മെകുനു യു എ ഇയില്‍ ശക്തി കുറയും; കനത്ത പൊടിക്കാറ്റിനും മഴക്കും സാധ്യത

Posted on: May 27, 2018 8:39 pm | Last updated: May 27, 2018 at 8:40 pm
വെള്ളം കയറിയ റോഡില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നു

ദുബൈ: ഒമാനിലെ ശക്തിയാ ര്‍ജിച്ച മെകുനു ചുഴലിക്കാറ്റിന്റെ ഫലമായി യു എ ഇയില്‍ ശക്തമായ പൊടിക്കാറ്റും മഴക്കും സാധ്യതയുണ്ടെന്ന് അധികൃതര്‍. 2000 മീറ്ററില്‍ താഴെ കാഴ്ച പരിധി കുറക്കുന്ന പൊടിക്കാറ്റ് ശക്തമാകാന്‍ സാധ്യതയുണ്ട്. രാജ്യത്തിന്റെ കിഴക്ക് തെക്കന്‍ മേഖലയില്‍ കനത്ത മഴക്കും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ കാറ്റ് ശക്തി പ്രാപിച്ചു യെമെനില്‍ നിന്നും ഒമാന്റെ പലഭാഗങ്ങളിലും ആഞ്ഞു വീശിയിരുന്നു.

അതേസമയം, കാറ്റ് യു എ ഇയിലേക്ക് പ്രവേശിക്കുന്നതോടെ ശക്തി കുറയുമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടി. വെള്ളിയാഴ്ച ഒമാനില്‍ വീശിയ കാറ്റിന് മണിക്കൂറില്‍ 200 കിലോമീറ്റര്‍ വരെ വേഗത കൈവന്നിരുന്നു. ഇതിന്റെ ഭാഗമായാണ് അസ്ഥിരമായ കാലാവസ്ഥയോടെ യു എ ഇയുടെ പലഭാഗത്തും പൊടിക്കാറ്റ് കനക്കുന്നതെന്ന് നിരീക്ഷണ കേന്ദ്രം ചൂണ്ടിക്കാട്ടി. യു എ ഇയിലേക്ക് കടക്കുന്ന കാറ്റിന് ശക്തി കുറഞ്ഞു ആകാശത്തു കാര്‍മേഘങ്ങളെ ഉണ്ടാക്കുന്നതിനാല്‍ ശക്തമായ കാറ്റോടെ മഴ ലഭിക്കും. പൊതു ജനങ്ങള്‍ അഭ്യൂഹങ്ങളില്‍ അകപ്പെടാതെ നിരീക്ഷണ കേന്ദ്രത്തിന്റെ ഔദ്യോഗിക സംവിധാനങ്ങളിലൂടെയുള്ള മുന്നറിയിപ്പുകള്‍ കൈക്കൊള്ളണമെന്നും ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചു.