സഊദിയില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരുക്ക്; അക്രമികള്‍ ഒരു പോലീസുകാരനെ കുത്തിക്കൊന്നു

Posted on: May 31, 2018 3:41 pm | Last updated: May 31, 2018 at 3:41 pm

റിയാദ്: സഊദിയിലെ തായ്ഫില്‍ സൈനിക ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക് പരുക്കേറ്റു. പോലീസുകാരനെ കൊലപ്പെടുത്തി ആയുധങ്ങള്‍ കൈക്കലാക്കിയ ശേഷമാണ് അക്രമികള്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം അഴിച്ചുവിട്ടത്. തായ്ഫിലെ ദേശീയ സുരക്ഷാ സേനയുടെ ക്യാമ്പിന് നേരെ രണ്ട് അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഇവിടെ ആക്രമണം നടത്തുന്നതിന് മുമ്പ് അക്രമികള്‍ ഒരു പോലീസുകാരനെ കൊലപ്പെടുത്തി ആയുധങ്ങളും കാറും കൈക്കലാക്കിയിരുന്നുവെന്ന് സഊദി പത്രം സബ്ക് റിപ്പോര്ട്ട് ചെയ്തു. തായ്ഫിലെ സൈനിക റോഡില്‍ ഗതാഗതം നിയന്ത്രിക്കവെ അക്രമികളിലൊരാള്‍ പോലീസുകാരനെ കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരുക്കേറ്റ പോലീസുകാരന്‍ പിന്നീടു മരിച്ചു. ആക്രമണത്തില്‍ നിരവധി സൈനികര്‍ക്ക പരുക്കേറ്റുവെന്നും അക്രമികളിലൊരാള്‍ പിടിയിലായതായും മറ്റൊരാള്‍ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടില്‍ തുടര്‍ന്നു പറയുന്നുണ്ട്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ലെങ്കിലും ഇസില്‍ തീവ്രവാദികളാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നത്.