അസ്മാഉല്‍ ബദ്ര്‍, മൗലിദ് പാരായണം, പ്രാര്‍ത്ഥന എന്നിവ നടന്നു. മഅ്ദിന്‍ കാമ്പസിലൊരുക്കിയ പ്രകൃതി സൗഹൃദ ഇഫ്താറില്‍ ആയിരങ്ങള്‍ സംബന്ധിച്ചു.

സയ്യിദ് ശിഹാബുദ്ധീന്‍ ബുഖാരി കടലുണ്ടി, സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ് കുറ്റിയാടി, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് ഹൈദ്രൂസി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഇബ്‌റാഹീം ബാഖവി മേല്‍മുറി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അബൂബക്കര്‍ സഖാഫി കുട്ടശ്ശേരി, അബൂബക്കര്‍ സഖാഫി അരീക്കോട് എന്നിവര്‍ സംബന്ധിച്ചു.

 

Latest