Connect with us

Kerala

മര്‍കസ് മിഷന്‍ സ്മാര്‍ട്ട് വില്ലേജ്; റീജ്യനല്‍തല ഉദ്ഘാടനം ഇന്ന്

Published

|

Last Updated

കോഴിക്കോട്: രാജ്യത്തെ നൂറു ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന പദ്ധതി പുരോഗമിക്കുന്നു. മുസ്‌ലിംകള്‍ അടക്കമുള്ള പിന്നാക്ക വിഭാഗക്കാര്‍ സാമൂഹികമായും സാമ്പത്തികമായും അവശതയനുഭവിക്കുന്ന ഉത്തരേന്ത്യയിലേയും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലേയും തിരഞ്ഞെടുത്ത ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി പുരോഗമിക്കുന്നത്. കുടിവെള്ള സൗകര്യങ്ങള്‍, വിദ്യാലയ നിര്‍മാണം, അനാഥകളെ ഏറ്റെടുക്കല്‍, സ്വയം തൊഴില്‍ സംരംഭങ്ങള്‍ തയ്യാറാക്കി നല്‍കല്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍ക്കുള്ള സഹായോപകരണ വിതരണം തുടങ്ങി വ്യത്യസ്ത പദ്ധതികളാണ് നൂറുകണക്കിന് സന്നദ്ധ സേവകരുടെ നേതൃത്വത്തില്‍ മര്‍കസ് നടത്തിക്കൊണ്ടിരിക്കുന്നത്.

കര്‍ണാടക, ഡല്‍ഹി, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ്, ഒറീസ, പശ്ചിമ ബംഗാള്‍, ഗുജറാത്ത് തുടങ്ങിയ ഒരോ സംസ്ഥാനങ്ങളിലും ദീര്‍ഘവീക്ഷണത്തോടെയും ശാസ്ത്രീയമായും ഇത്തരം പദ്ധതികള്‍ നടപ്പാക്കാന്‍ മര്‍കസിന്റെ പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നു. ഉത്തരേന്ത്യന്‍ ജനതയുടെ പരിതാവസ്ഥ പരിഗണിച്ചാണ് ഗ്രാമങ്ങളെ ഏറ്റെടുക്കുന്ന കൂടുതല്‍ പദ്ധതികള്‍ ആ സംസ്ഥാനങ്ങളില്‍ നടപ്പാക്കുന്നത്.

മിഷന്‍ സ്മാര്‍ട്ട് വില്ലേജിന്റെ കീഴില്‍ ദക്ഷിണേന്ത്യയില്‍ നടപ്പാക്കുന്ന പദ്ധതികളുടെ രണ്ടാംഘട്ട വിതരണം ഇന്ന് ഉച്ചക്ക് മൂന്നിന് പരപ്പനങ്ങാടി ഒട്ടുമ്മല്‍ ബീച്ചില്‍ സി മുഹമ്മദ് ഫൈസി നിര്‍വഹിക്കും. കേരളത്തിലെ സാമൂഹിക പിന്നാക്കം നില്‍ക്കുന്ന കടലോര മേഖലകളും കോളനികളും കേന്ദ്രീകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്. നേരത്തെ പാലക്കാട് ജില്ലയിലെ ദാരിദ്ര്യമനുഭവിക്കുന്ന കുഗ്രാമങ്ങളുടെ മുന്നേറ്റത്തിനായി വിവിധ പദ്ധതികള്‍ നടപ്പാക്കിയിരുന്നു.

ഇന്ന് നടക്കുന്ന ചടങ്ങില്‍ വിവിധ തൊഴില്‍ ഉപകരണങ്ങളും ജീവിത ശാക്തീകരണ സംരംഭങ്ങളും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് വിതരണം ചെയ്യും. രണ്ട് കുടുംബങ്ങള്‍ക്ക് നിത്യവൃത്തികഴിഞ്ഞുപോകാന്‍ ബോട്ട്, സ്ത്രീ ശാക്തീകരണം ലക്ഷ്യമാക്കി ടൈലറിംഗ് മെഷീനുകള്‍, ഗ്രാമീണ മുന്നേറ്റം സാധ്യമാക്കാന്‍ കര്‍ഷക കുടുംബത്തിന് പശു, ശാരീരിക അവശതയുള്ളവര്‍ക്ക് മുച്ചക്ര വാഹനം എന്നിവയുടെ വിതരണമാണ് ഇന്ന് നടക്കുന്നത്.
ആര്‍ സി എഫ് ഐ റീജ്യനല്‍ മാനേജര്‍ റഷീദ് പുന്നശ്ശേരി, പ്രോജക്ട് കോഡിനേറ്റര്‍ യൂസുഫ് നൂറാനി, പരപ്പനങ്ങാടി മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ ഹനീഫ, സ്റ്റാ ന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഹനീഫ, ദേവന്‍ ആലുങ്ങല്‍, കെ പി എം കോയ, ശിഫാ അശ്‌റഫ്, കെ സി അലി, സയ്യിദ് ജസീല്‍ ഇര്‍ഫാനി, സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ പങ്കെടുക്കും.

---- facebook comment plugin here -----

Latest