ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ്: മൂല്യങ്ങള്‍ മുറുകെപ്പിടിച്ച് നഷ്ടപ്രതാപം വീണ്ടെടുക്കുക: ചുള്ളിക്കോട്

Posted on: May 27, 2018 9:01 pm | Last updated: May 27, 2018 at 10:00 pm
ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തുന്നു

ദുബൈ: ഇസ്‌ലാമിന്റെ തനത് നാഗരിക മൂല്യങ്ങള്‍ വേണ്ടവിധം ഉള്‍ക്കൊണ്ടാല്‍ മുസ്ലിം സമുദായം നിലവിലെ ദൗര്‍ബല്യത്തെ മറികടന്ന് ഉന്നതമായ സ്ഥാനം നേടുമെന്ന് ജാമിഅ മര്‍കസ് വൈസ് ചാന്‍സലര്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട്. ഇസ്ലാമിന്റെ ചിത്രം വികൃതമാക്കാന്‍ നിരവധി ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന ഇന്നത്തെ സാഹചര്യത്തില്‍ ഇസ്ലാം മുന്നോട്ട് വെക്കുന്ന ഉന്നതമായ മൂല്യങ്ങള്‍ നാം മറ്റുള്ളവര്‍ക്ക് പരിചയപ്പെടുത്തേണ്ട അനിവാര്യതായി മാറിയിരിക്കുകയാണ്. ഇസ്ലാമിക പാരമ്പര്യ മൂല്യങ്ങള്‍ സുന്ദരമാണ്. പ്രസ്തുത മൂല്യങ്ങള്‍ നാം ജീവിതത്തില്‍ മുറുകെപ്പിടിക്കാന്‍ തയ്യാറായാല്‍ ഇസ്‌ലാമിനെ വെല്ലുവിളിക്കുന്നതിനോ അതിനെതിരെ കുത്സിത ശ്രമങ്ങള്‍ നടത്തുന്നതിനും ആര്‍ക്കും കഴിയില്ല. ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച റമസാന്‍ പ്രഭാഷണത്തില്‍ ദുബൈ മര്‍കസിനെ പ്രതിനിധീകരിച്ച് അല്‍ വസല്‍ ഓഡിറ്റോറിയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

സുഗമമായ ജീവിതത്തിന്റെ അടിസ്ഥാന തത്വമാണു നീതി. സമൂഹങ്ങളുടെയും രാഷ്ട്രങ്ങളുടെയും നിലനില്‍പിന്റെ ആണിക്കല്ലുകളിലൊന്നാണത്. സമൂഹത്തിന്റെ പുരോഗതിക്കത് അനിവാര്യമാണ്. സമൂഹത്തിന്റെ സകല മേഖലകളിലും പ്രായോഗികമായി നടപ്പാക്കേണ്ട ഒന്നാണത്. അവകാശങ്ങള്‍ വകവെച്ചു കൊടുക്കലും ബാധ്യതകള്‍ നിര്‍വഹിക്കലുമാണ് ഇസ്ലാമില്‍ നീതിയുടെ പ്രകടമായ മുഖം. ഭരണകൂടങ്ങളും അതിനു നേതൃത്വം നല്‍കുന്നവരും ഈ അവസ്ഥയിലുള്ളവരായിരിക്കണം. സമൂഹത്തിലെ അംഗങ്ങളെല്ലാം തങ്ങളുടെ ഉത്തരവാദിത്വങ്ങള്‍ ഏറ്റവും ഭംഗിയായി നിര്‍വഹിക്കുന്നവരാണെന്ന് സങ്കല്‍പിച്ചു നോക്കൂ. ഭരണാധികാരി ജനതയുടെ അവകാശങ്ങള്‍ വകവെച്ചു നല്‍കുന്നു. ഉദ്യോഗസ്ഥര്‍ ജനങ്ങളുടെ അവകാശങ്ങള്‍ നിര്‍വഹിക്കുന്നു. ഓരോ ജോലിക്കാരനും അവന്റെ ജോലി ഏറ്റവും നന്നായി നിര്‍വഹിക്കുന്നു. അപ്പോള്‍ ആ സമൂഹത്തിന് വൃത്തിയിലും വെടിപ്പിലും സംസ്‌കാരത്തിലും ഉയരാന്‍ സാധിക്കും. യു എ ഇ ഭരണകര്‍ത്താക്കളില്‍ ഇതിന്റെ നല്ല മാതൃക കാണാനാവും. ലോകത്തിനെ നമ്പര്‍ വണ്‍ സമൂഹമായി യു എ ഇയിലെ ജനങ്ങളെ മാറ്റുന്നതിനുള്ള കഠിനമായ പ്രയത്‌നം നടത്തുന്ന ഉന്നത വ്യക്തിത്വങ്ങളാണവര്‍.

സംഘടിത ശക്തിയായി രൂപപ്പെട്ടോ രാഷ്ട്രീയ മുന്നേറ്റങ്ങള്‍ നടത്തിയോ നിലവിലുള്ള പ്രതിസന്ധിയെ മറികടക്കാനാവില്ലെന്ന് മാത്രമല്ല അവ അതിനുള്ള പരിഹാരവുമല്ല. സ്‌നേഹവും നന്മയും നിറഞ്ഞ ഇസ്‌ലാമിനെ ജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്ക് മതത്തെക്കുറിച്ച് മതിപ്പു സൃഷ്ടിക്കല്‍ മാത്രമാണു പോംവഴി. ഇത്തരം ആളുകളിലൂടെ മതത്തെ തൊട്ടറിയുന്നവര്‍ക്ക് കൂടുതല്‍ ശങ്കിക്കേണ്ടി വരില്ല.

സ്‌നേഹത്തിന്റെയും നന്മയുടെയും മഹിതമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച മഹത് വ്യക്തിത്വമായിരുന്നു യു എ ഇ രാഷ്ട്രപിതാവ് ശൈഖ് സായിദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്‌യാന്‍. ലോകമെമ്പാടുമുള്ള മനുഷ്യര്‍ക്ക് കാരുണ്യത്തിന്റെ നീരുരവ ആ ഹൃദയത്തില്‍ നിന്ന് നിര്‍ഗളിച്ചു.

അതുകൊണ്ടു തന്നെ ലോക ജനത അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങള്‍ എക്കാലത്തും സ്മരിക്കുകയും വാഴ്ത്തുകയും ചെയ്യും. മര്‍കസ് പ്രസിഡന്റ് മുസ്തഫ ദാരിമി വിളയൂരിന്റെ അധ്യക്ഷതയില്‍ ഹോളി ഖുര്‍ആര്‍ അവാര്‍ഡ് കമ്മിറ്റി പ്രതിനിധി മേജര്‍ ഉസ്മാന്‍ അഹ്മദ് അല്‍ മര്‍സൂഖി ഉദ്ഘാടനം ചെയ്തു.

അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ് ലിയാര്‍, കേരള മുസ്‌ലിം ജമാഅത്ത് ജന. സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പേരോട് അബ്ദുറഹ് മാന്‍ സഖാഫി, ഡോ. എ പി അബ്ദുല്‍ ഹക്കീം അസ്ഹരി, ഡോ. പി എ മുഹമ്മദ് ഫാറൂഖ് നഈമി സംബന്ധിച്ചു. ശരീഫ് കാരശ്ശേരി സ്വാഗതവും യഹ്‌യ സഖാഫി നന്ദിയും പറഞ്ഞു.

ഫോട്ടോ: ദുബൈ അന്താരാഷ്ട്ര ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പരിപാടിയില്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പ്രഭാഷണം നടത്തുന്നു