Connect with us

International

പുടിന്‍ വിമര്‍ശകനായ മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകം: ഉക്രൈന്റെ ആരോപണം റഷ്യ തള്ളി

Published

|

Last Updated

മോസ്‌കൊ: പത്രപ്രവര്‍ത്തകനും പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്റെ കടുത്ത വിമര്‍ശകനുമായ അര്‍കാദി ബാബ്‌ചെന്‍കൊയുടെ കൊലപാതകത്തിന് പിന്നില്‍ റഷ്യയാണെന്ന ഉക്രൈന്റെ ആരോപണം റഷ്യ നിഷേധിച്ചു. 2016ല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ച സംഭവത്തില്‍ ദു:ഖം രേഖപ്പെടുത്താത്തതിനെത്തുടര്‍ന്നുണ്ടായ ഭീഷണിയില്‍ ഉക്രൈനില്‍ അഭയം തേടുകയായിരുന്നു ബാബ്‌ചെന്‍കൊ. ചൊവ്വാഴ്ചയാണ് ഉക്രൈന്‍ തലസ്ഥാനമായ കീവില്‍ വെച്ച് ബാബ്‌ചെന്‍കൊ കൊല്ലപ്പെടുന്നത്.

റഷ്യയുടെ സമഗ്രാധിപത്യ സംവിധാനം സത്യസന്ധനായ ബാബ്‌ചെന്‍കൊക്ക് മാപ്പ് നല്‍കിയില്ലെന്ന് കൊലപാതകത്തിന് ശേഷം ഉക്രൈന്‍ പ്രധാനമന്ത്രി വോള്‍ദിമിര്‍ ഗ്രോയ്‌സ്മാന്‍ സാമൂഹ്യമാധ്യമത്തില്‍ കുറിച്ചിരുന്നു. അതേ സമയം ഉക്രൈന്റെ ആരോപണം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ് നിഷേധിച്ചു. കൊലപാതകത്തെ ദുരന്തമെന്ന് വിശേഷിപ്പിച്ച ലാവ്‌റോവ് ആരോപണം അടിസ്ഥാനരഹിതവും ഉക്രൈന്റെ റഷ്യന്‍ വിരുദ്ധ നിലപാടിന്റെ തുടര്‍ച്ചയുമാണെന്ന് കുറ്റപ്പെടുത്തി. സംഭവം സംബന്ധിച്ച് അന്വേഷണം പോലും തുടങ്ങുന്നതിന് മുമ്പെയാണാണ് റഷ്യക്കെതിരെ ആരോപണമുന്നയിക്കുന്നതെന്നും ലാവ്‌റോവ് പറഞ്ഞു.

രണ്ട് വര്‍ഷത്തിനുള്ളില്‍ ഉക്രൈനില്‍ കൊല്ലപ്പെടുന്ന നാലാമത്തെ റഷ്യന്‍ വിമര്‍ശകനാണ് ബാബ്‌ചെന്‍കൊ.

Latest