സിംഗപ്പൂരില്‍ ട്രംപും ഉന്നും കാണുമോ?

Posted on: May 30, 2018 6:00 am | Last updated: May 29, 2018 at 11:21 pm

കൊറിയന്‍ ഉപദ്വീപില്‍ നിന്ന് ഏറ്റവും ഒടുവില്‍ വരുന്ന വാര്‍ത്തകള്‍ സമാധാന സ്‌നേഹികള്‍ക്ക് പ്രതീക്ഷ പകരുന്നതാണ്. ജൂണ്‍ 12ന് സിംഗപ്പൂരില്‍ നടക്കുമെന്ന് നിശ്ചയിച്ചിരുന്ന കിം ജോംഗ് ഉന്‍- ഡൊണാള്‍ഡ് ട്രംപ് കൂടിക്കാഴ്ചയുടെ സാധ്യത അടഞ്ഞുവെന്നായിരുന്നു കരുതിയിരുന്നത്. എന്നാലിപ്പോള്‍ വീണ്ടും പ്രതീക്ഷക്ക് ജീവന്‍ വെച്ചിരിക്കുന്നു. ചര്‍ച്ചക്ക് സന്നദ്ധമാണെന്ന് യു എസ് പ്രസിഡന്റ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് ഉന്നും വീണ്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നിന്റെ ഇടപെടലാണ് ഈ നേതാക്കളെ ഒരിക്കല്‍ കൂടി കൂടിക്കാഴ്ചാ മേശയിലേക്ക് ആകര്‍ഷിക്കുന്നതെന്ന് വേണം വിലയിരുത്താന്‍. മൂന്നാം ലോക മഹായുദ്ധം തുടങ്ങുക കൊറിയയെ ചൊല്ലിയാകുമെന്നാണല്ലോ ലോകം ഭീതി കൊള്ളുന്നത്. അതുകൊണ്ട് അവിടെ പ്രകാശിക്കുന്ന സമാധാനത്തിന്റെ ചെറുതിരി പോലും പ്രകാശഗോപുരമായി മാറും.

കൊറിയന്‍ മേഖല സംഘര്‍ഷഭരിതമായി തുടരണമെന്നാണ് അമേരിക്കയടക്കമുള്ള വന്‍ ശക്തികളുടെ ആഗ്രഹം. സമ്പൂര്‍ണ സമാധാനം സാധ്യമാകുകയും ഉത്തര- ദക്ഷിണ കൊറിയകള്‍ ഏകീകരിക്കുകയും ചെയ്യുന്നതില്‍ ചൈനക്കും വലിയ താത്പര്യമില്ല. പുനരേകീകരണം ഇരു കൊറിയകളിലെയും ജനങ്ങളുടെ മാത്രം ആവശ്യമാണ്. ആ രാജ്യങ്ങളിലെ നേതാക്കള്‍ ഇപ്പോള്‍ അത് തിരിച്ചറിയുന്നുണ്ട്. അതുകൊണ്ടാണ് ചരിത്രത്തിലാദ്യമായി ഉത്തര കൊറിയന്‍ നേതാവ് ദക്ഷിണ കൊറിയയില്‍ പോയതും യുദ്ധവിരാമ കരാറില്‍ ഒപ്പുവെക്കാന്‍ തീരുമാനിച്ചതും. 1950ല്‍ തുടങ്ങിയ കൊറിയന്‍ യുദ്ധം 1953ല്‍ അവസാനിച്ചുവെങ്കിലും സമാധാന ഉടമ്പടിയില്‍ ഒപ്പു വെക്കാത്തതിനാല്‍ സാങ്കേതികമായി ഈ രാജ്യങ്ങള്‍ യുദ്ധത്തില്‍ തന്നെയാണ്. ഈ നില മാറ്റുന്നതിനാണ് ഉടന്‍ യുദ്ധ വിരാമ കരാറില്‍ ഒപ്പു വെക്കാന്‍ തീരുമാനിച്ചത്. മാത്രമല്ല, തങ്ങളുടെ ആണവ സങ്കേതങ്ങള്‍ അന്താരാഷ്ട്ര നിരീക്ഷകരും പത്രപ്രവര്‍ത്തകരും അടങ്ങുന്ന സംഘം കാണ്‍കെ പൊളിച്ചു മാറ്റുമെന്നും ആ ഉച്ചകോടിയില്‍ ഉത്തര കൊറിയന്‍ നേതാവ് ഉറപ്പ് നല്‍കി. എന്നുവെച്ചാല്‍ ഉത്തര കൊറിയ ഇനിമേല്‍ ദക്ഷിണ കൊറിയക്ക് ഒരു ഭീഷണിയല്ലാതായി മാറുന്നു. മറ്റാരൊക്കെയോ ചേര്‍ന്ന് വെട്ടിമുറിച്ചതിനെ കൊറിയന്‍ ജനത കൂട്ടിച്ചേര്‍ക്കുകയാണ്. പക്ഷേ ഈ നീക്കങ്ങളെല്ലാം വിജയിക്കണമെങ്കില്‍ അമേരിക്കയുടെ നിലപാട് നിര്‍ണായകമാണ്. ഇന്നും യു എസിനെ മറികടന്ന് ദ. കൊറിയക്ക് മുന്നോട്ട് പോകാനാകില്ല. അതുകൊണ്ട് സമാധാനം സാധ്യമാകണമെങ്കില്‍ ആദ്യം ഉത്തര കൊറിയയും യു എസും ധാരണയിലെത്തണം. ഉന്‍- ട്രംപ് കൂടിക്കാഴ്ചക്കായി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് ഇത്രമേല്‍ മുന്‍കൈയെടുക്കുന്നതിന്റെ രഹസ്യമതാണ്.

ഈ നീക്കത്തോട് തുടക്കത്തില്‍ അനുകൂലമായി പ്രതികരിച്ച ട്രംപ് തീയതിയും സ്ഥലവും നിശ്ചയിച്ച ശേഷം പൊടുന്നനെ പാലം വലിക്കുകയാണ് ചെയ്തത്. യു എസുമായുള്ള ചര്‍ച്ചക്ക് മുന്നോടിയായി ആണവ പരീക്ഷണ കേന്ദ്രം ഉത്തര കൊറിയ തകര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് ചര്‍ച്ചയില്‍ നിന്ന് യു എസ് പിന്മാറുന്നുവെന്ന വാര്‍ത്ത പുറത്തുവരുന്നത്. ചര്‍ച്ചയില്‍ നിന്ന് പിന്മാറുന്നതായി അറിയിച്ച് കിം ജോംഗ് ഉന്നിന് ട്രംപ് കത്തയക്കുകയായിരുന്നു. ഉന്‍ വാക്കു പാലിച്ചു. ട്രംപ് വാക്കുമാറി.

എന്നാല്‍ അതിന് പിറകേ ഒരു മാധ്യമത്തെയും അറിയിക്കാതെ, ഒട്ടും കൊട്ടിഘോഷിക്കാതെ ദക്ഷിണ കൊറിയന്‍ പ്രസിഡന്റും ഉത്തര കൊറിയന്‍ നേതാവും ഒരിക്കല്‍ കൂടി കൂടിക്കാഴ്ച നടത്തി. നേരത്തേ അവര്‍ ഹസ്തദാനം ചെയ്ത അതേ സ്ഥലത്തായിരുന്നു ചര്‍ച്ച. പുറം ലോകത്തെ മറികടന്ന് മുന്നോട്ട് പോകാനുള്ള സാധ്യതയാണ് അവര്‍ ചര്‍ച്ച ചെയ്തത്. തങ്ങളെ അവഗണിച്ച് ഈ രാജ്യങ്ങള്‍ സ്വന്തം വഴി വെട്ടുന്നത് അമേരിക്കക്ക് സഹിക്കാനാകില്ലല്ലോ. അതുകൊണ്ട് ഡൊണാള്‍ഡ് ട്രംപ് ഒരിക്കല്‍ കൂടി തിരിച്ചു വന്നിരിക്കുന്നു. ഉന്നിനെ കാണാന്‍ തയ്യാറാണത്രേ. ജൂണ്‍ 12ന് സിംഗപ്പൂരില്‍ വെച്ച് തന്നെ.

ഈ ചര്‍ച്ചയില്‍ മേല്‍ക്കൈ തനിക്കായിരിക്കണമെന്ന ട്രംപിന്റെ ശാഠ്യമാണ് അനിശ്ചിതാവസ്ഥയുടെ യഥാര്‍ഥ കാരണം. കാര്‍ക്കശ്യത്തില്‍ നിന്ന് ഉദാരതയിലേക്കും നിഗൂഢതയില്‍ നിന്ന് തുറസ്സിലേക്കും യുദ്ധോത്സുകതയില്‍ നിന്ന് സമാധാന വാഞ്ഛയിലേക്കും വികാരത്തില്‍ നിന്ന് വിചാരത്തിലേക്കും സഞ്ചരിച്ച ഉന്നാണ് ലോകത്തിന്റെ മുമ്പില്‍ ഇപ്പോഴുള്ളത്. ആണവ പരിപാടിയില്‍ നിന്ന് പിറകോട്ട് പോകാന്‍ ഉന്‍ സന്നദ്ധനാകുമ്പോള്‍ അമേരിക്കയില്‍ നിന്ന് കൂടുതല്‍ ചോദിക്കാനുള്ള ശേഷിയാണ് അദ്ദേഹം ആര്‍ജിക്കുന്നത്. കൊറിയന്‍ മേഖലയില്‍ നിന്ന് അമേരിക്കന്‍ സൈനിക സന്നാഹം പൂര്‍ണമായി പിന്‍വലിക്കണമെന്ന് ഉന്‍ ശഠിക്കും. തന്റെ രാജ്യത്തിനെതിരെ അമേരിക്ക കാലങ്ങളായി അടിച്ചേല്‍പ്പിക്കുന്ന ഉപരോധങ്ങള്‍ പിന്‍വലിക്കാനും ആവശ്യപ്പെടും. ഇരു കൊറിയകളും തമ്മിലുള്ള ഏകീകരണ പ്രക്രിയയില്‍ ഇടപെടരുതെന്നും നിഷ്‌കര്‍ഷിക്കും. ഏകപക്ഷീയമായ നിരായുധീകരണം പരിഹാരമല്ലെന്ന നിലപാടില്‍ തന്നെയാകും ഉന്‍ ഊന്നുക.

ഇവയിലൊന്നു പോലും അംഗീകരിക്കാതെ എഴുന്നേറ്റ് പോന്നാല്‍ തന്റെ പ്രതിച്ഛായ ഇനിയും ഇടിയുമെന്ന് ട്രംപിനറിയാം. സിംഗപ്പൂരില്‍ പോകണമോ വേണ്ടയോ എന്ന ആശയക്കുഴപ്പത്തിന്റെ കാരണമതാണ്. എന്നാല്‍ സ്വയമൊരു ആണവ ശക്തിയായ അമേരിക്കയാണ് ഇവിടെ ഉത്തരവാദിത്വം കാണിക്കേണ്ടത്. വ്യക്തിപരമായ പ്രതിച്ഛായകളെ കുറിച്ച് ഉത്കണ്ഠപ്പെടാതെ സമാധാനത്തിന് കൈകൊടുക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. സിംഗപ്പൂരില്‍ അതുണ്ടാകുമെന്ന് പ്രതീക്ഷിക്കാം.