Connect with us

Kerala

കരുണ മെഡിക്കല്‍ കോളജ്: വിദ്യാര്‍ഥികളുടെ ഹരജിയില്‍ ഇടപെടാനാകില്ലെന്ന് സുപീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി: കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥികള്‍ക്ക് എം ബി ബി എസ് പരീക്ഷ എഴുതാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹരജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. പരീക്ഷ എഴുതാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 14 വിദ്യാര്‍ഥികള്‍ സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, നവീന്‍ സിന്‍ഹ എന്നിവരടങ്ങിയ അവധിക്കാല ബഞ്ചാണ് ഇടപെടാനാകില്ലെന്ന് വ്യക്തമാക്കിയത്. വിദ്യാര്‍ഥികള്‍ നല്‍കിയ ഹരജിയില്‍ ഈ ഘട്ടത്തില്‍ ഇടപെടാനാകില്ലെന്നും കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി പ്രവേശനം സാധുവാക്കാനായി സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സ് ചോദ്യം ചെയ്ത് മെഡിക്കല്‍ കൗണ്‍സില്‍ നല്‍കിയ റിട്ട്ഹരജി പരിഗണിക്കുമ്പോള്‍ വിദ്യാര്‍ഥികളുടെ ഹരജിയും പരിഗണിക്കാമെന്നും ബഞ്ച് വ്യക്തമാക്കി.

2016-17 അധ്യയന വര്‍ഷം കണ്ണൂര്‍, കരുണ മെഡിക്കല്‍ കോളജുകളില്‍ ചട്ടവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാര്‍ഥികളെയും പുറത്താക്കണമെന്ന് ഏപ്രില്‍ അഞ്ചിനാണ് സുപ്രീം കോടതി ഉത്തരവിട്ടത്. പ്രവേശനം ക്രമപ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാര്‍ പുറപ്പെടുവിച്ച ഓര്‍ഡിനന്‍സ് റദ്ദാക്കിക്കൊണ്ടായിരുന്നു കോടതി ഉത്തരവ്. വിധി വരുന്നതിന് തലേദിവസം ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ നിയമസഭയില്‍ പാസാക്കുകയും ഗവര്‍ണറുടെ അനുമതിക്ക് അയക്കുകയും ചെയ്തു. എന്നാല്‍ കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഏപ്രില്‍ ഏഴിന് ഗവര്‍ണര്‍ പി സദാശിവം ബില്‍ മടക്കിയയക്കുകയായിരുന്നു.