Connect with us

Gulf

ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍: ബംഗ്ലാദേശ് പ്രതിനിധി നാളെ മത്സരത്തിന്

Published

|

Last Updated

ഹുസൈന്‍ അഹ്മദ്

ദുബൈ: ഇരുപത്തി രണ്ടാമത് അന്താരാഷ്ട്ര ഹോളി ഖുര്‍ ആന്‍ മത്സരത്തില്‍ നാളെ ബംഗ്ലാദേശ് പ്രതിനിധി ഹുസൈന്‍ അഹ്മദ് മത്സരിക്കും. ഇന്തോനേഷ്യ, ഇറാന്‍, ഇറാഖ്, സെനഗല്‍, സെന്‍ട്രല്‍ ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളുടെ പ്രതിനിധികളും നാളെ മത്സരത്തിനുണ്ട്. ഇതുവരെ 41 രാജ്യങ്ങളിലെ പ്രതിഭകളാണ് മാറ്റുരച്ചത്. മുന്‍കാലങ്ങളില്‍ നടന്ന മത്സരത്തില്‍ ബംഗ്ലാദേശ് സ്വദേശികള്‍ മികവ് പുലര്‍ത്തിയവരാണ്. ധാക്കയിലെ ആബിദ് മിയാ റാബിഅ ബീഗം ദമ്പതികളുടെ ഏഴ് മക്കളില്‍ മൂത്ത പുത്രനാണ് പതിമൂന്നുകാരനായ ഹുസൈന്‍. സ്‌കൂള്‍ പഠനത്തിടെ പതിനൊന്നാം വയസിലാണ് ഖുര്‍ആന്‍ മന:പ്പാഠമാക്കാന്‍ ആരംഭിച്ചത്. രണ്ട് വര്‍ഷം കൊണ്ട് ഖുര്‍ആന്‍ മുഴുവനും മന:പ്പാഠമാക്കി.

ദിവസവും നാലും അഞ്ചും പേജുകള്‍ മന:പ്പാഠമാക്കിയാണ് കഴിവ് തെളിയിച്ചത്. ബംഗ്ലാദേശിലെ അഞ്ചോളം മത്സരത്തില്‍ മാറ്റുരച്ചു ഒന്നാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. ധാക്കയിലെ തഹ്ഫീളുല്‍ ഖുര്‍ആന്‍ വ സുന്ന എന്ന സ്ഥാപനത്തിലാണ് പഠിച്ചത്. ഇതേ സ്ഥാപനത്തില്‍ നിന്ന് നജ്മു സാഖിബ്, സകരിയ്യ, അബ്ദുല്ല അല്‍ മഅ്മൂന്‍ എന്നീ മൂന്ന് വിദ്യാര്‍ഥികള്‍ നേരത്തെ ദുബൈയിലെ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ മത്സരത്തില്‍ പങ്കെടുത്ത് പാരായണത്തിലും ശബ്ദ മാധുര്യത്തിലും ഉന്നത വിജയം നേടിയിട്ടുണ്ട്. ഹുസൈനും ഈ പ്രാവശ്യം വിജയം കരസ്ഥമാക്കുമെന്നാണ് സ്ഥാപനത്തിന്റെ മാനേജറും ഹുസൈന്റെ അധ്യാപകനുമായ നജ്മുല്‍ ഹസന്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്.

ദുബൈ ഗവണ്‍മെന്റ് ഖുര്‍ആനോട് കാണിക്കുന്ന അങ്ങേയറ്റത്തെ ആദരവ് ലോകത്തിന് തന്നെ മാതൃകയാണെന്നും ദുബൈയിലെത്തിയത് മുതല്‍ അത് നേരില്‍ അനുഭവിച്ച് കൊണ്ടിരിക്കയാണെന്നും ഹുസൈന്‍ പറഞ്ഞു.

---- facebook comment plugin here -----

Latest