നിപ്പാ: ടൂറിസം മേഖലയെയും ബാധിക്കുന്നു

  • പത്ത് ശതമാനം പേര്‍ യാത്ര റദ്ദാക്കി
  • ആശങ്കയകറ്റാന്‍ നടപടിവേണമെന്ന് ഉപദേശക സമിതി
Posted on: May 28, 2018 6:08 am | Last updated: May 28, 2018 at 12:42 am

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധ സംസ്ഥാനത്തെ ടൂറിസം മേഖലയെയും ബാധിക്കുന്നു. 10 മുതല്‍ 15 ശതമാനംവരെ പേര്‍ കേരളത്തിലേക്കുള്ള യാത്രയും പരിപാടികളും റദ്ദാക്കുകയോ മാറ്റിവെക്കുകയോ ചെയ്തു. ആഭ്യന്തര വിനോദ സഞ്ചാര മേഖലയിലാണ് ഇത് കൂടുതലും പ്രകടമായതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തില്‍ നിശ്ചയിച്ചിരുന്ന യോഗങ്ങളും സമ്മേളനങ്ങളുമാണ് മാറ്റിവെക്കുകയോ റദ്ദാക്കപ്പെടുകയോ ചെയ്തത്. ഗുജറാത്ത് ഉള്‍പ്പെടെ ചില ഭാഗങ്ങളില്‍ നിന്ന് കേരളത്തിനെതിരായി തെറ്റായ പ്രചാരണം നടക്കുന്നതും വിനോദ സഞ്ചാരികളെ ആശങ്കപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്തെ 79 ഓളം ചെറുതും വലുതുമായ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിപ്പാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് യാതൊരു പ്രശ്‌നങ്ങളുമുണ്ടായിട്ടില്ലെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിച്ചു. നിപ്പാ വൈറസ് ബാധ കേരളത്തിലെ ടൂറിസം മേഖലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് ഇന്നലെ ചേര്‍ന്ന ടൂറിസം ഉപദേശക സമിതി യോഗം വിലയിരുത്തിയത്. എന്നാല്‍ നിലവിലുള്ള ചെറിയ ആശങ്കകളകറ്റാന്‍ നടപടി സ്വീകരിക്കണമെന്ന് യോഗത്തില്‍ ആവശ്യം ഉയര്‍ന്നു.

സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ കണ്ടെത്തിയത് കോഴിക്കോട് ജില്ലയിലെ പേരാമ്പ്രയില്‍ മാത്രമാണ്. ഉടന്‍ തന്നെ സര്‍ക്കാറും ആരോഗ്യവകുപ്പും ജാഗ്രത പാലിച്ചതിനാല്‍ വളരെ വേഗം തന്നെ നിയന്ത്രിക്കാനായി. വൈറസ് ബാധ കണ്ടെത്തിയ പേരാമ്പ്രയില്‍ പോലും നിലവില്‍ ആശങ്കയില്ല. എന്നാല്‍ സോഷ്യല്‍ മീഡിയ വഴി വരുന്ന തെറ്റായ പ്രചാരണങ്ങള്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഈ ആശങ്ക പരിഹരിക്കാന്‍ സര്‍ക്കാറും ടൂറിസം വകുപ്പും മുന്‍കൈയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം നിപ്പാ വൈറസ് ബാധ നിയന്ത്രണവിധേയമായതായും സംസ്ഥാനത്ത് നിലവില്‍ ആരോഗ്യപരമായി കുഴപ്പങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൂറിസം സെക്രട്ടറി റാണി ജോര്‍ജ് യോഗത്തില്‍ പറഞ്ഞു. ടൂറിസം ഡയറക്ടര്‍ പി ബാലകിരണ്‍, സ്റ്റേറ്റ് ടൂറിസം അഡൈ്വസറി കമ്മിറ്റി അംഗങ്ങള്‍, ടൂറിസം രംഗത്തെ പ്രമുഖ സംഘടനകളുടെ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.