മനഃസാക്ഷിക്ക് അനുസരിച്ച് മാത്രമേ പ്രവര്‍ത്തിച്ചിട്ടുള്ളൂ; കെമാല്‍പാഷക്ക് മറുപടിയുമായി ചീഫ് ജസ്റ്റിസ്

Posted on: May 26, 2018 2:02 pm | Last updated: May 26, 2018 at 9:10 pm

കൊച്ചി: തനിക്കെതിരേ രൂക്ഷ വിമര്‍ശനം അഴിച്ചുവിട്ട വിരമിച്ച ജസ്റ്റിസ് ബി കെമാല്‍ പാഷക്ക് പരോക്ഷ മറുപടിയുമായി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക്. മനഃസാക്ഷിക്ക് അനുസരിച്ച് മാത്രമേ താന്‍ ഇതുവരെ പ്രവര്‍ത്തിച്ചിട്ടുള്ളൂ എന്നും സംതൃപ്തിയോടെയാണ് പടിയിറങ്ങുന്നതെന്നും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമനിക് പറഞ്ഞു.

അതേസമയം, ജസ്റ്റിസ് പി.എന്‍.രവീന്ദ്രന്‍ രൂക്ഷമായ വിമര്‍ശനമാണ് കെമാല്‍പാഷക്കെതിരേ നടത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ പരാമര്‍ശം ദുഃഖകരമാണ്. വിരമിച്ച ശേഷം ചില ജഡ്ജിമാര്‍ കേരള ഹൈക്കോടതി എന്ന മഹത്തായ സ്ഥാപനത്തിന്റെ പേര് കളയുന്ന രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം അല്പന്മാരായ ജഡ്ജിമാര്‍ക്കെതിരേ ഏവരും ഒത്തൊരുമയോടെ നില്‍ക്കണം. തന്നെ താനാക്കിയ കോടതിയെ അവഹേളിക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. അത്തരക്കാര്‍ക്കെതിരെ പറയാനുള്ളത് പറയും. തന്റെ കര്‍ക്കശ സ്വഭാവം അടുത്ത ദിവസം വിടവാങ്ങല്‍ പ്രസംഗത്തില്‍ കാണിക്കുമെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വിരമിച്ച ശേഷം നടത്തിയ മാധ്യമ അഭിമുഖങ്ങളില്‍ ചീഫ് ജസ്റ്റീസിനെ ജസ്റ്റിസ് കെമാല്‍ പാക്ഷ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പേരെടുത്ത് പറയാതെ ചീഫ് ജസ്റ്റിസും ജസ്റ്റിസ് രവീന്ദ്രനും മറുപടി പറയുകയായിരുന്നു ഇന്ന്.

അടുത്ത കാലത്ത് ജഡ്ജിമാരുടെ പരിഗണനാ വിഷയങ്ങള്‍ മാറ്റിയത് അനവസരത്തിലാണെന്നും നടന്നത് കീഴ്‌വഴക്കങ്ങളുടെ ലംഘനമാണെന്നും
ഹൈക്കോടതി ചീഫ് ജസ്റ്റിസാണ് ഇതിന് ഉത്തരവാദിയെന്നും കെമാല്‍പാഷ കുറ്റപ്പെടുത്തിയിരുന്നു. പരിഗണനാ വിഷയങ്ങള്‍ മാറ്റിയ സംഭവത്തില്‍ ബാഹ്യ ഇടപെടല്‍ സംശയിക്കുന്നവരെ തെറ്റു പറയാനാകില്ലെന്നും കെമാല്‍പാഷ പറഞ്ഞു.

കെമാല്‍ ഷാ ഇന്നലെ ദൃശ്യമാധ്യമങ്ങോ്ട് പറഞ്ഞത്…..

സിറോ മലബാര്‍ ഭൂമിയിടപാടുമായി ബന്ധപ്പെട്ട കേസില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ കേസെടുത്ത തന്റെ വിധിന്യായത്തില്‍ ഉറച്ചു നല്‍ക്കുന്നു. കര്‍ദിനാളിന് കാനോണ്‍ നിയമങ്ങളല്ല, ഇന്ത്യന്‍ പീനല്‍ കോഡാണ് ബാധകം. സീറോ മലബാര്‍ സഭ ഭൂമി കേസ്, ശുഹൈബ് വധക്കേസ് വിധികള്‍ അട്ടിമറിക്കപ്പെട്ടെന്ന് താന്‍ പറയുന്നില്ല. ഹൈക്കോടതി ജഡ്ജിമാരുടെ കൊളീജിയം ശിപാര്‍ശയെയും കെമാല്‍പാഷ വിമര്‍ശിച്ചു. കൊളീജിയം നല്ല സംവിധാനം തന്നെയാണെന്നാണ് തന്റെ അഭിപ്രായം. എന്നാല്‍, ഒരു പ്രാവശ്യം പോലും ഹൈക്കോടതിയില്‍ കാണാത്തവര്‍ പോലും കൊളീജിയത്തില്‍ കടന്ന് കയറിയ സാഹചര്യമുണ്ടായിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജിമാരായി നിയമിക്കാന്‍ പരിഗണിക്കുന്നവരില്‍ ചിലര്‍ അര്‍ഹതയില്ലാത്തവരാണ്. ആളെ തിരിച്ചറിയാന്‍ ഹൈക്കോടതി ഡയറക്ടറി പരിശോധിക്കേണ്ട സ്ഥിതിയുണ്ട്. ചിലരെയൊക്കെ പല ജഡ്ജിമാര്‍ പോലും കണ്ടിട്ടേയില്ല. ജാതി മതം, മറ്റ് പരിഗണനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ജഡ്ജി നിയമനം വീതം വെക്കുന്ന സ്ഥിതിയാണ് കാണാന്‍ കഴിഞ്ഞിട്ടുള്ളത്. ഇത് നീതിനിര്‍വഹണ മൂല്യങ്ങള്‍ പാടേ തകര്‍ക്കുന്ന രീതിയാണ്. ഒന്നിനും സുതാര്യതയില്ലെന്നും മാനദണ്ഡങ്ങള്‍ വ്യക്തമല്ലെന്നും അദ്ദേഹം ആരോപിച്ചു.

ലാവലിന്‍ കേസ് തന്റെ ബഞ്ചില്‍ നിന്ന് മാറ്റിയതില്‍ അസ്വാഭാവികത തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. വിരമിച്ച ശേഷം ജോലി നല്‍കാമെന്ന് തനിക്ക് ആരും വാഗ്ദാനങ്ങള്‍ നല്‍കിയിട്ടില്ലെന്നും വിരമിച്ച ശേഷം മൂന്ന് വര്‍ഷത്തേക്ക് ശമ്പളം പറ്റുന്ന പദവികള്‍ പാടില്ലെന്നാണ് വ്യക്തിപരമായ നിലപാടെന്നും കെമാല്‍പാഷ ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം നടത്തിയ വിടവാങ്ങല്‍ പ്രസംഗത്തില്‍ പറഞ്ഞത് മുന്നറിയിപ്പായി തന്നെ കാണണം. ആരെയും വ്യക്തിപരമായി ഉദ്ദേശിച്ചായിരുന്നില്ല ഇത്. എത്ര പേര്‍ അനുസരിക്കുമെന്ന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.