Connect with us

Kerala

വിലക്കയറ്റത്തിന് വഴിയൊരുക്കി ഇന്ധന വിലവര്‍ധന

Published

|

Last Updated

തിരുവനന്തപുരം: ജനവജീവിതത്തെ ദുരിതത്തിലാക്കുന്ന തരത്തില്‍ അവശ്യ വസ്തുക്കളുടെ വിലവര്‍ധനക്ക് വഴിയൊരുക്കി ഇന്ധനവില ക്രമാതീതമായി ഉയരുന്നു. വികസ്വര രാജ്യമെന്ന നിലയില്‍ വിലക്കയറ്റത്തിലേക്ക് നയിക്കുന്ന നിരവധി കാരണങ്ങള്‍ നിലനില്‍ക്കെ തന്നെ ഇതിന് വേഗം കൂട്ടുന്നതാണ് തുടര്‍ച്ചയായ ഇന്ധന വിലവര്‍ധന. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് വഴിയൊരുക്കുന്ന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായാണ് തുടര്‍ച്ചയായ ഇന്ധന വിലവര്‍ധനയെ സാമ്പത്തിക വിദഗ്ധര്‍ പരിഗണിക്കുന്നത്. ക്രമാതീതമായ ഇന്ധന വിലവര്‍ധനക്ക് പുറമെ അവശ്യ വസ്തുക്കളുടെ ആവശ്യം വര്‍ധിക്കുന്നതോടൊപ്പം വിപണിയിലും ഉത്പാദന മേഖലയിലും ലഭ്യതക്കുറവ് അനുഭവപ്പെടുക, ജനങ്ങളുടെ കൈവശമുള്ള പണം ദുര്‍വ്യയം ചെയ്യപ്പെടുക, അവശ്യ വസ്തുക്കളുടെ ആവശ്യം വര്‍ധിക്കുന്നതിന് സമാന്തരമായി പൂഴ്ത്തിവെപ്പും കരിഞ്ചന്തയും നടത്തുക തുടങ്ങിയവയും വിലക്കയറ്റത്തിന്റെ കാരണങ്ങളാണ്.

ഇന്ധന വില നിയന്ത്രിക്കുമെന്നും കള്ളപ്പണം കണ്ടുകെട്ടുമെന്നും പ്രഖ്യാപിച്ച് അധികാരത്തിലെത്തിയ മോദി സര്‍ക്കാര്‍ അമിതമായ വിലക്കയറ്റമാണ് രാജ്യത്തിന് സമ്മാനിച്ചത്. അരി, ഗോതമ്പ്, പഞ്ചസാര, പാല്‍, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍ ഇവയുടെ വില ശരാശരി 45 ശതമാനത്തിലേറെ വര്‍ധിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. കടലപ്പരിപ്പിന് 101.67 ശതമാനവും ഉഴുന്നു പരിപ്പിന്റെ വില 99.64 ശതമാനവും ചെറുപയര്‍ പരിപ്പിന്റെ വില 68.67 ശതമാനവും മൈസൂര്‍ പരിപ്പിന് വില 42.67 ശതമാനവും ഈ കാലഘട്ടത്തില്‍ വര്‍ധിച്ചിട്ടുണ്ട്. ഭക്ഷ്യ രംഗത്തെ വില എട്ട് ശതമാനമായി വര്‍ധിച്ചുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ഉരുളക്കിഴങ്ങിന് വില 68 ശതമാനവും പയര്‍ വര്‍ഗങ്ങളുടെ വില 38 ശതമാനവും പച്ചക്കറികളുടെ വില 33 ശതമാനവും ഈ കാലയളവില്‍ വര്‍ധിച്ചിട്ടുണ്ട്.

കഴിഞ്ഞ രണ്ടര വര്‍ഷത്തിനിടയില്‍ നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ ക്രമാതീതമായ വര്‍ധന അനുഭവപ്പെട്ടിട്ടുണ്ട്. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് സാധാരണ ജനങ്ങളുടെ ദൈനംദിന ജീവിതത്തെയാണ്. പെട്രോള്‍, ഡീസല്‍ വിലവര്‍ധനയാണ് ഒരളവുവരെ വിലക്കയറ്റത്തിലേക്ക് രാജ്യത്തെ തള്ളിവിട്ടത്. ദൈനംദിന വിപണിയെ നേരിട്ടു ബാധിക്കുന്നതാണ് ഇന്ധന വിലവര്‍ധനയെന്നതിനാല്‍ ക്രമാതീതമായ ഇന്ധന വിലവര്‍ധന സാധാരണക്കാരുടെ ജീവിതത്തെ വളരെ പെട്ടെന്ന് സ്വാധീനിച്ചിട്ടുണ്ട്. ഇന്ധന വില വര്‍ധിച്ചപ്പോള്‍ ചരക്കുകളുടെ കയറ്റിറക്ക് കൂലി വര്‍ധിപ്പിച്ചതോടെ ഇത് രാജ്യത്തെ മുഴുവന്‍ വിപണിയെയും ബാധിച്ചു.

എന്‍ ഡി എ സര്‍ക്കാര്‍ ഈ നാല് വര്‍ഷത്തിനിടെ പതിമൂന്ന് തവണയാണ് ഇന്ധനത്തിന്റെ എക്‌സൈസ് തീരുവ വര്‍ധിപ്പിച്ചത്. ഇതുവഴി രാജ്യാന്തര വിപണിയില്‍ ഇന്ധന വിലയില്‍ വന്ന കുറവിന്റെ പ്രയോജനമാണ് രാജ്യത്തെ ജനങ്ങള്‍ക്ക് ലഭിക്കാതെ പോയത്. ഇതുവഴി സര്‍ക്കാറിനും എണ്ണക്കമ്പനികള്‍ക്കും കോടിക്കണക്കിന് രൂപയുടെ അധിക വരുമാനമാണ് ലഭിച്ചത്. സര്‍ക്കാറിന് ഒരു ലക്ഷം കോടിയിലേറെ രൂപ അധികം ലഭിച്ചപ്പോള്‍ അത്രയും രൂപ ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ് ചെയ്തത്. കാര്‍ഷിക രംഗത്ത് ഗുരുതരമായ തകര്‍ച്ച നേരിടുമ്പോള്‍ ഈ വിലക്കയറ്റം കൃഷിക്കാരെ ആത്മഹത്യയിലേക്കാണ് എത്തിക്കുന്നത്. കഴിഞ്ഞ വര്‍ഷം 26 ശതമാനത്തോളം കര്‍ഷക ആത്മഹത്യ വര്‍ധിച്ചിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ വ്യക്തമാക്കുന്നുണ്ട്.

കഴിഞ്ഞ യു പി എ സര്‍ക്കാറിന്റെ കാലഘട്ടത്തില്‍ രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില ബാരലിന് 140 ഡോളര്‍ വരെ ഉയര്‍ന്ന സമയത്താണ് അവശ്യ വസ്തുക്കള്‍ക്ക് രാജ്യത്ത് ഏറ്റവും കൂടുതല്‍ വിലക്കയറ്റം അനുഭവപ്പെട്ടത്. ഇതിന് പ്രധാന കാരണം ഇന്ധന വിലവര്‍ധനയായിരുന്നു. ചില ഘട്ടങ്ങളില്‍ അസംസ്‌കൃത എണ്ണയുടെ വില 28 ഡോളര്‍ വരെയെത്തിയിരുന്നുവെങ്കിലും വിലക്കുറവിന്റെ പ്രയോജനം ജനങ്ങള്‍ക്ക് ലഭിച്ചിരുന്നില്ല. അസംസ്‌കൃത എണ്ണയുടെ വില വര്‍ധിക്കുമ്പോള്‍ ഇന്ധന വില വര്‍ധനയിലൂടെ ഇത് പ്രകടമാകുകയും ചെയ്യുന്നുണ്ട്.

ബ്യൂറോ ചീഫ്, തിരുവനന്തപുരം

Latest