കട്ടിലില്‍ രോഗികള്‍, താഴെ നായ്ക്കള്‍; ഇത് യു പിയിലെ ആശുപത്രി

Posted on: May 28, 2018 6:09 am | Last updated: May 28, 2018 at 12:12 am
ഹര്‍ദോയിലെ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യം

ലക്‌നോ: ഉത്തര്‍ പ്രദേശിലെ ആശുപത്രികളുടെ ശോച്യാവസ്ഥ വ്യക്തമാക്കുന്ന വാര്‍ത്തകള്‍ നിലക്കുന്നില്ല. ഇത്തവണ ഹര്‍ദോയി ജില്ലയില്‍ നിന്നാണ് വാര്‍ത്ത. ഇവടുത്തെ സര്‍ക്കാര്‍ ആശുപത്രി വാര്‍ഡുകളില്‍ തെരുവുനായ്ക്കള്‍ സൈ്വര വിഹാരം നടത്തുന്നുവെന്നാണ് യു എന്‍ ഐ റിപ്പോര്‍ട്ട് ചെയ്തത്. രോഗികളുടെ കട്ടിലിനടിയില്‍ പോലും തെരുവു നായ്ക്കള്‍ കിടക്കുന്ന ചിത്രവും ഏജന്‍സി പുറത്ത് വിട്ടു. യു പിയിലെ തന്നെ അലിഗഢിലെ ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം നായ കടിച്ചു കീറിയത് കഴിഞ്ഞ മാസമാണ്. ഇതിന്റെ ഞെട്ടല്‍ മാറും മുമ്പാണ് ഹര്‍ദോയിയില്‍ നിന്നുള്ള ചിത്രം വരുന്നത്.

ഹര്‍ദോയിയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയിലാണ് നായ്ക്കള്‍ വിഹരിക്കുന്നത്. വാര്‍ഡിലെ കട്ടിലുകള്‍ക്കിടയിലുള്ള സ്ഥലത്തും കട്ടിലിനടിയിലും നായ്ക്കള്‍ കിടക്കുന്ന ചിത്രമാണ് പുറത്ത് വിട്ടിരിക്കുന്നത്. ഭയന്നാണ് ആശുപത്രിയില്‍ കഴിയുന്നതെന്ന് രോഗികള്‍ പറഞ്ഞു. അധികൃതരോട് പരാതിപ്പെട്ടപ്പോള്‍ പറഞ്ഞത്, നായ്ക്കളെ ആട്ടിയകറ്റിയാല്‍ പൊയ്‌ക്കൊള്ളുമെന്നാണ്. ചിലപ്പോള്‍ പരിശോധിക്കാന്‍ വരുന്ന ഡോക്ടറെയും നഴ്‌സുമാരെയും നായ്ക്കള്‍ അനുഗമിക്കും. വിഷയം ശ്രദ്ധയില്‍ പെട്ടിരുന്നെന്നും അങ്ങനെയുണ്ടാകാതിരിക്കാന്‍ നോക്കണമെന്ന് ജീവനക്കാരോട് പറഞ്ഞിട്ടുണ്ടെന്നും ചീഫ് മെഡിക്കല്‍ ഓഫീസര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഹര്‍ദോയിയില്‍ നിന്ന് 55 കി. മി അകലെ സീതാപൂരില്‍ കഴിഞ്ഞ ആറ് മാസത്തിനിടെ 14 പേര്‍ തെരുവ് നായ്ക്കളുടെ കടിയേറ്റ് മരിച്ചതില്‍ വിവാദം തുടരുന്നതിനിടെയാണ് ജില്ലയിലെ പ്രധാന സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വരുന്നത്. ഈ മാസം മാത്രം സീതാപൂരില്‍ എട്ട് പേരാണ് തെരുവുനായയുടെ കടിയേറ്റ് മരിച്ചത്.

ഗര്‍ഭിണിയായ യുവതിയെ ഈ മാസം 23ന് ഇറ്റായിലെ ആശുപത്രിയില്‍ നിന്ന് മടക്കിയയച്ചതും അവര്‍ റെയില്‍വേ സ്റ്റേഷനിലെ ടോയ്‌ലറ്റില്‍ പ്രസവിച്ചതും വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ ആഗസ്റ്റില്‍ ഗോരഖ്പൂരിലെ ബി ആര്‍ ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ 60 കുഞ്ഞുങ്ങള്‍ മരിച്ചതോടെയാണ് യു പിയിലെ ആശുപത്രികള്‍ വാര്‍ത്തയില്‍ നിറയാന്‍ തുടങ്ങിയത്.