Connect with us

National

രാമനഗരയില്‍ കുമാര സ്വാമിയുടെ ഭാര്യ മത്സരിക്കും

Published

|

Last Updated

അനിതാകുമാരസ്വാമി

ബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ രാമനഗരയില്‍ നിന്നും ചന്നപട്ടണയില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുമാരസ്വാമി, രാമനഗര മണ്ഡലത്തിലെ നിയമസഭാംഗത്വം രാജിവെച്ചു. ഇതോടെ രാമനഗരയില്‍ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി. മണ്ഡലത്തില്‍ കുമാര സ്വാമിയുടെ ഭാര്യ അനിതാകുമാരസ്വാമിയെ മത്സരിപ്പിക്കാനാണ് ജെ ഡി എസ് തീരുമാനം. അനിത കുമാരസ്വാമി ഇതിന് മുമ്പും തിരഞ്ഞെടുപ്പ് നേരിട്ടിട്ടുണ്ട്.

1996ല്‍ കനകപുരയില്‍നിന്ന് ലോക്‌സഭ സ്ഥാനാര്‍ഥിയായി കുമാരസ്വാമി മത്സരിച്ചപ്പോഴാണ് അനിത ആദ്യമായി പ്രചാരണത്തിനിറങ്ങുന്നത്. അത് അവരുടെ രാഷ്ട്രീയ പ്രവേശനം കൂടിയായിരുന്നു പിന്നീട് 12 വര്‍ഷത്തിന് ശേഷം 2008ല്‍ തുമകുരു ജില്ലയിലെ മധുഗിരി ഉപതിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച അനിത വിജയിക്കുകയും ചെയ്തു. എന്നാല്‍, 2013ലെ തിരഞ്ഞെടുപ്പില്‍ ചന്നപട്ടണയില്‍ നിന്ന് മത്സരിച്ചെങ്കിലും സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ആയിരുന്ന സി പി യോഗേശ്വറിനോട് പരാജയപ്പെട്ടു. 2014ല്‍ ബെംഗളൂരു റൂറല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചു.അവിടേയും പരാജയമായിരുന്നു ഫലമെങ്കിലും രാഷ്ട്രീയത്തില്‍ സജീവമായി തുടര്‍ന്നു.

ജെ ഡി എസിന്റെ ഉരുക്കുകോട്ടയായ രാമനഗരയില്‍ കുമാരസ്വാമി അനായാസമായാണ് വിജയിച്ചത്. പ്രചാരണത്തിന് ഒരു തവണ പോലും കുമാരസ്വാമി മണ്ഡലത്തിലെത്തിയിരുന്നില്ല. 21,530 വോട്ടിന്റെ ഭൂരിപക്ഷം നേടിയെങ്കിലും ചന്നപട്ടണയില്‍ അദ്ദേഹം കനത്ത മത്സരമാണ് നേരിട്ടത്. ബി ജെ പിയുടെ സി പി യോഗേശ്വറും കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായിരുന്ന എച്ച് എം രേവണ്ണയുമായിരുന്നു എതിര്‍സ്ഥാനാര്‍ഥികള്‍. മണ്ഡലത്തില്‍ കാര്യമായ വേരോട്ടമുള്ള സി പി യോഗേശ്വറാണ് രണ്ടാം സ്ഥാനത്തെത്തിയത്.

ഉപതിരഞ്ഞെടുപ്പ് വരികയാണെങ്കില്‍ കടുത്ത മത്സരമാണ് ചന്നപട്ടണയില്‍ നടക്കുകയെന്ന നിഗമനത്തിലാണ് രാമനഗര മണ്ഡലത്തില്‍ നിന്ന് രാജിവെക്കാന്‍ കുമാരസ്വാമി തീരുമാനിച്ചത്. ബി ജെ പിക്ക് സ്വാധീനമുള്ള ഇവിടെ ജെ ഡി എസിന് ഇനിയത്തെ സാഹചര്യത്തില്‍ അത്ര എളുപ്പം ജയിച്ചുകയറാന്‍ സാധ്യമല്ലെന്നതും ചന്നപട്ടണ നിലനിര്‍ത്താന്‍ കുമാരസ്വാമിയെ പ്രേരിപ്പിക്കുകയായിരുന്നു.

Latest