കെവിന്‍ വധം: മൂന്ന് പേര്‍കൂടി പിടിയില്‍

Posted on: May 30, 2018 4:21 pm | Last updated: May 30, 2018 at 10:58 pm

കോട്ടയം: കെവിന്‍ വധവുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ കൂടി പോലീസ് പിടിയില്‍. നിഷാദ്, ഷെഫിന്‍,ടിറ്റോ ജെറോം എന്നിവരാണ് പിടിയിലായിരിക്കുന്നത്. സംഭവത്തില്‍ നേരിട്ട് പങ്കാളികളായിരുന്നവരാണ് ഇവര്‍. ഇതോടെ കേസില്‍ പിടിയിലായ പ്രതികളുടെ എണ്ണം ഒമ്പതായി.

ഏറ്റുമാനൂര്‍ കോടതി വളപ്പില്‍വെച്ചാണ് നിഷാദും ശെഫിനും പിടിയിലാകുന്നത്. കോടതിയില്‍ കീഴടങ്ങാനെത്തിയ ഇരുവരേയും കോടതി പരിസരത്ത് മഫ്തിലുണ്ടായിരുന്ന പോലീസ് സംഘം പിടികൂടുകയായിരുന്നു. കേസില്‍ മുഖ്യ പ്രതിയായ ഷാനു ചാക്കോയുടെ ബന്ധുവാണ് പിടിയിലായ ഷെഫിന്‍. നിഷാദ് ഓട്ടോ െ്രെഡവറാണ്. ഇരുവരേയും പോലീസ് ചോദ്യം ചെയ്തുവരികയാണ്.

ടിറ്റോ ജെറോം പീരുമേട് കോടതിയില്‍ കീഴടങ്ങുകയായിരുന്നു. രണ്ട് പോലീസുകാരുള്‍പ്പെടെ 14 പേരാണ് കേസില്‍ പ്രതികളായുള്ളത്. പ്രതികളെ സഹായിച്ചെന്ന പേരിലാണ് രണ്ട് പോലീസുകാരെ കൂടി പ്രതി ചേര്‍ത്തത്. ഗാന്ധി നഗര്‍ എ എസ് ഐ ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ള പോലീസുകാര്‍. അജയകുമാറിനെ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനിലേക്ക് ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയിരുന്നു. അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ അജയകുമാര്‍ ഇറങ്ങിയോടുകുയും കൂടെയുള്ള പോലീസുകാര്‍ ഇയാളെ വളഞ്ഞിട്ട് പിടികൂടുകയുമായിരുന്നു. ചോദ്യം ചെയ്യല്‍ തുടരുകയാണ്.