ഇന്തോനേഷ്യ വിവാദ ഭീകരവിരുദ്ധ നിയമം പാസ്സാക്കി

ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റം ചുമത്താതെ 21 ദിവസം കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാം
Posted on: May 26, 2018 6:09 am | Last updated: May 26, 2018 at 1:14 am

ജക്കാര്‍ത്ത: ഏറെ വിവാദങ്ങളുണ്ടാക്കിയേക്കാവുന്ന പുതിയ ഭീകരവിരുദ്ധ നിയമത്തിന് ഇന്തോനേഷ്യന്‍ പാര്‍ലിമെന്റിന്റെ അംഗീകാരം. പാര്‍ലിമെന്റിലെ എല്ലാ രാഷ്ട്രീയ കക്ഷികളും ഐകകണ്‌ഠ്യേനയാണ് പുതിയ നിയമത്തിന് അനുമതി നല്‍കിയത്. ഭീകരവിരുദ്ധ ഓപറേഷനുകളിലും ആഭ്യന്തര സുരക്ഷാ വിഷയങ്ങളിലും സൈന്യത്തിന് നേരിട്ട് ഇടപെടാന്‍ അനുമതി നല്‍കുന്നതാണ് പുതിയ നിയമം. അതേസമയം, സൈന്യത്തിന് ഇടപെടണമെങ്കില്‍ പോലീസിന്റെയും പ്രസിഡന്റിന്റെയും അംഗീകാരം നിര്‍ബന്ധമാണെന്നും നിയമം അനുശാസിക്കുന്നു. ഇസില്‍ ഭീകരവാദികള്‍ ഇന്തോനേഷ്യയില്‍ നടത്തിയ തുടര്‍ച്ചയായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് മലേഷ്യന്‍ പാര്‍ലിമെന്റ് പുതിയ നിയമം കൊണ്ടുവരുന്നത്.

പുതിയ നിയമം അനുസരിച്ച്, ഭീകരവാദവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നവരെ കുറ്റം ചുമത്താതെ 21 ദിവസം കസ്റ്റഡിയില്‍ വെച്ച് ചോദ്യം ചെയ്യാം. തെളിവുകള്‍ ശേഖരിക്കുന്നത് ആവശ്യമാണെങ്കില്‍ 200 ദിവസവും കസ്റ്റഡിയില്‍ വെക്കാവുന്നതാണ്. ഭീകരവാദ പ്രവര്‍ത്തനത്തിന് വേണ്ടി രാജ്യത്തേക്ക് സ്‌ഫോടക വസ്തുക്കള്‍ കള്ളക്കടത്ത് നടത്തുകയോ അല്ലെങ്കില്‍ മറ്റ് രാസായുധങ്ങള്‍ കയറ്റുമതി ചെയ്യുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്താല്‍ മരണശിക്ഷയും നിയമം അനുശാസിക്കുന്നു.

കഴിഞ്ഞ ആഴ്ച ഇന്തോനേഷ്യയില്‍ ചര്‍ച്ചിലും മറ്റുമായി നടന്ന നിരവധി സ്‌ഫോടനങ്ങളില്‍ 20 പേര്‍ കൊല്ലപ്പെട്ടിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്വം ഇസില്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 2014നും 2018നും ഇടയില്‍ സിറിയയിലെയും ഇറാഖിലെയും ഇസില്‍ ഭീകരവാദികള്‍ക്കൊപ്പം പ്രവര്‍ത്തിക്കുന്നതിന് വേണ്ടി ആയിരത്തോളം യുവാക്കള്‍ രാജ്യം വിട്ടതായും ഇവരില്‍ അഞ്ഞൂറിലേറെ പേര്‍ തിരിച്ചെത്തിയതായും അധികൃതര്‍ അറിയിച്ചിരുന്നു.

2016ല്‍ പാര്‍ലിമെന്റില്‍ ഈ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇതിന്റെ ദുരുപയോഗ സാധ്യതകള്‍ കണക്കിലെടുത്ത് അംഗീകാരം നല്‍കിയിരുന്നില്ല. സൈന്യത്തിന് വലിയ ഉത്തരവാദിത്വം നല്‍കുന്ന തീരുമാനത്തെ മനുഷ്യാവകാശ സംഘടനകള്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്.