എയര്‍സെല്‍ മാക്‌സിസ് അഴിമതി: ചിദംബരത്തിന് ആശ്വാസം

അടുത്ത മാസം അഞ്ച് വരെ അറസ്റ്റുണ്ടാകില്ല
Posted on: May 31, 2018 6:01 am | Last updated: May 30, 2018 at 11:45 pm

ന്യൂഡല്‍ഹി: എയര്‍സെല്‍ മാക്സിസ് ഇടപാട് കേസില്‍ മുന്‍ കേന്ദ്ര മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ പി ചിദംബരത്തിനെ ജൂണ്‍ അഞ്ച് വരെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞു. ചിദംബരം നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഡല്‍ഹി പട്യാല ഹൗസ് കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ വാദം കേള്‍ക്കുന്ന അടുത്ത മാസം അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് കോടതി നിര്‍ദേശം നല്‍കി.

എയര്‍സെല്‍ മാക്സിസ് ഇടപാടില്‍ ജൂണ്‍ അഞ്ചിന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ചിദംബരത്തിന് കഴിഞ്ഞ ദിവസം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ ഡല്‍ഹി പട്യാല ഹൗസ് കോടതിയില്‍ ചിദംബരം മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യുമെന്ന് ആശങ്കപ്പെടുന്നതായി ചിദംബരത്തിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കേടതിയില്‍ വ്യക്തമാക്കി. കേസ് രാഷ്ട്രീയ പ്രേരിതമാണ്. അന്വേഷണവുമായി ചിദംബരം സഹകരിക്കുമെന്നും കപില്‍ സിബല്‍ അറിയിച്ചു. തുടര്‍ന്ന് കോടതി ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇ ഡിക്കും സി ബി ഐക്കും കോടതി നോട്ടീസ് അയക്കുകയും അടുത്തമാസം അഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് ഉത്തരവിടുകയുമായിരുന്നു.

2006ല്‍ ചിദംബരം ധനമന്ത്രിയായിരിക്കെ മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ എന്‍ എക്സ് മീഡിയക്ക് വിദേശ നിക്ഷേപം ലഭ്യമാക്കാന്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി മൂന്ന് കോടി രൂപ കോഴ വാങ്ങിയെന്നാണ് ആരോപണം. നേരത്തെ കാര്‍ത്തിയെ ഇ ഡി ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതേ വിഷയത്തില്‍ സി ബി ഐയും കേസെടുത്തിരുന്നു. കേസില്‍ ചിദംബരം ഇടപെട്ടിട്ടുണ്ടോയെന്നാണ് ഇ ഡി അന്വേഷിക്കുന്നത്.

കേസില്‍ പ്രതിചേര്‍ത്ത മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്‍ അടക്കമുള്ളവരെ കഴിഞ്ഞ ഫെബ്രുവരിയില്‍ സി ബി ഐ പ്രത്യേക കോടതി വിട്ടയച്ചിരുന്നു. കഴിഞ്ഞ ഡിസംബറില്‍ എന്‍ഫോഴ്സ്മെന്റ് കാര്‍ത്തിയുടെ അടുത്ത സുഹൃത്തുക്കളുടെ ചെന്നൈയിലും കൊല്‍ക്കത്തയിലുമുള്ള വസ്തുക്കള്‍ റെയ്ഡ് ചെയ്തിരുന്നു. സെപ്തംബറില്‍ 1.16 കോടിയുടെ സ്വത്തുവകകള്‍ കാര്‍ത്തിയില്‍ നിന്ന് എന്‍ഫോഴ്സ്മെന്റ് കണ്ടുകെട്ടിയിട്ടുണ്ട്.