ശ്രീദേവിയുടെ മരണം ആസൂത്രിത കൊലപാതകമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍

Posted on: May 25, 2018 4:48 pm | Last updated: May 25, 2018 at 4:56 pm

മുംബൈ: ബോളിവുഡ് നടി ശ്രീദേവിയുടേത് ആസൂത്രിത കൊലപാതകമെന്ന് മുന്‍ പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. ശ്രീദേവിയുടെ മരണത്തില്‍ അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന് പങ്കുണ്ടെന്ന് സംശയിക്കുന്നതായും റിട്ട. എസിപി വേദ്ഭൂഷണ്‍ പറഞ്ഞു. ശ്രീദേവി താമസിച്ച ഹോട്ടലില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വേദ്ഭൂഷണ്‍ ഇത്തരമൊരു നിഗമനത്തിലെത്തിയത്.

ഹോട്ടലിന്റെ ഉടമസ്ഥത ദാവൂദിനാണെന്നും ഇദ്ദേഹം പറഞ്ഞു. ഈ സാഹചര്യത്തില്‍ ശ്രീദേവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കുമെന്നും വേദ്ഭൂഷണ്‍ വ്യക്തമാക്കി.

ശ്രീദേവിയുടെ പേരിലുള്ള ഭീമമായ ഇന്‍ഷ്വറന്‍സ് തുക തട്ടിയെടുക്കലായിരുന്നു കൊലപാതകത്തിന് പിന്നിലെ ഉദ്ദേശമെന്ന് ഇദ്ദേഹം പറഞ്ഞു.ശ്രീദേവിയുടെ രക്ത സാമ്പിളുകളും ശ്വാസകോശത്തിലെ വെള്ളത്തിന്റെ അളവുകളും ലഭിക്കാനായി ദുബൈ പോലീസിനെ സമീപിച്ചെങ്കിലും ലഭിച്ചില്ലെന്ന് വേദ്ഭൂഷണ്‍ പറഞ്ഞു. ഫെബ്രവരി 25ന് ദുബൈയിലെ ഹോട്ടല്‍ മുറിയിലാണ് ശ്രീദേവിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.