Connect with us

National

ഉത്തരേന്ത്യയില്‍ ഇടിമിന്നല്‍, കൊടുങ്കാറ്റ്; 54 മരണം

Published

|

Last Updated

ന്യൂഡല്‍ഹി: ശക്തമായ ഇടിമിന്നലിലും കൊടുങ്കാറ്റിലും ഉത്തരേന്ത്യയില്‍ 54 മരണം. ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഝാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍ സംസ്ഥാനങ്ങളിലായാണ് 24 മണിക്കൂറിനിടെ 54 പേര്‍ മരിച്ചത്. ഈ മാസം ആദ്യമുണ്ടായ പൊടിക്കാറ്റിലും കനത്ത മഴയിലും 134 പേര്‍ മരിക്കുകയും നാനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.

ഈ മാസമുണ്ടായ ഏറ്റവും ശക്തമായ ഇടിമിന്നലാണ് തിങ്കളാഴ്ച രാത്രിയിലുണ്ടായത്. മിന്നലിന് പുറമെ ശക്തമായ കാറ്റിലും മഴയിലുമായി ഉത്തര്‍പ്രദേശില്‍ പതിനേഴ് പേരും ബിഹാറില്‍ പത്തൊമ്പത് പേരും മരിച്ചു. ഝാര്‍ഖണ്ഡില്‍ പന്ത്രണ്ടും മധ്യപ്രദേശില്‍ നാല് പേരുമാണ് മരിച്ചത്. പശ്ചിമ ബംഗാളിലെ മാള്‍ഡ ജില്ലയില്‍ വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് പേര്‍ മരിച്ചു.

• ബിഹാറിലെ ഗയ, ഔറംഗബാദ് ജില്ലകളിലായി അഞ്ച് പേര്‍ വീതമാണ് മിന്നലേറ്റ് മരിച്ചതെന്ന് ബിഹാറിലെ ദുരന്തനിവാരണ വിഭാഗം അറിയിച്ചു. മുംഗേര്‍ ജില്ലയില്‍ നാലും കടിഹാര്‍ മൂന്നും നവാദാ ജില്ലയില്‍ രണ്ടാളുകളും വ്യത്യസ്ത അപകടങ്ങളിലായി മരിച്ചു.

• യു പിയിലെ ഉന്നാവോയില്‍ ആറ് പേരാണ് മരിച്ചതെന്ന് യു പി ദുരിതാശ്വാസ കമ്മീഷണര്‍ സഞ്ജയ് കുമാര്‍ അറിയിച്ചു. മിന്നലേറ്റ് രണ്ട് പേരും കനത്ത കാറ്റിലും മഴയിലും കെട്ടിടം തകര്‍ന്നുവീണും മരം കടപുഴകി വീണുമാണ് മറ്റ് മരണം. റായ്ബറേലിയില്‍ മൂന്നും കാണ്‍പൂര്‍, പിലിഭിത്ത്, ഗോണ്ട ജില്ലകളില്‍ രണ്ട് പേര്‍ വീതവും വിവിധ അപകടങ്ങളിലായി മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു.

• മധ്യപ്രദേശിലെ ഭൂരിഭാഗം അപകടങ്ങളും ബുന്ദേല്‍ഖണ്ഡ് മേഖലയിലാണ്. ഈ മാസം ആദ്യമുണ്ടായ പൊടിക്കാറ്റിലും മിന്നലിലും മരിച്ചവരില്‍ ഭൂരിഭാഗം പേരും ഉത്തര്‍പ്രദേശില്‍ നിന്നുള്ളവരാണ്.

• അടുത്ത കുറച്ച് ദിവസങ്ങളില്‍ കൂടി ഉത്തരേന്ത്യയില്‍ ഇടിമിന്നലും കനത്ത മഴയും ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. മണിക്കൂറില്‍ 50- 70 വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്.

• ദീര്‍ഘകാലമായുണ്ടാകുന്ന ചൂടേറിയ കാലാവസ്ഥയില്‍ ഭൂമിയുടെ ഉപരിതലം ചൂട് പിടിക്കുന്നതും കിഴക്കന്‍ തീരത്തുണ്ടാകുന്ന ന്യൂനമര്‍ദവുമാണ് ഇടിമിന്നലിനും കനത്ത കാറ്റിനും ഇടയാക്കുന്നതെന്നാണ് വിദഗ്ധര്‍ പറയുന്നത്.