ടീം പ്രഖ്യാപിച്ച അര്‍ജന്റീനക്ക് തിരിച്ചടി; റൊമേറോ ഇല്ല

പരുക്കേറ്റത് പരിശീലന ക്യാമ്പില്‍ വെച്ച്
Posted on: May 24, 2018 6:05 am | Last updated: May 24, 2018 at 12:45 am

ബ്യൂണസ്‌ഐറിസ്: ലോകകപ്പിനുള്ള ടീം പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ അര്‍ജന്റീനക്ക് തിരിച്ചടി. രണ്ട് ലോകകപ്പുകളില്‍ പങ്കെടുത്ത ഒന്നാം ഗോള്‍ കീപ്പര്‍ സെര്‍ജിയോ റൊമേറോ പരുക്ക് കാരണം ടീമില്‍ നിന്ന് പുറത്ത്. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ (എ എഫ് എ) ഇക്കാര്യം സ്ഥിരീകരിച്ചു. ബ്യൂണസ്‌ഐറിസില്‍ പരിശീലനത്തിനിടെയാണ് മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഗോള്‍കീപ്പര്‍ക്ക് കാല്‍മുട്ടിന് പരുക്കേറ്റത്. റഷ്യയില്‍ കളി ആരംഭിക്കും മുമ്പെ റൊമേറോക്ക് ആരോഗ്യം വീണ്ടെടുക്കാനാകില്ലെന്ന് വ്യക്തമാക്കിയ എ എഫ് എ അന്തിമ സ്‌ക്വാഡില്‍ നിന്ന് റൊമേറോയെ നീക്കുകയാണെന്നും അറിയിച്ചു.

അര്‍ജന്റീനക്കായി ഏറ്റവും കൂടുതല്‍ രാജ്യാന്തര മത്സരങ്ങള്‍ കളിച്ച താരമാണ് മുപ്പത്തൊന്നുകാരനായ റൊമേറോ. 2010 ലാണ് റൊമേറോ ആദ്യമായി ലോകകപ്പ് സ്‌ക്വാഡില്‍ ഇടം പിടിച്ചത്. നാല് വര്‍ഷങ്ങള്‍ക്ക് ശേഷം ചാമ്പ്യന്‍ഷിപ്പ് ബ്രസീലില്‍ എത്തിയപ്പോള്‍ റൊമേറോ മെസി നയിച്ച ടീമിന്റെ നെടുംതൂണായിരുന്നു.

2008 ബീജിംഗ് ഒളിമ്പിക്‌സ് സ്വര്‍ണം നേടിയ അര്‍ജന്റീന ടീമംഗമായിരുന്ന റൊമേറോ മൂന്ന് തവണ കോപ്പ അമേരിക്കയിലും ദേശീയ ടീമിന്റെ കുപ്പായമണിഞ്ഞു.

ഇറ്റലിയിലെ സൂപ്പര്‍ താരം പടിക്ക് പുറത്ത്

ഇറ്റാലിയന്‍ സീരി എ ലീഗില്‍ ഇന്റര്‍മിലാന് വേണ്ടി 29 ലീഗ് ഗോളുകള്‍ നേടിയ മൗറോ ഇയാര്‍ഡിക്ക് കോച്ച് ജോര്‍ജ് സംപോളിയുടെ അര്‍ജന്റീന സ്‌ക്വാഡില്‍ ഇടമില്ല. ലീഗിലെ സംയുക്ത ടോപ് സ്‌കോറര്‍ ആണ് ഇയാര്‍ഡി. എന്നിട്ടും താരസമ്പന്നമായ അര്‍ജന്റൈന്‍ സ്‌ക്വാഡില്‍ കയറിപ്പറ്റാന്‍ ഇന്റര്‍മിലാന്‍ സ്‌ട്രൈക്കര്‍ക്ക് സാധിച്ചില്ല. കഴിഞ്ഞ ദിവസം ലാസിയോക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്റര്‍മിലാന് ജയമൊരുക്കി ചാമ്പ്യന്‍സ് ലീഗ് സ്‌പോട് നേടിക്കൊടുത്തത് ഇയാര്‍ഡിയായിരുന്നു. 35 അംഗ പ്രാഥമിക സ്‌ക്വാഡില്‍ ഇയാര്‍ഡി ഉള്‍പ്പെട്ടിരുന്നു. പന്ത്രണ്ട് പേരെ കോച്ച് ഒഴിവാക്കിയപ്പോള്‍ ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറും ഉള്‍പ്പെട്ടത് അതിശയിപ്പിക്കുന്നതായി.

2013 ഒക്ടോബറിലാണ് ഇയാര്‍ഡി അര്‍ജന്റീനക്കായി അരങ്ങേറിയത്. പിന്നീട് നാല് വര്‍ഷത്തോളം ദേശീയ ടീമില്‍ ഇടം ലഭിച്ചില്ല. എന്നാല്‍, ലോകകപ്പ് യോഗ്യതാ റൗണ്ടിലെ അവസാന നാല് മത്സരങ്ങളിലേക്ക് ഇന്റര്‍മിലാന്‍ സ്‌ട്രൈക്കറെ തിരിച്ചുവിളിച്ചു.

സാധ്യതാ സ്‌ക്വാഡില്‍ നിന്ന്
പുറത്തായവര്‍

റേസിംഗ് ക്ലബ്ബിന്റെ താരങ്ങളായ ലോട്ടറോ മാര്‍ട്ടിനെസും റിക്കാര്‍ഡോ സെഞ്ചൂറിയനും സ്‌ക്വാഡില്‍ നിന്ന് പുറത്തായി. ബ്യൂണസ് ഐറിസിലെ നിശാക്ലബ്ബില്‍ കറങ്ങി നടക്കുന്ന ഇവരുടെ ഫോട്ടോ വൈറലായതാണ് സ്ഥാനം നഷ്ടമാക്കിയതെന്ന് റിപ്പോര്‍ട്ടുണ്ട്. നാഹുല്‍ ഗുസ്മാന്‍, ജെര്‍മന്‍ പെസല, റാമിറോ ഫ്യൂനസ് മോറി, ഗ്യുഡോ പിസാറോ, എന്‍സോ പെരെസ്, ഡിയഗോ പെറോട്ടി, ലിയാന്‍ഡ്രോ പരേഡസ്, റോഡ്രിഗോ ബറ്റാഗ്ലിയ എന്നിവരും പുറത്തായി. റഷ്യന്‍ ക്ലബ്ബ് സെനിത് സെന്റ്പീറ്റേഴ്‌സ്ബര്‍ഗിന്റെ താരങ്ങളായ മതിയാസ് ക്രാനെവിറ്റര്‍, എമിലിയാനോ റിഗോനി എന്നിവരും പുറത്തായി. ജര്‍മനിയില്‍ സ്റ്റുട്ഗര്‍ട്ടിന്റെ താരോദയമായ സാന്റിയാഗോ അസ്‌കാസിബറിനും അന്തിമസ്‌ക്വാഡില്‍ ഇടം നേടാനായില്ല. ബൊക്കജൂനിയേഴ്‌സിന്റെ സൂപ്പര്‍ വെറ്ററന്‍സ് ആയ ഫെര്‍നാന്‍ഡോ ഗാഗോക്കും കാര്‍ലോസ് ടെവസിനും സംപോളി അവസാന ലോകകപ്പ് കളിക്കാനുള്ള അവസരം നല്‍കേണ്ടെന്ന് തീരുമാനിച്ചു.

22 അംഗ സ്‌ക്വാഡ് (റൊമേറോയുടെ പകരക്കാരനെത്തിയാല്‍ 23 അംഗ സ്‌ക്വാഡാകും):
ഗോള്‍ കീപ്പര്‍മാര്‍: വിലി കബലെറോ (ചെല്‍സി), ഫ്രാങ്കോ അര്‍മാനി (റിവര്‍പ്ലേറ്റ്).
ഡിഫന്‍ഡേഴ്‌സ്: ഗബ്രിയേല്‍ മെര്‍സാഡോ (സെവിയ്യ), ഫെഡെറികോ ഫാസിയോ (റോമ), നികോളാസ് ഓടമെന്‍ഡി (മാഞ്ചസ്റ്റര്‍ സിറ്റി), മാര്‍കോസ് റോജോ (മാഞ്ചസ്റ്റര്‍ യുനൈറ്റഡ്), നികോളാസ് ടഗ്ലാഫികോ (അയാക്‌സ്), ജാവിയര്‍ മഷെറാനോ (ഹെബെ ഫോര്‍ച്ചുന്‍), മാര്‍കോസ് അക്യുന (സ്‌പോര്‍ട്ടിംഗ് ലിസ്ബന്‍), ക്രിസ്റ്റിയന്‍ അന്‍സാല്‍ഡി (ടൊറിനോ), എഡ്വാര്‍ഡോ സാല്‍വിയോ (ബെന്‍ഫിക്ക).

മിഡ്ഫീല്‍ഡര്‍മാര്‍: എവര്‍ ബനേഗ (സെവിയ്യ), ലുകാസ് ബിഗ്ലിയ (എസി മിലാന്‍), ഏഞ്ചല്‍ ഡി മരിയ (പിഎസ്ജി), ജിയോവാനി ലോ സെല്‍സോ (പിഎസ്ജി), മാനുവല്‍ ലാന്‍സിനി (വെസ്റ്റ്ഹാം), മാക്‌സിമിലിയാനോ മെസ (ഇന്‍ഡിപെന്‍ഡന്റ്).

ഫോര്‍വേഡ്: ലയണല്‍ മെസി (ബാഴ്‌സലോണ), ഗോണ്‍സാലോ ഹിഗ്വെയിന്‍ (യുവെന്റസ്), പോളോ ഡിബാല (യുവെന്റസ്), സെര്‍ജിയോ അഗ്യുറോ (മാഞ്ചസ്റ്റര്‍ സിറ്റി), ക്രിസ്റ്റിയന്‍ പാവൊന്‍ (ബൊക്ക ജൂനിയേഴ്‌സ്).