വരുന്നു യു എ ഇയുടെ സാംസ്‌കാരിക പൈതൃക ചരിത്ര മ്യൂസിയം

Posted on: May 31, 2018 9:10 pm | Last updated: May 31, 2018 at 9:10 pm
ദുബൈ നഗരസഭാ മ്യൂസിയം ദിനാചരണ ശില്‍പശാല

ദുബൈ: ദുബൈയുടെ സാംസ്‌കാരിക പൈതൃക ചരിത്ര കേന്ദ്രമായ ഷിന്ദഗ ഭാഗത്തു വലിയ തുറന്ന മ്യൂസിയം ഒരുക്കുന്നു. ദുബൈ നഗരസഭാ, ഡിപാര്‍ട്‌മെന്റ് ഓഫ് ടൂറിസം ആന്‍ഡ് കോമേഴ്സ് മാര്‍ക്കറ്റിംഗ്, ദുബൈ കള്‍ച്ചര്‍ ആന്‍ഡ് ആര്‍ട്‌സ് അതോറിറ്റി എന്നിവ സംയുക്തമായാണ് മ്യൂസിയം പദ്ധതി ഒരുക്കുന്നത്.

പദ്ധതിയിലൂടെ പൂര്‍ത്തീകരിക്കുന്ന മ്യൂസിയത്തിന്റെ രൂപരേഖയും മറ്റ് രൂപകല്‍പനയും തീയറ്റര്‍ പശ്ചാലത്തില്‍ അവതരിപ്പിച്ച യു എ ഇയിലെ യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥികള്‍ക്കായി നഗരസഭക്ക് കീഴിലെ പൈതൃക വാസ്തുശില്പ വിഭാഗം പ്രത്യേക ശില്‍പശാല സംഘടിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര മ്യൂസിയം ഡേയുടെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്. അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് യു എ ഇ ചാപ്റ്ററാണ് ശില്പശാല ആസൂത്രണം ചെയ്തത്. നിര്‍മാണം പൂര്‍ത്തീകരിക്കുന്ന മ്യൂസിയത്തില്‍ യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദിന്റെ ഓര്‍മകള്‍ തുടിക്കുന്ന മ്യൂസിയവും ഇതോടൊപ്പമുണ്ടാകും.

ദുബൈ വിഷന്‍ 2021ന്റെ ഭാഗമായി യു എ ഇയുടെ സാംസ്‌കാരികതയും പൈതൃകത്തിലുമൂന്നിയ പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഉന്നതമായ സന്ദര്‍ശനാനുഭവവും വിജ്ഞാന മേഖലയും സമന്വയിപ്പിക്കുന്നതിനാണ് പദ്ധതി ആവഷ്‌ക്കരിക്കുന്നതെന്ന് നഗരസഭക്ക് കീഴിലെ ആര്‍ക്കിടെക്ചര്‍ ഹെറിറ്റേജ് ഡിപാര്‍ട്‌മെന്റ് ഡയറക്ടര്‍ എന്‍ജി അഹ്മദ് മഹ്മൂദ് പറഞ്ഞു.

സായിദ് യൂണിവേഴ്‌സിറ്റി, യു എ ഇ യൂണിവേഴ്‌സിറ്റി, ഷാര്‍ജ യൂണിവേഴ്‌സിറ്റി, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ദുബൈ, അമേരിക്കന്‍ യൂണിവേഴ്‌സിറ്റി ഷാര്‍ജ എന്നിവയുടെ സഹകരണത്തോടെയാണ് ശില്‍പശാല ഒരുക്കിയത്. പദ്ധതിയുടെ നിര്‍മാണ ഘട്ടത്തില്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയെ കുറിച്ചും രൂപകല്‍പ്പനയെ കുറിച്ചും ശില്പശാലയില്‍ വിശദീകരിച്ചുവെന്ന് അദ്ദേഹം പറഞ്ഞു.