Connect with us

Kerala

ട്രോളിംഗ് നിരോധം ജൂണ്‍ പത്ത് മുതല്‍

Published

|

Last Updated

തിരുവനന്തപുരം: ഈ വര്‍ഷത്തെ ട്രോളിംഗ് നിരോധം ജൂണ്‍ പത്തിന് അര്‍ധരാത്രി മുതല്‍ പ്രാബല്യത്തില്‍ വരും. 52 ദിവസമാണ് നിരോധം. കഴിഞ്ഞ വര്‍ഷം ഇത് 47 ദിവസമായിരുന്നു. തമിഴ്‌നാട് ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളില്‍ 61 ദിവസമാണ് നിരോധനം. ഘട്ടംഘട്ടമായി 61 ദിവസമാക്കി ഉയര്‍ത്തുന്നതിന്റെ ആദ്യ പടിയായി കേരളത്തിലും ഈ വര്‍ഷം ഏഴ് ദിവസം കൂട്ടാന്‍ തീരുമാനിച്ചെങ്കിലും മത്സ്യത്തൊഴിലാളി സംഘടനകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്ന് വേണ്ടെന്ന് വെക്കുകയായിരുന്നു.

കടലിന്റെ ആവാസ വ്യവസ്ഥ നിലനിര്‍ത്തുന്നതിനും മത്സ്യ ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച കേരളത്തിന് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി മാറി നില്‍ക്കാനാകില്ലെന്ന് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു. ട്രോളിംഗ് നിരോധത്തിന്റെ ഭാഗമായി എല്ലാ ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മുഴുവന്‍ തീരദേശ ജില്ലകളിലും 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമുകള്‍ ആരംഭിച്ചു. അപകടം സംബന്ധിച്ച വിവരങ്ങള്‍ അറിയിക്കുന്നതിനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. മണ്‍സൂണ്‍ സീസണില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനും കടല്‍ പട്രോളിംഗിനുമായി 17 സ്വകാര്യ ബോട്ടുകള്‍ വാടകക്ക് എടുക്കുമെന്നും ആവശ്യമെങ്കില്‍ കൂടുതല്‍ ബോട്ടുകള്‍ കടലില്‍ ഇറക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഇതര സംസ്ഥാന ബോട്ടുകള്‍ ജൂണ്‍ ഒമ്പതിന് മുമ്പ് കേരള തീരം വിടണം. ഹാര്‍ബറുകളിലും ലാന്‍ഡിംഗ്്് സെന്ററുകളിലും പ്രവര്‍ത്തിക്കുന്ന ഡീസല്‍ ബങ്കുകള്‍ ഈ കാലയളവില്‍ പ്രവര്‍ത്തിക്കില്ല.

Latest