Connect with us

National

ആദ്യ ദയാഹരജി തള്ളി രാംനാഥ് കോവിന്ദ്

Published

|

Last Updated

ന്യൂഡല്‍ഹി: രാഷ്ട്രപതിയായി ചുമതലയേറ്റ ശേഷം തനിക്ക് മുന്നിലെത്തിയ ആദ്യ ദയാഹരജി രാംനാഥ് കോവിന്ദ് തള്ളി. അഞ്ച് വര്‍ഷം മുമ്പ് സുപ്രീം കോടതി ശരിവെച്ച വധശിക്ഷയില്‍ ഇളവ് തേടി ജഗത് റായി എന്നയാള്‍ സമര്‍പ്പിച്ച ദയാഹരജിയാണ് രാഷ്ട്രപതി തള്ളിയത്. രാഷ്ട്രപതിയാകുന്നതിന് മുമ്പ് കോവിന്ദ് ഗവര്‍ണറായി പ്രവര്‍ത്തിച്ച ബീഹാറില്‍ നിന്നുള്ള കുറ്റവാളിയാണ് ജഗത് റായി.

രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വിജേന്ദ്ര മഹതോ എന്നയാളുടെ ഭാര്യയെയും അഞ്ച് കുട്ടികളെയും വീടിന് തീയിട്ട് ചുട്ടുകൊന്ന കേസിലാണ് ജഗത് റായിക്ക് വധശിക്ഷ വിധിച്ചത്. വൈശാലിയിലെ ശ്യാം ചന്ദ് ഗ്രാമത്തില്‍ 2006 ജനുവരി ഒന്നിനാണ് സംഭവം നടന്നത്. ഹൈക്കോടതിയുടെ ശിക്ഷാ വിധി 2013ല്‍ സുപ്രീം കോടതി ശരിവെക്കുകയായിരുന്നു.

കഴിഞ്ഞ വര്‍ഷമാണ് ജഗത് റായിയുടെ ദയാഹരജി രാഷ്ട്രപതിക്ക് കൈമാറിയത്. അന്ന് രാഷ്ട്രപതിയായിരുന്ന പ്രണാബ് കുമാര്‍ മുഖര്‍ജി അത് പരിഗണനക്ക് എടുത്തില്ല. താന്‍ പരിഗണിച്ച 34 ദയാഹരജികളില്‍ 30 എണ്ണവും മുഖര്‍ജി തള്ളുകയായിരുന്നു. ശേഷിക്കുന്ന നാല് പേര്‍ക്ക് അദ്ദേഹം മാപ്പ് അനുവദിക്കുകയും ചെയ്തു. ദയാഹരജി തള്ളിയ എണ്ണം കണക്കാക്കുമ്പോള്‍ രണ്ടാം സ്ഥാനമാണ് പ്രണാബ് മുഖര്‍ജിക്ക്. ആര്‍ വെങ്കട്ടരാമന്‍ (1987-92) 45 ദയാഹരജികളാണ് തള്ളിയത്. കെ ആര്‍ നാരായണന്‍ ഒരു ദയാഹരജിയും പരിഗണിച്ചിരുന്നില്ല.