Connect with us

National

യു എന്‍ സമാധാന പ്രവര്‍ത്തകരില്‍ കൊല്ലപ്പെട്ടതേറെയും ഇന്ത്യക്കാര്‍

Published

|

Last Updated

യു എന്‍: കഴിഞ്ഞ എഴുപത് വര്‍ഷത്തിനിടെ ഐക്യരാഷ്ട്രസഭയുടെ സമാധാന പ്രവര്‍ത്തകരില്‍ കൊല്ലപ്പെട്ടവരില്‍ അധികവും ഇന്ത്യയില്‍ നിന്നുള്ള ഉദ്യോഗസ്ഥര്‍. സൈനികരും പോലീസ് ഉദ്യോഗസ്ഥരും മറ്റ് സാധാരണക്കാരും ഉള്‍പ്പെടെ 163 ഇന്ത്യക്കാരാണ് യു എന്‍ സമാധാന പ്രവര്‍ത്തനത്തിനിടെ ഇക്കാലയളവിനുള്ളില്‍ കൊല്ലപ്പെട്ടത്. 1948 മുതലുള്ള കണക്ക് പരിശോധിക്കുമ്പോള്‍ ഐക്യരാഷ്ട്രസഭയുടെ 3,737 സമാധാന പ്രവര്‍ത്തകര്‍ക്കാണ് ജീവന്‍ നഷ്ടമായിട്ടുള്ളത്.

യു എന്നിന്റെ സമാധാന പ്രവര്‍ത്തനങ്ങള്‍ക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ വിട്ടുനല്‍കുന്ന കാര്യത്തില്‍ മൂന്നാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. അബ്യേയി, സൈപ്രസ്, കോംഗോ, ഹെയ്തി, ലെബനന്‍, മധ്യപൂര്‍വേഷ്യ, ദക്ഷിണ സുഡാന്‍, പടിഞ്ഞാറന്‍ സഹാറ എന്നിവിടങ്ങളിലായി നിലവില്‍ 6,693 ഇന്ത്യന്‍ ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിട്ടുള്ളത്. 124 ട്രൂപ്പുകളിലായി 96,000ത്തിലധികം സുരക്ഷാ ഉദ്യോഗസ്ഥര്‍ വിവിധ രാജ്യങ്ങളില്‍ നിന്നായി യു എന്‍ സമാധാന പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നുണ്ട്.

സമാധാന സേന രൂപവത്കൃതമായതിന്റെ എഴുപതാം വാര്‍ഷികം കഴിഞ്ഞ ദിവസം ആചരിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കണക്കുകള്‍ പുറത്തുവിട്ടത്. 1948 മെയ് 29നാണ് ഐക്യരാഷ്ട്രസഭയുടെ കീഴില്‍ സമാധാന ദൗത്യ സംഘടനയായ യുനൈറ്റഡ് നാഷന്‍ ട്രൂസ് സൂപ്പര്‍വിഷന്‍ ഓര്‍ഗനൈസേഷന്‍ പ്രവര്‍ത്തനം തുടങ്ങിയത്. മധ്യപൂര്‍വേഷ്യയിലായിരുന്നു സംഘടനയുടെ ആദ്യ പ്രവര്‍ത്തനം.

Latest