താത്കാലിക അധ്യാപകരെ തേടി സ്‌കൂളുകള്‍

സ്ഥിരം അധ്യാപകരില്ല
Posted on: May 26, 2018 6:03 am | Last updated: May 25, 2018 at 11:52 pm

മലപ്പുറം: സംസ്ഥാനത്ത് സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളില്‍ താത്കാലിക അധ്യാപകരെ കണ്ടെത്താന്‍ നെട്ടോട്ടം. മാര്‍ച്ചില്‍ വിരമിച്ചവരുടെത് ഉള്‍പ്പെടെയുള്ള ഒഴിവുകളാണ് സ്‌കൂളുകള്‍ തുറക്കും മുമ്പ് നികത്തേണ്ടത്. താത്കാലിക അധ്യാപകരെ നിയമിക്കാന്‍ സര്‍ക്കാര്‍ ഉത്തരവുള്ളതിനാല്‍ എല്ലാ സ്‌കൂളുകളിലും ഇപ്പോള്‍ അധ്യാപക മുഖാമുഖം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം ഒന്നിന് മുമ്പ് നിയമനം നടത്തേണ്ടതിനാലാണ് ഈ തിരക്ക്. കെ ടെറ്റ് യോഗ്യത നേടിയവര്‍ക്ക് പ്രഥമ പരിഗണന നല്‍കണമെന്നാണ് നിര്‍ദേശം. ഇവരുടെ അഭാവത്തില്‍ മാത്രമേ മറ്റുള്ളവരെ നിയമിക്കാവൂ. 180 ദിവസം മുതല്‍ ഒരു അക്കാദമിക വര്‍ഷത്തില്‍ താഴെ വരെ ദൈര്‍ഘ്യമുള്ള ഒഴിവുകളിലേക്ക് താത്കാലികമായി പുനര്‍ വിന്യസിപ്പിക്കപ്പെട്ട സംരക്ഷിത അധ്യാപകരുണ്ടെങ്കില്‍ ഇവരെ തിരികെ വിളിക്കാം. ഇത്തരത്തില്‍ തിരികെ വിളിക്കേണ്ടവരുടെ ലിസ്റ്റ് ഉപജില്ലാ, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍മാര്‍ സ്‌കൂളുകളില്‍ നിന്ന് ശേഖരിച്ച് വിദ്യാഭ്യാസ ഉപഡയറക്ടര്‍ക്ക് സമര്‍പ്പിക്കണം. ഇത്തരം അധ്യാപകരോട് ജൂണ്‍ ഒന്നിന് സ്‌കൂളില്‍ അവധി ഒഴിവില്‍ പ്രവേശിക്കാന്‍ അടിയന്തര നിര്‍ദേശം നല്‍കുകയും വേണം. എയ്ഡഡ് സ്‌കൂളുകളിലെ സ്ഥിരം ഒഴിവുകളിലേക്കോ ദീര്‍ഘകാല അവധി ഒഴിവുകളിലേക്കോ സ്ഥിരമായി പുനര്‍ വിന്യസിച്ചിരിക്കുന്ന സംരക്ഷിത അധ്യാപകരെ തിരിച്ചുവിളിച്ച് നിയമിക്കരുതെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

പ്രൈമൈറി സ്‌കൂള്‍ അധ്യാപകര്‍ക്ക് 895 രൂപയും ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് 1025 രൂപയും പാര്‍ട്ട്‌ടൈം ഹൈസ്‌കൂള്‍ ഭാഷാ അധ്യാപകര്‍ക്ക് 710 രൂപയും പ്രൈമറി സ്‌കൂള്‍ പാര്‍ട്ട്‌ടൈം ഭാഷാ അധ്യാപകര്‍ക്ക് 685 രൂപയുമാണ് പ്രതിദിന വേതനമായി അനുവദിക്കുക. സ്ഥിരം തസ്തികയില്‍ താത്കാലിക അധ്യാപകരെ നിയമിച്ചു എന്ന കാരണത്താല്‍ ഒഴിവുകള്‍ പി എസ് സിക്ക് റിപ്പോര്‍ട്ട് ചെയ്യാതിരിക്കരുതെന്നും സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് നിര്‍ദേശമുണ്ട്.