മത്സ്യബന്ധന മേഖലക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിച്ചുരുക്കി

Posted on: May 25, 2018 6:09 am | Last updated: May 24, 2018 at 11:52 pm

കണ്ണൂര്‍: സംസ്ഥാന മത്സ്യബന്ധന മേഖലക്കുള്ള സാമ്പത്തിക സഹായം കേന്ദ്രം വെട്ടിച്ചുരുക്കി. മത്സ്യബന്ധന മേഖലയെ വികസിപ്പിക്കുന്നതിനായുള്ള വിവിധ പദ്ധതികള്‍ക്കുള്ള കേന്ദ്ര വിഹിതത്തിലാണ് സര്‍ക്കാര്‍ കുറവ് വരുത്തിയിരിക്കുന്നത്. അനുവദിക്കുന്ന കേന്ദ്ര വിഹിതം വര്‍ഷംതോറും കുറയുന്നുവെന്ന് മാത്രമല്ല ഈ സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി ലഭിക്കാനുള്ള തുകയൊന്നും ഇതുവരെ ലഭിച്ചിട്ടുമില്ല. ഈയിടെയായി മത്സ്യമേഖലക്ക് പ്രാധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാറിന് കേന്ദ്രത്തിന്റെ പുതിയ നടപടി വന്‍ തിരിച്ചടിയായിരിക്കുകയാണ്.

ഹാര്‍ബര്‍ എന്‍ജിനിയറിംഗ് വകുപ്പിന് കീഴില്‍ നിലവില്‍ നടപ്പാക്കിക്കൊണ്ടിരിക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ക്കായി 372.12 കോടി രൂപയാണ് അനുവദിച്ചിരുന്നത്. ഇതില്‍ കേന്ദ്ര വിഹിതമായി ലഭിക്കേണ്ടത് 247.07 കോടി രൂപയാണ്. നാളിതുവരെയായി 127.56 കോടി രൂപ മാത്രമാണ് കേന്ദ്രവിഹിതമായി അനുവദിച്ചിട്ടുള്ളത്. ഈ പദ്ധതിക്കായി 119.50 കോടി രൂപയാണ് ഇനി സംസ്ഥാന സര്‍ക്കാറിന് ലഭിക്കേണ്ടത്. പക്ഷേ, 2016-17 സാമ്പത്തിക വര്‍ഷം 11.58 കോടി രൂപ മാത്രമാണ് സര്‍ക്കാറിന് ലഭ്യമായത്. സംസ്ഥാനം കൂടുതലായി ചെലവഴിച്ച 84.65 കോടി രൂപ കേന്ദ്ര സര്‍ക്കാറില്‍ നിന്നും റീ ഇംബേഴ്‌സ് ചെയ്ത് സംസ്ഥാനത്തിന് ലഭിക്കേണ്ടതായിട്ടുമുണ്ട്. ഇതിനൊക്കെ പുറമെ ഓരോ പുതിയ ഫിഷിംഗ് ഹാര്‍ബര്‍, ഫിഷ് ലാന്റിംഗ് സെന്ററിന്റെയും നിര്‍മാണത്തിന് കേന്ദ്രവിഹിതം 25 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ കുറച്ചിരിക്കുകയാണ്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷം മുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ നീല വിപ്ലവം എന്ന പദ്ധതിയുടെ കീഴില്‍ ഉള്‍ക്കൊള്ളിച്ചിരുന്നു. ഇതോടെ വര്‍ഷങ്ങളായി മത്സ്യത്തൊഴിലാളികള്‍ക്ക് ലഭിച്ചുവന്ന ക്ഷേമ പദ്ധതികളായ സമ്പാദ്യസമാശ്വാസ പദ്ധതി, ദേശീയ മത്സ്യത്തൊഴിലാളി ഭവന നിര്‍മാണ പദ്ധതി എന്നിവക്ക് പകരം ഉള്‍നാടന്‍ മത്സ്യബന്ധനത്തിനും അക്വാ കള്‍ച്ചറിനുമാണ് പ്രാമുഖ്യം നല്‍കിയിരിക്കുന്നത്. നീല വിപ്ലവം പദ്ധതി വന്നതോടെ പദ്ധതികളുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടായിട്ടുള്ളത്. ദേശീയ ഭവന നിര്‍മാണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി 800 ഭവനങ്ങള്‍ നിര്‍മിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ പ്രൊപ്പോസല്‍ നല്‍കിയെങ്കിലും 167 ഭവനങ്ങള്‍ നിര്‍മിക്കുന്നതിനാണ് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി കിട്ടിയത്. ഈവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ 142.46 കോടി രൂപയുടെ പ്രൊപ്പോസല്‍ സമര്‍പ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ 11.5 കോടി രൂപക്കുള്ള പ്രൊപ്പോസല്‍ തയ്യാറാക്കി പുനഃസമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കുകയായിരുന്നു. പ്രൊപ്പോസല്‍ പുനഃസമര്‍പ്പിച്ചുവെങ്കിലും കേന്ദ്ര സര്‍ക്കാര്‍ 6.86 കോടി രൂപയുടെ പ്രൊപ്പോസലിന് അംഗീകാരം നല്‍കുകയാണുണ്ടായത്. ഇതില്‍ 6.17 കോടി രൂപയാണ് ലഭിച്ചത്.