ചെന്നൈ ചാമ്പ്യന്‍മാര്‍

ഷെയിന്‍ വാട്‌സന് സെഞ്ച്വറി - ഐ പി എല്ലില്‍ ചെന്നൈക്ക് മൂന്നാം കിരീടം - മുംബൈ ഇന്ത്യന്‍സിന്റെ റെക്കോര്‍ഡിനൊപ്പം - നായകന്‍ ധോണിയുടെ മൂന്നാം കിരീടം
Posted on: May 27, 2018 10:50 pm | Last updated: May 28, 2018 at 12:27 am

മുംബൈ: ഐ പി എല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മൂന്നാം കിരീടം. വാംഖഡെയിലെ കലാശപ്പോരില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ധോണിപ്പട ചാമ്പ്യന്‍മാരായത്.

സ്‌കോര്‍ : ഹൈദരാബാദ് 178/6 ; ചെന്നൈ 18.3 ഓവറില്‍ 181/2.

ആസ്‌ത്രേലിയന്‍ വെറ്ററന്‍ ആള്‍ റൗണ്ടര്‍ ഷെയിന്‍ വാട്‌സന്‍ ഓപണറായെത്തിയ പുറത്താകാതെ നേടിയ സെഞ്ച്വറിയാണ് ചെന്നൈയുടെ ലക്ഷ്യം എളുപ്പമാക്കിയത്. 57 പന്തില്‍ 117 റണ്‍സുമായി വാട്‌സന്‍ തകര്‍ത്താടി. പതിനൊന്ന് ഫോറും എട്ട് സിക്‌സറും ഉള്‍പ്പെടുന്ന ഗംഭീര ഇന്നിംഗ്‌സ്. ഡുപ്ലെസിസ് (10) സുരേഷ് റെയ്‌ന (32) എന്നിവരാണ് പുറത്തായത്. അംബാട്ടി റായുഡു (16) വാട്‌സനൊപ്പം ടീമിനെ ലക്ഷ്യത്തിലെത്തിച്ചു.

ടോസിലെ ഭാഗ്യം ധോണിക്കൊപ്പമായിരുന്നു. ബൗളിംഗ് തിരഞ്ഞെടുത്ത ചെന്നൈക്ക് ഓപണര്‍ ശ്രീവത്സ് ഗോസ്വാമിയെ (5) പെട്ടെന്ന് പുറത്താക്കാന്‍ സാധിച്ചു. എന്നാല്‍, മധ്യനിരയില്‍ ചെറുത്തു നില്‍പ്പുണ്ടായത് ധോണിയുടെ പ്രതീക്ഷകള്‍ തെറ്റിച്ചു. ശിഖര്‍ധവാന്‍ (26), ക്യാപ്റ്റന്‍ കാന്‍ വില്യംസന്‍ (47) എന്നിവര്‍ സ്‌കോറിംഗ് വേഗം കുറയാതെ നോക്കി. 15 പന്തില്‍ 23 റണ്‍സടിച്ച ഷാകിബ് അല്‍ ഹസനും പൊരുതി. യൂസുഫ് പത്താനാണ് ശ്രദ്ധേയ ഇന്നിംഗ്‌സ് കാഴ്ചവെച്ചത്. 25 പന്തില്‍ 45 റണ്‍സുമായി പത്താന്‍ പുറത്താകാതെ നിന്നു. 11 പന്തില്‍ 21 റണ്‍സടിച്ച കാര്‍ലോസ് ബ്രാതൈ്വറ്റ് അവസാന പന്തില്‍ പുറത്തായി. ദീപക് ഹൂഡ മൂന്ന് റണ്‍സെടുത്തു. നാല് ഓവറില്‍ 46 റണ്‍സ് വഴങ്ങിയ ഡ്വെയിന്‍ ബ്രാവോയും രണ്ടോവറില്‍ 24 റണ്‍സ് വഴങ്ങിയ ജഡേജയും ശരിക്കും അടിവാങ്ങി. മൂന്നോവറില്‍ ഷര്‍ദുര്‍ ഠാക്കൂര്‍ 31 റണ്‍സാണ് വിട്ടു കൊടുത്തത്.

2010,2011 സീസണുകളില്‍ തുടരെ ചാമ്പ്യന്‍മാരായ ചെന്നൈ തുടരെ രണ്ട് ഫൈനലുകളില്‍ പരാജയപ്പെട്ടിരുന്നു. പതിനൊന്ന് ഐ പി എല്‍ സീസണുകളില്‍ ഒമ്പത് സീസണുകളിലും കളിച്ച ചെന്നൈ ഏഴ് തവണയാണ് ഫൈനല്‍ കളിച്ചത്.