Connect with us

International

മരണ ഭയത്തില്‍ ബംഗ്ലാദേശിലെ റോഹിംഗ്യന്‍ അഭയാര്‍ഥികള്‍

Published

|

Last Updated

ബംഗ്ലാദേശിലെ കോക്‌സ് ബസാറിലുള്ള റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകള്‍

കോക്‌സ് ബസാര്‍(ധാക്ക): മ്യാന്മറില്‍ നിന്ന് സൈന്യത്തിന്റെയും ബുദ്ധ തീവ്രവാദികളുടെയും ക്രൂരമായ പീഡനങ്ങളേറ്റുവാങ്ങിയതിനെ തുടര്‍ന്ന് രാജ്യം വിടാന്‍ നിര്‍ബന്ധിതരായി ബംഗ്ലാദേശില്‍ കഴിയുന്ന റോഹിംഗ്യന്‍ വംശജരുടെ സ്ഥിതി വളരെ ദയനീയമാണെന്ന് റിപ്പോര്‍ട്ടുകള്‍. താത്കാലികമായി തയ്യാറാക്കിയ അഭയാര്‍ഥി ക്യാമ്പുകളില്‍ ലക്ഷക്കണക്കിന് പേരാണ് ദുരിതത്തില്‍ കഴിയുന്നത്. മഴക്കാലം ശക്തമാകുന്നതോടെ മണ്ണിടിച്ചില്‍ ഏത് നിമിഷവും സംഭവിക്കാമെന്നും മരണമുഖത്താണ് ഇപ്പോള്‍ താമസിക്കുന്നതെന്നും അഭയാര്‍ഥി ക്യാമ്പിലെ റോഹിംഗ്യന്‍ വംശജര്‍ ലോകത്തോട് വിളിച്ചുപറയുന്നു.

ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ ഒരുക്കിയ താത്കാലിക അഭയാര്‍ഥി ക്യാമ്പിലാണ് ഇവര്‍ കഴിയുന്നത്. മഴക്കാലം ശക്തമായിത്തുടങ്ങിയതോടെ ഏത് നിമിഷവും താമസിക്കുന്ന ഇടം മണ്ണിടിച്ചിലിലോ വെള്ളപ്പൊക്കത്തിലോ നശിക്കുമെന്ന ഭയം ക്യാമ്പില്‍ കഴിയുന്ന എല്ലാവര്‍ക്കുമുണ്ട്. കഴിഞ്ഞ ദിവസം അഭയാര്‍ഥി ക്യാമ്പിലെ ഒരു പെണ്‍കുട്ടി മണ്ണിടിച്ചിലില്‍ പെട്ട് മരിച്ചിരുന്നു. അടുത്ത നിമിഷം മരണം തങ്ങളെയും കാത്തിരിക്കുന്നുണ്ടെന്ന് ഓരോരുത്തരും ഭയപ്പെടുന്നു. തങ്ങളുടെ കുടുംബാംഗങ്ങള്‍ ഏത് നിമിഷവും കൊല്ലപ്പെടാം. കാരണം അടുത്ത നിമിഷം ഒരു മണ്ണിടിച്ചില്‍ സംഭവിക്കാം. എല്ലായിടത്തും തങ്ങളുടെ മക്കളുണ്ടെന്നും ഭയത്തോടെയാണ് ഓരോ നിമിഷവും തള്ളിനീക്കുന്നതെന്നും അഭയാര്‍ഥി ക്യാമ്പില്‍ കഴിയുന്ന 53കാരിയായ സ്ത്രീ എ എഫ് പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ റാഖിനെയില്‍ നിന്ന് ഏഴ് ലക്ഷത്തോളം പേര്‍ ബംഗ്ലാദേശിലേക്ക് പലായനം ചെയ്തിട്ടുണ്ടെന്നാണ് ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ മ്യാന്മറില്‍ നിന്ന് പുറത്തുപോകാന്‍ അവരെ നിര്‍ബന്ധിതരാക്കിയ സാഹചര്യത്തേക്കാള്‍ അപടകരമായ സ്ഥിതിവിശേഷമാണ് ബംഗ്ലാദേശിലെ താത്കാലിക അഭയാര്‍ഥി ക്യാമ്പുകളില്‍ അവരെ കാത്തിരിക്കുന്നതെന്ന് ഇവിടുത്തുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. നിലവില്‍ ബംഗ്ലാദേശിലെ കോക്‌സ് ബസാറില്‍ പത്ത് ലക്ഷത്തിനടുത്ത് അഭയാര്‍ഥികള്‍ കഴിയുന്നുണ്ടെന്നാണ് കണക്കുകള്‍. ഇവിടേക്ക് പുതുതായി കടന്നുവരുന്ന അഭയാര്‍ഥികളുടെ സാഹചര്യമാണ് ഏറ്റവും ദയനീയമെന്ന് റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. വെള്ളപ്പൊക്കവും മണ്ണിടിച്ചിലും അപകടമുണ്ടാക്കിയേക്കാവുന്ന സാഹചര്യങ്ങളില്‍ ജീവിക്കുന്നവര്‍ രണ്ട് ലക്ഷത്തിലധികം വരും. ഇവരില്‍ 21,000 പേരെ മാത്രമാണ് ഇതുവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുന്നത്. ബാക്കിയുള്ളവര്‍ മറ്റൊരു ദുരന്ത മുഖത്താണ് ജീവിച്ചുകൊണ്ടിരിക്കുന്നതെന്ന് ഇവിടെയെത്തിയ എ എഫ് പി വാര്‍ത്താ ഏജന്‍സി വൃത്തങ്ങള്‍ മുന്നറിയിപ്പ് നല്‍കി.

ബംഗ്ലാദേശില്‍ കടുത്ത വെള്ളപ്പൊക്കവും മണ്ണിടിച്ചിലും എല്ലാ വര്‍ഷവും നിരവധി ജീവന്‍ അപഹരിക്കാറുണ്ട്. അടുത്തിടെ ബംഗ്ലാദേശില്‍ വീശിയടിച്ച കൊടുങ്കാറ്റില്‍ വന്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ കൊടുങ്കാറ്റിനെ തുടര്‍ന്ന് റോഹിംഗ്യന്‍ അഭയാര്‍ഥി ക്യാമ്പുകളില്‍ പലതും തകര്‍ന്നുവീഴുകയും ചെയ്തിരുന്നു. റോഡുകള്‍ ഗതാഗത യോഗ്യമല്ലാത്ത വിധം ചെളിയും വെള്ളവും നിറഞ്ഞ അവസ്ഥയിലുമായിരുന്നു. വെള്ളപ്പൊക്കം മേഖലയെ ബാധിക്കുന്നതോടെ വലിയ തോതില്‍ പകര്‍ച്ച വ്യാധികള്‍ ഇവിടെ ഉണ്ടായേക്കുമെന്നും മുന്നറിയിപ്പുണ്ട്.

കനത്ത മഴയില്‍ താത്കാലിക അഭയാര്‍ഥി ക്യാമ്പുകള്‍ തകര്‍ന്നുവീണാല്‍ പകരമെന്താണെന്ന് ആലോചിക്കാന്‍ പോലും റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ക്ക് കഴിയുന്നില്ല. എല്ലാവരും ഭയചകിതരാണെന്നും താത്കാലിക വീടുകള്‍ക്കെന്തെങ്കിലും സംഭവിച്ചാല്‍ എവിടേക്ക് പോകുമെന്നാണ് ക്യാമ്പിലുള്ളവരുടെ ആലോചനകളെന്നും കോക്‌സ് ബസാറിലെ ഇമാം മുഹമ്മദ് യൂസുഫ് എ എഫ് പിയോട് പറഞ്ഞു.