Connect with us

Kerala

ഇന്ന് കൊട്ടിക്കലാശം; ഇനി നിശ്ശബ്ദ പ്രചാരണം

Published

|

Last Updated

ചെങ്ങന്നൂര്‍: മൂന്ന് മുന്നണി സ്ഥാനാര്‍ഥികള്‍ ഉള്‍പ്പടെ 17പേര്‍ മാറ്റുരക്കുന്ന ഉപതിരഞ്ഞെടുപ്പ് കോലാഹലങ്ങളുടെ കൊട്ടിക്കലാശം ഇന്ന്. മുന്നണികള്‍ക്കെല്ലാം അഭിമാന പോരാട്ടമാണ് ചെങ്ങന്നൂരില്‍ നടക്കുന്നത്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പുകളുടെ വിധിയെഴുത്താകും ഈ തിരഞ്ഞെടുപ്പിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. രാഷ്ട്രീയത്തിനപ്പുറം കടുത്ത സാമുദായി വിലപേശലുണ്ടായ ആദ്യത്തെ തിരഞ്ഞെടുപ്പെന്ന ഖ്യാതിയും ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പിനുണ്ട്.

കഴിഞ്ഞ മൂന്ന് മാസക്കാലത്തിലേറെയായി മുന്നണി സ്ഥാനാര്‍ഥികള്‍ ഇടതടവില്ലാതെ പ്രചാരണത്തിരക്കിലാണ്. കെ കെ രാമചന്ദ്രന്‍ നായരുടെ നിര്യാണത്തിന് ശേഷം ഉപതിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കാന്‍ വൈകിയെങ്കിലും അതിനൊന്നും കാത്തുനില്‍ക്കാതെ തങ്ങളുടെ വോട്ട് ഉറപ്പിക്കാനുള്ള തിരക്കിലായിരുന്നു മുന്നണികള്‍.

ഇടത് മുന്നണി സ്ഥാനാര്‍ഥി സജി ചെറിയാന്റെ പേര് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചെങ്ങന്നൂരില്‍ എത്തി പ്രഖ്യാപിക്കുകയായിരുന്നു. അടുത്ത ദിവസം തന്നെ അഡ്വ. ഡി വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം എ ഐ സി സി ആസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടു. ഏറ്റവും ഓടുവിലാണ് പി എസ് ശ്രീധരന്‍പിള്ളയുടെ സ്ഥാനാര്‍ഥിത്വം ഡല്‍ഹിയിലെ ബി ജെ പി ആസ്ഥാനത്ത് പ്രഖ്യാപിക്കപ്പെട്ടത്.

അന്തരിച്ച ലീഡറുടെ മനസാക്ഷി സൂക്ഷിപ്പുകാരനും കാല്‍ നൂറ്റാണ്ടിലധികം കാലം ഐ വിഭാഗത്തില്‍ ഉറച്ചുനിന്നിരുന്ന നേതാവുമായിരുന്ന വിജയകുമാര്‍ അടുത്തകാലത്ത് എ വിഭാഗത്തിലേക്ക് ചുവട് മാറ്റുകയായിരുന്നു. ചെങ്ങന്നൂര്‍ കാര്‍ഷിക ഗ്രാമവികന ബേങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് മത്സരത്തിലെ സ്ഥാനാര്‍ഥിയായി ഐ വിഭാഗം വിജയകുമാറിന് സീറ്റ് നിഷേധിക്കുകയും തുടര്‍ന്ന് എ വിഭാഗത്തിന്റെ പിന്തുണയോടെ മത്സരിച്ച് ജയിക്കുകയും പ്രസിഡന്റാകുകയുമാണ് ഉണ്ടായത്. സി പി എമ്മില്‍ മറ്റ് പലപേരുകള്‍ പരിഗണനയിലെത്തിയെങ്കിലും സജി ചെറിയാന്റെ പേരിന് തന്നെയായിരുന്നു മുന്‍തൂക്കം.

സിപിഎമ്മില്‍ നിന്നും വോട്ട് ചോരാതിരിക്കാന്‍ വേണ്ടി സംസ്ഥാന നേതാക്കളെ രംഗത്തിറക്കി അതീവ ജാഗ്രത പുലര്‍ത്തുന്നുമുണ്ട്. ഒരോ വോട്ടും തനിക്കനുകൂലമാക്കന്‍ സ്ഥനാര്‍ഥിയും മുന്നണി പ്രവര്‍ത്തകരും തികഞ്ഞ പരിശ്രമത്തിലാണ്. വിജയകുമാറിന്റെ സ്ഥാനാര്‍ഥിത്വം കോണ്‍ഗ്രസില്‍ നിന്നും അകന്നുപോയിരുന്ന പഴയ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കാന്‍ കാരണമായി. ഇത്തരത്തിലുള്ള ഒരു നീക്കം യു ഡി എഫ് കേന്ദ്രങ്ങളില്‍ ഉണര്‍വും ശക്തിയും പകര്‍ന്നു. ഗ്രൂപ്പ് വഴക്കില്‍ വിജകുമാറിന്റെ വോട്ട് നഷ്ടപ്പെടാതിരിക്കാന്‍ കെ പി സി സി നേതാക്കന്മാരെ ബൂത്ത് അടിസ്ഥാനത്തില്‍ നിരീക്ഷകരാക്കിയിട്ടുണ്ട്.

വെറും 6000 വോട്ട് മാത്രമുണ്ടായിരുന്ന ബി ജെ പി മണ്ഡലത്തില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിനേക്കാള്‍ ആറ് ഇരട്ടിയായി വോട്ട് വര്‍ധിച്ചത് വലിയ ആത്മവിശ്വാസം ഉണ്ടാക്കിയിട്ടുണ്ട്. എങ്കിലും കഴിഞ്ഞ തവണ സജീവമായുണ്ടായിരുന്ന ബി ഡി ജെ എസിന്റെ ഉള്‍വലിവ് എന്‍ ഡി എ കേന്ദ്രങ്ങളെ ആശങ്കപ്പെടുത്തുന്നുണ്ട്. സാമുദായിക സമവാക്യങ്ങള്‍ എക്കാലവും ഏറെ പ്രതിഫലിക്കുന്ന മണ്ഡലമാണ് ചെങ്ങന്നൂര്‍. വികസനത്തിന് വേണ്ടി പല കേന്ദ്രങ്ങളില്‍ നിന്നും മുറവിളി ഉയരുമ്പോഴും മണ്ഡലത്തില്‍ പൂര്‍ത്തീകരിക്കപ്പെടാത്ത പദ്ധതികള്‍ നിരവധിയാണ്. ജനങ്ങളുടെ അടിസ്ഥാന ആവശ്യമായ കുടിവെള്ളം, മാലിന്യ സംസ്‌കരണം, പൊതുശ്മശാനം തുടങ്ങിയവയൊക്കെ ഇപ്പോഴും അപ്രാപ്യമാണ്.

ഒരു ഭരണകക്ഷി എംഎല്‍എയോ അതിലുപരിയോ ആണ് ഇടതുമുന്നണി നല്‍കുന്ന വഗ്ദാനം. കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളുടെ ശരിയായ വിലയിരുത്തലാകും ഈ മണ്ഡലത്തില്‍ നടക്കുകയെന്നതാണ് യു ഡി എഫ് കേന്ദ്രങ്ങളുടെ വാദം. എന്‍ ഡി എ സ്ഥാനാര്‍ഥി വിജയിച്ചാല്‍ കേന്ദ്ര സര്‍ക്കാറില്‍നിന്നും വമ്പിച്ച ആനുകൂല്യങ്ങള്‍ ലഭിക്കുമെന്നാണ് അവരുടെ അവകാശ വാദം.