Connect with us

Gulf

യാത്രക്കാരുടെ സന്തുഷ്ടി; മെട്രോ സ്റ്റേഷനുകളില്‍ കൂടുതല്‍ ഫെയര്‍ ഗേറ്റുകളും വെന്‍ഡിംഗ് മെഷീനുകളും

Published

|

Last Updated

ദുബൈ: ഉപഭോക്താക്കളുടെ സംതൃപ്തിക്ക് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട് അതോറിറ്റി (ആര്‍ ടി എ) റെയില്‍ ഏജന്‍സി ദുബൈയില്‍ പുതിയ കര്‍മ പദ്ധതികള്‍ അവതരിപ്പിച്ചു. റെഡ് ലൈനിലെയും ഗ്രീന്‍ ലൈനിലെയും നിരവധി സ്റ്റേഷനുകളില്‍ പുതിയ സ്മാര്‍ട് പേയ്‌മെന്റ് സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഏറ്റവും തിരക്കേറിയ സ്റ്റേഷനുകളിലാണ് സേവനങ്ങള്‍ അധികരിപ്പിച്ചിരിക്കുന്നത്.

വേള്‍ഡ് ട്രേഡ് സെന്റര്‍, ഇബ്‌നു ബത്തൂത്ത, ഊദ് മേത, ബുര്‍ജ് ഖലീഫ-ദുബൈ മാള്‍ തുടങ്ങിയ സ്റ്റേഷനുകളില്‍ പത്തിലധികം ടിക്കറ്റ് വെന്‍ഡിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നൂര്‍ ഇസ്‌ലാമിക് ബേങ്ക്, സ്റ്റേഡിയം, ദേര സിറ്റി സെന്റര്‍ സ്റ്റേഷനുകളിലും 13 അധിക ഫെയര്‍ ഗേറ്റുകളും സ്ഥാപിച്ചു. യാത്രക്കാര്‍ക്ക് മെട്രോ പ്ലാറ്റ് ഫോമിലേക്ക് കയറാനും ഇറങ്ങാനും നോള്‍ കാര്‍ഡുകള്‍ റീ ചാര്‍ജ് ചെയ്യാനും ഇനി അധിക സമയം ക്യൂവില്‍ നില്‍ക്കേണ്ടതായി വരില്ല.

റാശിദിയ്യ, മാള്‍ ഓഫ് ദി എമിറേറ്റ്‌സ് തുടങ്ങിയ അഞ്ചിലധികം സ്റ്റേഷനുകളില്‍ യാത്രക്കാര്‍ക്ക് സുഗമമായി പുറത്തേക്കും അകത്തേക്കും സഞ്ചരിക്കാന്‍ വിപുലമായ സംവിധാനമൊരുക്കി. ദേര സിറ്റി സെന്റര്‍ സ്റ്റേഷനില്‍ അടുത്തിടെ പുതിയ ഗേറ്റ് തുറന്നിരുന്നു.

ആപ്പിള്‍ പേ, സാംസംഗ് പ്ലേ എന്നീ സ്മാര്‍ട് പേയ്‌മെന്റ് സംവിധാനത്തിലൂടെ മെട്രോ യാത്രാ നിരക്ക് നല്‍കുന്നതിനും ആര്‍ ടി എ സൗകര്യമേര്‍പെടുത്തിയിട്ടുണ്ട്. ഈ സംവിധാനമുപയോഗിച്ചുതന്നെ നോള്‍കാര്‍ഡും റീ ചാര്‍ജ് ചെയ്യാം. നെറ്റ്‌വര്‍ക് ഇന്റര്‍നാഷണലുമായി സഹകരിച്ചാണിത്. സ്മാര്‍ട് ഫോണ്‍ ഉപയോഗിച്ച് തന്നെ യാത്രക്കാര്‍ക്ക് ഗേറ്റ് കടന്നു പോവാം.

മെട്രോ ഉപഭോക്താക്കള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള യാത്ര സാധ്യമാക്കുന്നതിനാണ് പുതിയ സംവിധാനങ്ങളെന്ന് ആര്‍ ടി എ റെയില്‍ ഏജന്‍സി റെയില്‍ ഓപറേഷന്‍ ഡയറക്ടര്‍ മുഹമ്മദ് അല്‍ മുദര്‍രിബ് പറഞ്ഞു.