സംസ്ഥാനത്ത് വീണ്ടും ഓണ്‍ലൈന്‍ ബേങ്കിങ് തട്ടിപ്പ്; വീട്ടമ്മയടക്കം രണ്ട് പേര്‍ക്ക് നഷ്ടമായത് ഒന്നര ലക്ഷത്തിലധികം രൂപ

Posted on: May 27, 2018 11:56 am | Last updated: May 27, 2018 at 3:58 pm

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും രണ്ട് പേര്‍ ഓണ്‍ലൈന്‍ ബേങ്കിങ് തട്ടിപ്പിനിരയായി. വീട്ടമ്മയായ പള്ളിച്ചല്‍ പാരൂര്‍ക്കുഴി ദീപു നിവാസില്‍ ശോഭനകുമാരിക്ക് 1,32,927 രൂപ നഷ്ടമായി . തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ ഡോക്ടറായ വീണക്ക് നഷ്ടമായത് 30000 രൂപയാണ്.

60 തവണയായാണ് ശോഭന കുമാരിയുടെ അക്കൗണ്ടില്‍നിന്നും പണം തട്ടിയിരിക്കുന്നത്. എസ്ബിഐ ബാലരാമപുരം ശാഖയില്‍ അക്കൗണ്ടുള്ള ഇവര്‍ ഇതുവരെ എടിഎം കാര്‍ഡ് ഉപയോഗിച്ചിട്ടില്ല. 19.23 തിയ്യതികളിലാണ് പണം പിന്‍വലിച്ചിരിക്കുന്നത്. ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങിയെന്നാണ് ബേങ്ക് രേഖകള്‍ പരിശോധിച്ചപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. ഒടിപി നമ്പര്‍ ചോദിച്ചുള്ള ഫോണ്‍വിളി വന്നിട്ടില്ലെന്നും ശോഭന കുമാരി പറയുന്നു.

ഈ മാസം 13ന് അഞ്ച് തവണയായാണ് ഡോ.വീണക്ക് പണം നഷ്ടമായത്. ആപ്പിള്‍ ഐ ട്യൂണ്‍സ്, ഗൂഗിള്‍ യങ് ജോയ് തുടങ്ങിയ സൈറ്റികളില്‍ പണമിടപാട് നടത്തിയെന്ന ഫോണ്‍ സന്ദേശം ഇവര്‍ക്ക് ലഭിച്ചിരുന്നു. ഈ സന്ദേശം ലഭിക്കുമ്പോള്‍ ഡോ.വീണ ഓപ്പറേഷന്‍ തിയേറ്ററിലായിരുന്നു. പിന്നീട് എടിഎം കാര്‍ഡ് ബ്ലോക്ക് ചെയ്യിച്ചിരുന്നു.

സംസ്ഥാനത്തിന് പുറത്തുനിന്നുള്ളവരാണ് പണം തട്ടിയെടുത്തതെന്നാണ് സൈബര്‍ സെല്ലിന്റെ പ്രാഥമിക നിഗമനം. സമാനമായ തട്ടിപ്പുകള്‍ സംസ്ഥാനത്ത് ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്.