Connect with us

Kerala

കേരളം ജല ഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണം: ഗവര്‍ണര്‍

Published

|

Last Updated

കൊച്ചി: കേരളം ജലഗാഗത സംവിധാനങ്ങള്‍ കാര്യക്ഷമമായി നടപ്പാക്കി ഉപയോഗപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പി സദാശിവം. കേരളത്തില്‍ ഹൈവേ വികസനത്തിന് സ്ഥലം കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണ്. ഈ സാഹചര്യത്തില്‍ ചരക്ക്‌നീക്കത്തിന് ജലഗതാഗത സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്ന് ഗവര്‍ണര്‍ പറഞ്ഞു. കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റിന്റെ നേതൃത്വത്തില്‍ വെല്ലിംഗ്ടണ്‍ ഐലന്‍ഡില്‍ നടത്തിയ തുറമുഖ ദിനാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പൊതുമേഖലാ സ്ഥാപനങ്ങള്‍ നാടിന്റെ യശസ്സ് ഉയര്‍ത്തുന്നവയാണ്. എന്നാല്‍ ഇത്തരം സ്ഥാപനങ്ങളോടുള്ള സര്‍ക്കാറിന്റെ സമീപനം നിരാശാജനകമാണെന്ന് ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി. നിലവില്‍ ചരക്കുഗതാഗതത്തില്‍ തുറമുഖങ്ങള്‍ വഹിക്കുന്ന വലിയ പങ്ക് മനസ്സിലാക്കി സര്‍ക്കാര്‍ പുതിയ പദ്ധതികള്‍ ആവിഷ്‌കരിച്ചുവരികയാണ്. ചൈനയടക്കമുള്ള സമീപ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ ചരക്ക് നീക്കത്തിനുള്ള ചെലവ് കൂടുതലാണ്. ഇത് നിജപ്പെടുത്തേണ്ടതുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോളടക്കമുള്ള വിഷയങ്ങളില്‍ കൃത്യമായ ശ്രദ്ധനല്‍കി ശരിയായ രീതിയിലുള്ള തുറമുഖ വികസനമാകണം പിന്തുടരേണ്ട മാതൃകയെന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്തെ ഉന്നത തീതിപീഠങ്ങളില്‍ വ്യാപാരസംബന്ധിയായി കെട്ടിക്കിടക്കുന്ന കേസുകളില്‍ ഭൂരിഭാഗവും വ്യാപാര ഉടമ്പടികള്‍ തയ്യാറാക്കുന്ന സമയത്ത് അവയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന നിബന്ധനകളെക്കുറിച്ച് ശരിയായ ബോധ്യമില്ലാത്തതിനാലാണെന്ന് കാണാം. വ്യാപാര കരാറുകള്‍ തയ്യാറാക്കുന്നതിന് മുന്‍പ് കരാറുടമ്പടികള്‍ ശരിയായ രീതിയില്‍ വായിച്ച് മനസ്സിലാക്കണമെന്നും അദ്ദേഹം വ്യാപാരികളോട് നിര്‍ദേശിച്ചു.

ബൃഹത്തായ ചരിത്രമുള്ള തുറമുഖങ്ങളിലൊന്നാണ് കൊച്ചിന്‍ തുറമുഖമെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കൊച്ചിന്‍ പോര്‍ട്ട്ട്രസ്റ്റ് ചെയര്‍മാന്‍ എ വി രമണ പറഞ്ഞു. ചരക്കുഗതാഗതത്തില്‍ കൃത്യമായ പുരോഗതിയാണ് തുറമുഖം രേഖപ്പെടുത്തുന്നത്. നിലവില്‍ 53.6 മില്യണ്‍ മെട്രിക് ടണ്‍ ശേഷിയാണ് തുറമുഖത്തിനുള്ളത്. 2017-2018 കാലയളവില്‍ 29.14 മെട്രിക് ടണ്‍ ചരക്ക് കൈമാറാന്‍ തുറമുഖത്തിന് കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം വഴിയുള്ള ചരക്കുഗതാഗതം സുഗമമാക്കുന്നതിനായി കസ്റ്റംസ് വകുപ്പ ഓണ്‍ലൈന്‍ ഏകജാലക സംവിധാനം നടപ്പാക്കിയതായി കസ്റ്റംസ് ചീഫ് കമ്മീഷണര്‍ നാഗേശ്വററാവു ഐ ആര്‍ എസ് പറഞ്ഞു.

വീതിയും ആഴവും കൂട്ടി നവീകരിച്ച കൊച്ചി കപ്പല്‍ചാലിലൂടെ ആദ്യകപ്പലായ എസ് എസ് പദ്മ 1928 മെയ് 26ന് തുറമുഖത്തടുത്തതിന്റെ ഓര്‍മയിലാണ് “കൊച്ചി തുറമുഖദിനം” ആഘോഷിക്കുന്നത്. വെല്ലിങ്ടണ്‍ ഐലന്‍ഡിലെ സാമുദ്രിക ഹാളില്‍ നടന്ന ചടങ്ങില്‍ പ്രകാശ് അയ്യര്‍, എ എ അബ്ദുല്‍ അസീസ്, ഗൗതം ഗുപ്ത, ജി വൈദ്യനാഥന്‍ സംസാരിച്ചു. കഴിഞ്ഞ വര്‍ഷം മികച്ച പ്രകടനം കാഴ്ചവെച്ച ജീവനക്കാര്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു. കലാപരിപാടികളും അരങ്ങേറി. എം വി ലഗൂണ്‍ എന്ന യാത്രാകപ്പലും കോസ്റ്റ് ഗാര്‍ഡിന്റെ കപ്പലും പൊതുജനങ്ങള്‍ക്ക് കാണാന്‍ അവസരമൊരുക്കിയിരുന്നു.

Latest