തലസ്ഥാനത്ത് വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ട് യാഥാര്‍ഥ്യമാകുന്നു

ആദ്യഘട്ടം ആറ് മാസത്തിനകം
Posted on: May 28, 2018 6:07 am | Last updated: May 27, 2018 at 11:51 pm

തിരുവനന്തപുരം: ലോകോത്തര നിലവാരമുള്ള വൈറോളജി ഗവേഷണ കേന്ദ്രം ഈ വര്‍ഷം അവസാനത്തോടെ തലസ്ഥാനത്ത് യാഥാര്‍ഥ്യമാകും. തോന്നക്കല്‍ ബയോ ലൈഫ് സയന്‍സ് പാര്‍ക്കില്‍ 25 ഏക്കറില്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജി പ്രവര്‍ത്തനം തുടങ്ങിയാല്‍ വൈറസുകള്‍ സ്ഥിരീകരിക്കുന്നതിനായി അന്യ സംസ്ഥാനങ്ങളെയോ വിദേശ രാജ്യങ്ങളെയോ ആശ്രയിക്കുന്ന കാലതാമസം ഒഴിവാക്കാനാകും. വിവിധ പനി വൈറസുകളുടെ സ്ഥിരീകരണത്തിനും പുതിയ നിപ്പാ പോലുള്ളവ കാലതാമസമില്ലാതെ കണ്ടെത്തി പ്രതിവിധി സ്വീകരിക്കുന്നതിനും ലാബ് സജ്ജമാകുന്നതോടെ സൗകര്യമാകും.

സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആദ്യഘട്ടം ആറ് മാസത്തിനുള്ളില്‍ തന്നെ ആരംഭിക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

ആദ്യ ഘട്ടത്തിനുള്ള 25,000 ചതുരശ്രയടി കെട്ടിടം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘം പ്രീഫാബ് രീതിയില്‍ ആറ് മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കും. കൂടാതെ, അതിവിശാലവും അന്താരാഷ്ട്ര നിലവാരത്തിലും മാനദണ്ഡത്തിലുമുള്ള 80,000 ചതുരശ്രയടി വരുന്ന പ്രധാന സമുച്ചയത്തിന്റെ നിര്‍മാണച്ചുമതല കെ എസ് ഐ ഡി സി മുഖേന എല്‍ എല്‍ എല്‍ ലൈറ്റ്‌സിനെ ഏല്‍പ്പിച്ചിട്ടുണ്ട്. ഇത് 15 മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

അടിസ്ഥാനപരമായി രോഗനിര്‍ണയവും ഉന്നതതല ഗവേഷണവുമാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ചുമതലകള്‍. രോഗബാധ സംബന്ധിച്ച സാമ്പിളുകള്‍ ശേഖരിച്ച് എത്തിച്ചാല്‍ പൂനെയിലെ വൈറോളജി ലാബില്‍ ലഭ്യമാകുന്നതിനേക്കാള്‍ നിലവാരത്തിലുള്ള നിര്‍ണയത്തിന് ഇവിടെ അവസരമുണ്ടാകും. രാജ്യത്തുടനീളമുള്ള സാമ്പിള്‍ സ്വീകരിക്കും. കൂടാതെ, ജനങ്ങള്‍ക്ക് നേരിട്ടെത്തി സംശയമുള്ള സാമ്പിള്‍ നല്‍കി വൈറസോ രോഗമോ നിര്‍ണയിക്കാനും അവസരമുണ്ട്. വിവിധ വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന് നിര്‍മാണത്തിനുള്ള ആധുനിക ഗവേഷണവുമുണ്ടാകും.

അന്താരാഷ്ട്രതലത്തില്‍ ഗവേഷണസംബന്ധ സൗകര്യങ്ങള്‍ വിപുലീകരിക്കാനായി അന്താരാഷ്ട്ര ഏജന്‍സിയായ ഗ്ലോബല്‍ വൈറല്‍ നെറ്റ്‌വര്‍ക്കിന്റെ സെന്റര്‍ കൂടി ഈ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവര്‍ത്തിപ്പിക്കാന്‍ സൗകര്യമൊരുക്കും. ഇന്ത്യയില്‍ ആദ്യമായാണ് ഈ ഏജന്‍സിയുടെ സെന്റര്‍ വരുന്നത്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ബയോ സേഫ്റ്റി ലെവല്‍ 3 പാലിക്കുന്ന സംവിധാനങ്ങളാകും ലാബില്‍ ഒരുക്കുക. ഭാവിയില്‍ ഇത് ബയോ സേഫ്റ്റി ലെവല്‍ 4ലേക്ക് ഉയര്‍ത്തും.

ഇന്‍സ്റ്റിറ്റിയൂട്ടില്‍ എട്ട് ലാബുകളാണ് ഉണ്ടാകുക. ക്ലിനിക്കല്‍ വൈറോളജി, വൈറല്‍ ഡയഗ്‌നോസ്റ്റിക്‌സ്, വൈറല്‍ വാക്‌സിന്‍സ്, ആന്റി വൈറല്‍ ഡ്രഗ് റിസര്‍ച്ച്, വൈറല്‍ ആപ്ലിക്കേഷന്‍സ്, വൈറല്‍ എപിഡെര്‍മോളജിവെക്ടര്‍ ഡൈനാമിക്‌സ് ആന്‍ഡ് പബ്ലിക് ഹെല്‍ത്ത്, വൈറസ് ജെനോമിക്‌സ്, ബയോ ഇന്‍ഫര്‍മാറ്റിക്‌സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ്, ജനറല്‍ വൈറോളജി എന്നീ ഗവേഷണ വിഭാഗങ്ങളാണിവ. പരീക്ഷണത്തിനുള്ള ആധുനിക അനിമല്‍ ഹൗസുകളും പ്രധാന സമുച്ചയത്തിലുണ്ടാകും. വൈറല്‍ പകര്‍ച്ചവ്യാധികള്‍ കണ്ടെത്താനും പ്രതിരോധിക്കാനും ഇന്ത്യയിലെ ഏറ്റവും മികച്ച സ്ഥാപനമായിരിക്കും എന്നതിലുപരി ലോകത്തെതന്നെ എണ്ണപ്പെട്ട ഗവേഷണ സ്ഥാപനങ്ങളുടെ പട്ടികയിലും ഉള്‍പ്പെടുംവിധമാണ് സ്ഥാപനത്തിന്റെ ഘടന. വിവിധ അക്കാദമിക പദ്ധതികളും ഇന്‍സ്റ്റിറ്റിയൂട്ടിലുണ്ടാകും. പി ജി ഡിപ്ലോമ (വൈറോളജി) ഒരു വര്‍ഷം, പി എച്ച് ഡി (വൈറോളജി) എന്നിവയാണ് ആദ്യഘട്ടമുണ്ടാവുക.

കഴിഞ്ഞ വര്‍ഷം ഈ ആശയം മുന്നോട്ടുവന്നപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് ഇന്‍സ്റ്റിറ്റിയൂട്ടിന്റെ സാധ്യതയും ആവശ്യവും തിരിച്ചറിഞ്ഞ് സ്ഥാപിക്കാന്‍ തീരുമാനമെടുക്കുകയും ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിനെ ചുമതലപ്പെടുത്തുകയും ചെയ്തത്. അടുത്തവര്‍ഷം പൂര്‍ത്തിയാക്കാവുന്ന തരത്തില്‍ പദ്ധതി തുടങ്ങിയെങ്കിലും നിലവില്‍ നിപ്പാ പോലുള്ള വൈറസുകളുടെ ആക്രമണവും മറ്റും പരിഗണിച്ചാണ് പ്രവര്‍ത്തനം നേരത്തെ തുടങ്ങാനാവുംവിധം നിര്‍മാണം വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചത്. ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ശിലാസ്ഥാപനം ഈ മാസം 30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ ഗവേഷണ രംഗത്തെ സംസ്ഥാനത്തിന്റെ പശ്ചാത്തല വികസനത്തിന് ഏറ്റവും ഗുണപരമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്ഥാപനമായിരിക്കുമിത്.