ഈ ജാഗ്രത മഴക്കാല രോഗങ്ങള്‍ക്കും

Posted on: May 28, 2018 6:00 am | Last updated: May 27, 2018 at 11:13 pm

നിപ്പാ വൈറസ് ബാധ ഏറെക്കുറെ നിയന്ത്രണ വിധേയമാണെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നുമാണ് ആരോഗ്യ വകുപ്പ് അറിയിച്ചത്. വൈറസ് സംസ്ഥാനത്ത് എത്തിയ വിവരം അറിയാന്‍ അല്‍പം വൈകിയെങ്കിലും അറിഞ്ഞ പാടേ യുദ്ധകാലാടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിച്ചത്. വളരെ പെട്ടെന്ന് തന്നെ രാജ്യത്തെ പ്രമുഖ ആശുപത്രികളില്‍ നിന്ന് പ്രഗത്ഭരായ ഡോക്ടര്‍മാരെയും വിദേശ രാജ്യങ്ങളില്‍ നിന്ന് മരുന്നും എത്തിക്കാനായി. രണ്ടാമത്തെ കേസില്‍ തന്നെ നിപ്പാ വൈറസ് സ്ഥിരീകരിച്ചതിന് ലോകാരോഗ്യ സംഘടന കേരളത്തെ അഭിനന്ദനം അറിയിച്ചതായി കോഴിക്കോട് കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ മന്ത്രി അറിയിക്കുകയുമുണ്ടായി.

നിപ്പാ നിയന്ത്രിതമായെന്നാശ്വസിക്കുമ്പോള്‍ പകര്‍ച്ച വ്യാധികളുമായി കാലവര്‍ഷം കടന്നു വരികയാണ്. ഡെങ്കിപ്പനി, വൈറല്‍ പനി, എലിപ്പനി, ടൈഫോയിഡ്, ജപ്പാന്‍ ജ്വരം, ചിക്കന്‍ ഗുനിയ, കോളറ, ടോണ്‍സിലൈറ്റിസ്, മഞ്ഞപ്പിത്തം തുടങ്ങി നിരവധി പകര്‍ച്ച വ്യാധികളാണ് മഴക്കാലത്ത് റിപ്പോര്‍ട്ട് ചെയ്യുന്നത്. വേനല്‍ച്ചൂടിന്റെ കാഠിന്യത്തില്‍ നിന്ന് മഴയുടെ തണുപ്പിലേക്കുള്ള മാറ്റവും ജലമലിനീകരണവുമാണ് സാംക്രമിക രോഗങ്ങളെ ക്ഷണിച്ചുവരുത്തുന്നത്. മാലിന്യങ്ങളുടെ സംഭരണ കേന്ദ്രങ്ങളാണിന്ന് ജലസ്രോതസ്സുകളായ തണ്ണീര്‍ത്തടങ്ങളും പുഴകളും കൈത്തോടുകളുമെല്ലാം. മഴക്കാലമാകുന്നതോടെ കരകവിഞ്ഞൊഴുകുന്ന തോടുകളിലെയും പുഴകളിലെയും മലിനജലം കിണറിലെ വെള്ളവുമായി കലരുന്നു. ഇത് കുടിക്കുന്നതും അതില്‍ ഭക്ഷണം പാകംചെയ്യുന്നതും പച്ചക്കറികളും മറ്റും കഴുകുന്നതുമെല്ലാം വിവിധ രോഗങ്ങള്‍ക്കിടയാക്കും. രോഗവാഹകരായ കൊതുകുകളുടെ ആധിക്യവും മലിനമായ പരിസരവും രോഗപ്പകര്‍ച്ച വ്യാപകമാക്കുന്നു. വ്യക്തിശുചിത്വവും പരിസര ശുചിത്വവും കര്‍ക്കശമായി പാലിച്ചാല്‍ കൊതുകുകളെയും രോഗം പരത്തുന്ന മറ്റു ജീവികളെയും നിര്‍മാര്‍ജനം ചെയ്യാനാകും. ഓടകള്‍ വൃത്തിയാക്കല്‍, മുഴുവന്‍ വീടുകളിലും ശൗചാലയം, ക്ലോറിനേഷന്‍, കുടിവെള്ള സ്രോതസ്സുകളെ മാലിന്യമുക്തമാക്കല്‍, കൊതുകു നിവാരണ പരിപാടികള്‍, രോഗപ്രതിരോധ മരുന്നുകളുടെ വിതരണം തുടങ്ങിയവ മഴക്കാലത്തിന് മുമ്പേ ചെയ്തുതീര്‍ക്കേണ്ടതുണ്ട്.

വര്‍ഷാന്തം നൂറുകണക്കിന് ആളുകളാണ് സാംക്രമിക രോഗങ്ങള്‍ കാരണം സംസ്ഥാനത്ത് മരിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കാണ് രോഗചികിത്സയേക്കാള്‍ പ്രാമുഖ്യം നല്‍കേണ്ടത്. നിപ്പാ വൈറസിനെ പ്രതിരോധിക്കുന്നതില്‍ കാണിച്ച ജാഗ്രത മഴക്കാല രോഗങ്ങളുടെ കാര്യത്തിലും കാണിക്കാനായാല്‍ രോഗപ്പകര്‍ച്ചയും മരണ സംഖ്യയും കുറക്കാനാകും. മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ മിക്കവയും രോഗം മൂര്‍ച്ഛിച്ച ശേഷം ആശുപത്രികളിലെത്തുന്നവയാണ്. തുടക്കത്തില്‍ തന്നെ ചികിത്സ ആരംഭിച്ചാല്‍ പലതും നിയന്ത്രണ വിധേയമാക്കാനായേക്കും.
സംസ്ഥാനത്തെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെയും താലൂക്ക് ആശുപത്രികളെയും ശാക്തീകരിക്കുകയും കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യേണ്ടതുണ്ട്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലെ അസൗകര്യങ്ങളും അപര്യാപ്തതകളും കാരണം സാധാരണ പനിക്കു പോലും മെഡിക്കല്‍ കോളജുകളെ സമീപിക്കുന്ന അവസ്ഥയാണ് നിലവിലുള്ളത്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങില്‍ ചെന്നാല്‍ അവിടെ ഡോക്ടറുണ്ടാകണമെന്നില്ല. അല്ലെങ്കില്‍ മരുന്നുണ്ടാകില്ല. ലബോറട്ടറി സംവിധാനവുമില്ല. രോഗികള്‍ പ്രഥമഘട്ടത്തില്‍ തന്നെ മെഡിക്കല്‍ കോളജുകളിലെത്തുന്നത് ഇതുകൊണ്ടാണ്. ഈ സ്ഥിതി കുറേയൊക്കെ മാറിയിട്ടുണ്ട്. പൂര്‍ണമായും മാറണം. ചെറിയ അസുഖങ്ങള്‍ക്ക് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ സമീപിക്കുകയും അവിടെ നിന്ന് റഫര്‍ ചെയ്യുമ്പോള്‍ മാത്രം ജില്ലാ ആശുപത്രിയില്‍ പോകുകയും അവിടെയും കൈകാര്യം ചെയ്യാന്‍ കഴിയാത്ത അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കോളജുകളെ ആശ്രയിക്കുകയും ചെയ്യുന്ന രീതിയില്‍ പൊതുചികിത്സാ സംവിധാനം ചിട്ടപ്പെടുത്തണം. ആവശ്യമായ ജീവനക്കാരെ നിയമിക്കുകയും മരുന്നുകളെത്തിക്കുകയും ടെസ്റ്റുകള്‍ക്കുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും വഴി പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ ശക്തിപ്പെടുത്തിയെങ്കിലേ ഇത് പ്രായോഗികമാകൂ. ഈ ലക്ഷ്യത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ആര്‍ദ്രം പദ്ധതി എത്രയും വേഗത്തില്‍ പ്രാവര്‍ത്തികമാക്കേണ്ടതുണ്ട്.

ആരോഗ്യമുള്ള ശരീരത്തിന് ഒരു പരിധിയോളം രോഗങ്ങളെ സ്വയം പ്രതിരോധിക്കാന്‍ സാധിക്കും. എന്നാല്‍, വ്യായാമക്കുറവും തെറ്റായ ഭക്ഷണ രീതിയും ആരോഗ്യത്തെ കാര്‍ന്നു തിന്നുകയും സ്വയം പ്രതിരോധ ശേഷി നശിപ്പിക്കുകയുമാണ്. ടി വിയുടെയും സ്മാര്‍ട് ഫോണിന്റെയും കടന്നുവരവാണ് വ്യായാമം നഷ്ടമാക്കിയതെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. സ്‌കൂള്‍ വിട്ടുവന്ന കുട്ടികള്‍ പറമ്പില്‍ ഓടിക്കളിക്കുന്നത് മാറി ടി വിയുടെ മുന്നില്‍ ചടഞ്ഞിരിക്കുയോ ഗെയിമുകളില്‍ വ്യാപൃതരാവുകയോ ചെയ്യുന്നു. ജോലി കഴിഞ്ഞെത്തിയാല്‍ ഗൃഹനാഥനും അടുക്കളപ്പണി പെട്ടെന്ന് തീര്‍ത്തു വീട്ടുകാരിയും ഫോണുകളില്‍ സമയം കൊല്ലുകയാണ്. ഫാസ്റ്റ് ഫുഡുകള്‍ പുതിയ മാരക രോഗങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നു. ജീവിത രീതിയെക്കുറിച്ചു ഒരു പുനര്‍വിചിന്തനവും വ്യാപകമാകുന്ന പകര്‍ച്ച വ്യാധികള്‍ ആവശ്യപ്പെടുന്നുണ്ട്.