അജ്മാന്‍ ക്രീക്കില്‍ മൂന്ന് പുതിയ അബ്ര സ്റ്റേഷനുകള്‍

രണ്ട് ദിര്‍ഹമിന് ജലയാത്ര
Posted on: May 24, 2018 9:14 pm | Last updated: May 24, 2018 at 9:14 pm
അജ്മാന്‍ ക്രീക്കിലെ അബ്ര സര്‍വീസ്

അജ്മാന്‍: എമിറേറ്റിലെ ജലഗതാഗത സംവിധാനങ്ങള്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി മൂന്ന് പുതിയ അബ്ര സ്റ്റേഷനുകള്‍കൂടി തുറന്നു.
അജ്മാന്‍ ക്രീക്കിലൂടെയുള്ള അബ്ര യാത്രക്ക് രണ്ട് ദിര്‍ഹമാണ് ഈടാക്കുക. രാവിലെ ആറു മുതല്‍ വൈകിട്ട് എട്ട് വരെയാണ് അബ്ര സര്‍വീസെന്ന് അജ്മാന്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ടേഷന്‍ കോര്‍പറേഷന്‍ (എ പി ടി സി) സപ്പോര്‍ട് ആന്‍ഡ് പ്രൊജക്ട് ഡവലപ്‌മെന്റ് എക്‌സിക്യുട്ടീവ് ഡയറക്ടര്‍ റഷ അല്‍ ശംസി പറഞ്ഞു. ഓരോ അബ്രയിലും 20 യാത്രക്കാര്‍ക്ക് സഞ്ചരിക്കാം.

ജല ഗതാഗത സംവിധാനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായുള്ള ഒന്നാംഘട്ടത്തില്‍ അല്‍ സൗറ, മത്സ്യ മാര്‍ക്കറ്റ് സ്റ്റേഷനുകള്‍ തുറന്നിരുന്നു. രണ്ടാംഘട്ടത്തില്‍ മുഷിറാഫ്, സാഫിയ, റാശിദിയ്യ എന്നീ പുതിയ മൂന്ന് സ്റ്റേഷനുകളാണ് തുറന്നിരിക്കുന്നത്. അബ്ര സ്റ്റേഷനുകള്‍ക്ക് അടുത്തു തന്നെയാണ് ബസ് സ്റ്റേഷനുകളും.

ജല ഗതാഗതം എമിറേറ്റില്‍ അടുത്തിടെ ഗുണകരമായ കുതിപ്പ് കൈവരിക്കുന്നതിന് കാരണമായെന്ന് റഷ അല്‍ ശംസി വ്യക്തമാക്കി. സേവനങ്ങള്‍ വര്‍ധിപ്പിക്കാന്‍ സുപ്രധാന പദ്ധതികളുണ്ട്. ജലഗതാഗത സംവിധാനങ്ങള്‍ വര്‍ധിപ്പിക്കുന്നത് ജനങ്ങളെ പൊതുഗതാഗത സംവിധാനങ്ങളിലേക്ക് ആകര്‍ഷിപ്പിക്കും. റോഡുകളിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനും കാര്‍ബണ്‍ മലിനീകരണം തടയാനും ജലഗതാഗത സേവനങ്ങള്‍ കാരണമാകുമെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു. പരമ്പരാഗത അബ്രകളാണ് ഇപ്പോള്‍ അജ്മാന്‍ ക്രീക്കില്‍ ഉപയോഗിച്ചുവരുന്നത്. ഇമാറാത്തിന്റെ പൈതൃകത്തിന്റെ ഭാഗമായ ഇത്തരം അബ്രകളില്‍ യാത്രക്കാര്‍ക്ക് മികച്ച സുരക്ഷാ സംവിധാനവും ഒരുക്കിയിട്ടുണ്ടെന്ന് റഷ അല്‍ ശംസി പറഞ്ഞു.