Connect with us

Kerala

തലമുറമാറ്റത്തിന് കോണ്‍ഗ്രസ്, സംസ്ഥാനത്തും പ്രതിഫലിക്കും

Published

|

Last Updated

തിരുവനന്തപുരം: ഉമ്മന്‍ചാണ്ടി ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുന്നതോടെ കോണ്‍ഗ്രസില്‍ തലമുറമാറ്റത്തിന് കളമൊരുങ്ങുന്നു. സംസ്ഥാനത്തും ദേശീയതലത്തിലും ഒരുപോലെ പ്രതിഫലിക്കുന്ന തീരുമാനത്തിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നത്. സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്നുള്ള ഉമ്മന്‍ചാണ്ടിയുടെ പറിച്ച് നടല്‍ രമേശ് ചെന്നിത്തലക്കും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന ഐ ഗ്രൂപ്പിനും ആശ്വാസമാണെങ്കിലും മാറ്റം എത്രത്തോളം പ്രയോഗത്തില്‍ വരുമെന്നതിനെ ആശ്രയിച്ചിരിക്കും ഇക്കാര്യത്തിലെ അന്തിമതീര്‍പ്പ്. ദേശീയ നേതൃത്വത്തിന്റെ ഭാഗമാകുന്നുവെന്ന് ആശ്വസിക്കുമ്പോഴും ഉമ്മന്‍ചാണ്ടിയെ സംബന്ധിച്ച് സന്തോഷത്തിന് വക നല്‍കുന്ന പദവിയാണിതെന്ന് പറയാനാകില്ല. കേരളത്തിലെ എ ഗ്രൂപ്പ് ആകട്ടെ തങ്ങളുടെ നായകന്‍ നഷ്ടപ്പെടുന്ന വേദനയിലുമാണ്.

കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് ശേഷം പദവികളില്‍ നിന്ന് മാറി നിന്ന ഉമ്മന്‍ചാണ്ടിയെ അപ്രതീക്ഷിതമായാണ് ആന്ധ്രയുടെ ചുമതല നല്‍കി എ ഐ സി സി ജനറല്‍ സെക്രട്ടറിയാക്കുന്നത്. കോണ്‍ഗ്രസ് സംപൂജ്യരായി നില്‍ക്കുന്ന ആന്ധ്രയില്‍ തിരിച്ചുവരാന്‍ ഉമ്മന്‍ചാണ്ടിയെ പോലെയുള്ള ഒരു പ്രായോഗിക രാഷ്ട്രീയക്കാരന്റെ അനിവാര്യതയും പുതിയ നിയമനത്തിന് ഹൈക്കമാന്‍ഡിനെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

കെ കരുണാകരനും ആന്റണിക്കും ശേഷം ഉമ്മന്‍ചാണ്ടിയിലും രമേശ് ചെന്നിത്തലയിലുമാണ് ഒരു ദശാബ്ദമായി കോണ്‍ഗ്രസ് ഗ്രൂപ്പ് രാഷ്ട്രീയം കേന്ദ്രീകരിച്ചിരുന്നത്. കഴിഞ്ഞ നിയമസഭാതിരഞ്ഞെടുപ്പില്‍ യു ഡി എഫ് പരാജയപ്പെട്ടതോടെ പദവികളില്‍ നിന്ന് പൂര്‍ണ്ണമായി മാറി നില്‍ക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. പ്രതിപക്ഷനേതൃപദവിയില്‍ നിയോഗിക്കപ്പെട്ടത് രമേശ് ചെന്നിത്തല. അപ്പോഴും സംസ്ഥാന രാഷ്ട്രീയത്തില്‍ നിന്ന് ഉമ്മന്‍ചാണ്ടി മാറി നിന്നില്ല. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലും ഏറ്റവുമൊടുവില്‍ യു ഡി എഫ് വിട്ട കെ എം മാണിയെ തിരിച്ചെത്തിക്കുന്നതില്‍ വരെ നിര്‍ണ്ണായക പങ്ക്‌വഹിച്ചതും ഉമ്മന്‍ചാണ്ടി തന്നെ. ഇടക്കിടെ പ്രതിപക്ഷ നേതൃപദവിയില്‍ മാറ്റം വേണമെന്ന മുറവിളി കോണ്‍ഗ്രസില്‍ നിന്ന് തന്നെ ഉയര്‍ന്നതും ഉമ്മന്‍ചാണ്ടിയുടെ തിരിച്ചുവരവിന് കളമൊരുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. ചെങ്ങന്നൂര്‍ പ്രതിപക്ഷത്തിന്റെ കൂടി വിലയിരുത്തലാണെന്ന് ഉമ്മന്‍ചാണ്ടി അസന്നിഗ്ധമായി പ്രഖ്യാപിച്ചപ്പോഴും നേതൃമാറ്റത്തിന്റെ സൂചനകളാണ് വായിക്കപ്പെട്ടത്. എന്നാല്‍, ഈ സ്ഥിതി മാറുകയാണ്. പ്രതിപക്ഷനേതൃപദവിയില്‍ തത്ക്കാലം ഇനി രമേശ് ചെന്നിത്തലക്ക് ഭീഷണിയുണ്ടാകില്ല. ഉമ്മന്‍ചാണ്ടി ദേശീയ രാഷ്ട്രീയത്തിലേക്ക് മാറുന്നതോടെ എ ഗ്രൂപ്പിനെ ഇനി ആര് നയിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. ഹൈക്കമാന്‍ഡ് തീരുമാനത്തില്‍ എ ഗ്രൂപ്പ് അസംതൃപ്തരാണെന്നാണ് വിവരം. 48 വര്‍ഷം എം എല്‍ എയും മന്ത്രിയും മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവുമെല്ലാം ആയ ഒരാള്‍ക്ക് ഇപ്പോള്‍ ലഭിക്കേണ്ടതല്ല എ ഐ സി സി ജനറല്‍സെക്രട്ടറി പദമെന്നാണ് എ ഗ്രൂപ്പിന്റെ നിലപാട്. രമേശ് ചെന്നിത്തല വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ പദവിയില്‍ ഇരുന്നതാണ്. നിലവില്‍ കേരളത്തില്‍ നിന്ന് പി സി ചാക്കോയും കെ സി വേണുഗോപാലും എ ഐ സി സി ജനറല്‍സെക്രട്ടറിമാരായുണ്ട്.

ആന്റണി പോകുമ്പോള്‍ പകരക്കാരനായി ഉമ്മന്‍ചാണ്ടി ഉണ്ടായിരുന്നു. എന്നാല്‍, ഉമ്മന്‍ചാണ്ടിക്ക് പകരം അങ്ങിനെയൊരാളെ നിര്‍ദേശിക്കാനില്ല. ഇതാണ് എ ഗ്രൂപ്പിനെ അസ്വസ്ഥമാക്കുന്നതും. പുതിയ കെ പി സി സി പ്രസിഡന്റ് ആര് ആകുമെന്നതിനെ കൂടി ആശ്രയിച്ചാകും ഇനിയുള്ള നീക്കങ്ങള്‍. ഉമ്മന്‍ചാണ്ടിക്ക് സ്വീകാര്യനായ ഒരാളെ കെ പി സി സി അധ്യക്ഷനാക്കാന്‍ ഹൈക്കമാന്‍ഡ് തയ്യാറാകും. നേരത്തെ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശം പൂര്‍ണ്ണമായി തള്ളിയാണ് വി എം സുധീരനെ രാഹുല്‍ ഗാന്ധി കെ പി സി സി പ്രസിഡന്റാക്കിയത്. അത് പരാജയമായെന്ന് ബോധ്യപ്പെട്ടതോടെ ഇനി ഉമ്മന്‍ചാണ്ടിയെ കേള്‍ക്കാതിരിക്കില്ല. ദേശീയതലത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലും മാറ്റങ്ങളുടെ പ്രതിഫലനമുണ്ടാകും. കേരളവുമായി ബന്ധപ്പെട്ട തീരുമാനങ്ങളില്‍ എ കെ ആന്റണിയുടെ അഭിപ്രായമാണ് ഇതുവരെ മുഖവിലക്കെടുത്തിരുന്നതെങ്കില്‍ ആ സാഹചര്യവും മാറുകയാണ്. ഈ റോള്‍ ഇനി കൈകാര്യം ചെയ്യുന്നത് ഉമ്മന്‍ചാണ്ടിയാകും. പുറമേക്ക് അതൃപ്തിയൊന്നും പ്രകടിപ്പിക്കുന്നില്ലെങ്കിലും സംസ്ഥാനം വിട്ടുപോകാന്‍ ഉമ്മന്‍ചാണ്ടി ആഗ്രഹിച്ചിരുന്നില്ലെന്നതാണ് വസ്തുത. പദവിയൊന്നും ഇല്ലാതെ കേരളത്തില്‍ തുടരാന്‍ ആഗ്രഹിച്ചതും ഇത് കൊണ്ട് തന്നെ. എ ഐ സി സി ജനറല്‍സെക്രട്ടറിയായെങ്കിലും താന്‍ കേരളത്തില്‍ തന്നെയുണ്ടാകുമെന്ന ഉമ്മന്‍ചാണ്ടിയുടെ വാക്കുകളില്‍ തന്നെ എല്ലാമുണ്ട്. 2019ല്‍ കോണ്‍ഗ്രസിന്റെയും യു പി എയുടെയും തിരിച്ചുവരവുണ്ടാകുമെന്ന പ്രതീക്ഷ വര്‍ധിച്ചുവരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഉമ്മന്‍ചാണ്ടി സമ്മതം മൂളിയതെന്നാണ് സൂചന. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ കേന്ദ്ര ക്യാബിനറ്റിലും ഉമ്മന്‍ചാണ്ടിയുടെ സാന്നിധ്യം പ്രതീക്ഷിക്കാം. അങ്ങിനെ സംഭവിച്ചില്ലെങ്കില്‍ പുതുപ്പള്ളി വഴി വീണ്ടും ഉമ്മന്‍ചാണ്ടി നിയമസഭയിലെത്തും. കാരണം, പ്രായോഗിക രാഷ്ട്രീയം ഇത്രമേല്‍ വഴങ്ങുന്ന മറ്റൊരാള്‍ ഇന്ന് കേരള രാഷ്ട്രീയത്തിലില്ല.

Latest