ചെങ്ങന്നൂരില്‍ പരാജയംമണത്ത് കോണ്‍ഗ്രസ്; തിരഞ്ഞെടുപ്പ് പ്രവര്‍ത്തകര്‍ ഗൗരവത്തിലെടുത്തില്ലെന്ന് വിജയകുമാര്‍

Posted on: May 30, 2018 1:51 pm | Last updated: May 31, 2018 at 12:57 pm

ചെങ്ങന്നൂര്‍: ഉപതിരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗൗരവത്തിലെടുത്തില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ഡി വിജയകുമാര്‍.
തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ കോണ്‍ഗ്രസിന് വീഴ്ച പറ്റി. ബൂത്ത് പ്രവര്‍ത്തനങ്ങളിലാണ് വീഴ്ച സംഭവിച്ചത്. തന്റെ വീട്ടില്‍ ഒരു പ്രചാരണ നോട്ടീസ് പോലും എത്തിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മറ്റിക്കും വീഴ്ച പറ്റിയിട്ടുണ്ട്. തനി്ക്കു വേണ്ടിയുള്ള പരസ്യങ്ങള്‍ കുറവായിരുന്നു. പ്രചാരണത്തിനായി തന്റെ അഭിപ്രായങ്ങള്‍ തേടിയില്ല. മണ്ഡലത്തിലെത്തിയ ചിലര്‍ കാര്യങ്ങള്‍ മനസ്സിലാക്കാതെ പ്രസംഗിച്ചുവെന്നും വിജയകുമാര്‍ സ്വകാര്യ ചാനലിനോട് പറഞ്ഞു.

മുസ്‌ലിം ലീഗ് ഉള്‍പ്പെടെയുള്ള ഘടക കക്ഷികള്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചു. കുഞ്ഞാലിക്കുട്ടിയും കെഎം മാണിയും എ കെ ആന്റണി, ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളും ഒപ്പം നിന്നു. പക്ഷേ താഴേത്തട്ടില്‍ വേണ്ടത്ര സജീവമായിരുന്നില്ല. എന്നാല്‍ ഈ കുറവുകള്‍ ഒന്നും തന്റെ വിജയത്തെ ബാധിക്കില്ലെന്നും വലിയ ഒരു വിഭാഗം തനിക്ക് പിന്തുണ നല്‍കിയിട്ടുണ്ടെന്നും വിജയകുമാര്‍ പറഞ്ഞു.

ചെങ്ങന്നൂരില്‍ നാളെ വോട്ടെണ്ണല്‍ നടക്കാനിരിക്കേയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയുടെ പ്രതികരണം. ഇത് പാര്‍ട്ടി അണികളിലും വലിയ ചര്‍ച്ചയായിട്ടുണ്ട്.